| Saturday, 2nd August 2025, 5:50 pm

ലണ്ടനിന്റെ ഹൃദയം തകര്‍ത്ത് പടനയിച്ചവന്‍ പടിയിറങ്ങുന്നു; വിരമിക്കല്‍ ദിവസവും പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നും പടിയിറക്കം പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ സണ്‍ ഹ്യുങ് മിന്‍. പുതിയ സീസണില്‍ താന്‍ ടീമിനൊപ്പമുണ്ടാകില്ല എന്ന് ദക്ഷിണ കൊറിയന്‍ ഇതിഹാസം വ്യക്തമാക്കി. ശനിയാഴ്ചയാണ് താന്‍ സ്പര്‍സിനോട് വിട പറയുന്നതായി സണ്‍ അറിയിച്ചത്.

‘ഈ സമ്മറില്‍ ഞാന്‍ ടീം വിടുകയാണ്’ ഞായറാഴ്ച ന്യൂകാസില്‍ യുണൈറ്റഡിനെതിരായ പ്രീ സീസണ്‍ ഫ്രണ്ട്‌ലിക്ക് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സണ്‍ അറിയിച്ചു.

‘എന്റെ ഫുട്‌ബോള്‍ കരിയറില്‍ ഞാനെടുത്ത ഏറ്റവും വിലിയ തീരുമാനമായിരിക്കുമിത്. ഈ ടീമിനൊപ്പം ഫുട്‌ബോള്‍ കളിക്കുകയും പത്ത് വര്‍ഷം ഇവര്‍ക്കൊപ്പമായിരിക്കുകയും ചെയ്തത് ഞാന്‍ ഏറെ അഭിമാനത്തോടെ നോക്കിക്കാണുന്ന നിമിഷങ്ങളാണ്. ഓരോ ദിവസവും എന്റെ ഏറ്റവും മികച്ചത് തന്നെയാണ് ഞാന്‍ ഈ ടീമിന് നല്‍കിയിരിക്കുന്നത്.

കളത്തിനകത്തും പുറത്തും ഞാന്‍ എന്റെ പരമാവധി ഈ ടീമിനായി നല്‍കി. ടീമിനായി യൂറോപ്പ ലീഗ് നേടിക്കൊണ്ട് ഈ ടീമിന് എന്നാല്‍ സാധ്യമാകുന്നത് എല്ലാം ചെയ്തുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ സണ്‍ പറഞ്ഞു.

ക്ലബ്ബ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഇപ്പോള്‍ പടിയിറക്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഹാരി കെയ്ന്‍ സ്പര്‍സില്‍ നിന്നും ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയപ്പോള്‍ തങ്ങള്‍ക്ക് സണ്‍ ഹ്യൂങ് മിന്‍ ഉണ്ടെന്നുള്ള ആത്മവിശ്വാസമായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ സൊണാള്‍ഡോയുടെ പടിയിറക്കത്തോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്.

മൂന്ന് പതിറ്റാണ്ടിന് ശേഷം സ്പര്‍സ് യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയതും സണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. യൂറോപ്പ ലീഗ് കിരീടമാണ് ടീം നേടിയത്. ടീമിന്റെ മൂന്നാം യൂറോപ്പ ലീഗാണിത്, 2007/08 സീസണിന് ശേഷം സ്വന്തമാക്കുന്ന ആദ്യ കിരീടവും! ഇതിന് മുമ്പ് 2008ല്‍ നേടിയ ഫുട്ബോള്‍ ലീഗ് കപ്പാണ് സ്പര്‍സിന്റെ ഷോകെയ്സിലെത്തിയ അവസാന കിരീടം.

എസ്റ്റാഡിയോ ഡെ സാന്‍ മാമ്സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്താണ് സ്പര്‍സ് യൂറോപ്പ ലീഗ് കിരീടമണിഞ്ഞത്.

ക്ലബ്ബ് ചരിത്രത്തില്‍ മാത്രമല്ല, പ്രീമിയര്‍ ലീഗ് ചരിത്രത്തിലും തന്റെ ലെഗസി അടയാളപ്പെടുത്തിയ ശേഷമാണ് സണ്‍ പടിയിറങ്ങുന്നത്. പ്രിമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച ഏഷ്യന്‍ താരം, ഏറ്റവുമധികം ഗോള്‍ നേടിയ ഏഷ്യന്‍ താരം തുടങ്ങി എണ്ണമറ്റ റെക്കോഡുകള്‍ തന്റെ പേരില്‍ കുറിച്ച ശേഷമാണ് സണ്‍ ഹോട്‌സ്പറിനോടും ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിനോടും വിടപറയുന്നത്.

2015ല്‍ ബയേര്‍ ലെവര്‍കൂസനില്‍ നിന്നും സ്പര്‍സിന്റെ തട്ടകത്തിലെത്തിയ താരം പ്രീമിയര്‍ ലീഗില്‍ 454 മത്സരത്തില്‍ കളത്തിലിറങ്ങി. 173 ഗോളുകള്‍ തന്റെ പേരില്‍ കുറിക്കുകയും ചെയ്തു. 2021-22 സീസണിലെ ഗോള്‍വേട്ടക്കാര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും താരം സ്വന്തമാക്കി.

‘പത്ത് വര്‍ഷം മുമ്പ് ഞാന്‍ ആദ്യമായി ടോട്ടന്‍ഹാമിലെത്തിയപ്പോള്‍ മര്യാദയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും സാധിക്കാത്ത ഒരു കൊച്ചുപയ്യനായിരുന്നു. എന്നാലിപ്പോള്‍ കൂടുതല്‍ ശക്തനായ ഒരു മനുഷ്യനായാണ് ഇപ്പോള്‍ ടീം വിടുന്നത്. വിടപറയുന്നത് എപ്പോഴും ശരിയായ സമയത്തായിരിക്കണം, ഇത് ശരിയായ സമയമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ താരം കൂട്ടിച്ചേര്‍ത്തു.

മേജര്‍ ലീഗ് സോക്കര്‍ ടീമായ ലോസ് ആഞ്ചലസ് എഫ്.സിയിലേക്കായിരിക്കും സണ്‍ തട്ടകം മാറ്റുന്നത്. ടീമുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ അന്താരാഷ്ട്ര കരിയറില്‍ നിന്നുള്ള പടിയിറക്കത്തെ കുറിച്ചും സണ്‍ സംസാരിച്ചു. 2026 ലോകകപ്പിന് ശേഷം താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും ബൂട്ടഴിക്കുമെന്നും താരം വ്യക്തമാക്കി.

Content Highlight:  Son Heung-min set to leave Tottenham Hotspur

We use cookies to give you the best possible experience. Learn more