| Friday, 11th September 2026, 2:46 pm

അദ്ദേഹം ഇപ്പോഴും 20 വയസുകാരനെ പോലെയാണ്: പ്രശംസയുമായി സണ്‍

സുദേവ് എ

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് മുന്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ താരം സണ്‍ ഹ്യുങ് മിന്‍. റൊണാള്‍ഡോ എപ്പോഴും തന്റെ ആരാധനാപാത്രമാണെന്നാണ് മുന്‍ സ്പര്‍സ് താരം പറഞ്ഞത്. റൊണാള്‍ഡോക്ക് 41 വയസ് ആണെങ്കിലും ഇപ്പോഴും 20കാരനെ പോലെ തോന്നുന്നുണ്ടെന്നാണ് സണ്‍ പറഞ്ഞത്. ദി ലേറ്റ് വണ്‍ പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു സണ്‍.

‘ഫുട്‌ബോളില്‍ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞാന്‍ എപ്പോഴും ക്രിസ്റ്റ്യാനോയെ തെരഞ്ഞെടുക്കും. കാരണം അദ്ദേഹം എന്റെ ആരാധനാപാത്രമാണ്. അദ്ദേഹത്തിന് 41 വയസ് ആണെങ്കിലും ഇപ്പോഴും 20 വയസുകാരനെ പോലെ തോന്നുന്നു. ഫുട്‌ബോളിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും ആവേശവും വളരെ വ്യക്തമാണ്,’ സണ്‍ പറഞ്ഞു.

റൊണാള്‍ഡോ തന്റെ 41ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ഫുട്‌ബോളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് വേണ്ടി ഈ സീസണിലും കളത്തിലിറങ്ങി ഗോള്‍ വേട്ട തുടരുകയാണ് റൊണാള്‍ഡോ. ഫുട്‌ബോള്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി 25 സീസണുകളിലും ഗോള്‍ നേടുന്ന ആദ്യ താരവും റൊണാള്‍ഡോ തന്നെയാണ്.

ഈ സീസണായിരിക്കും ഫുട്‌ബോളിലെ തന്റെ അവസാന വര്‍ഷമെന്ന് റൊണാള്‍ഡോ തുറന്നു പറഞ്ഞിരുന്നു. നിലവില്‍ ഇതുവരെ 979 ഗോളുകള്‍ നേടിയ റൊണാള്‍ഡോക്ക് 21 ഗോളുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ 1000 ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കും നടന്നുകയറാന്‍ സാധിക്കും.

റൊണാള്‍ഡോ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. 450 തവണയാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിന് വേണ്ടി ലക്ഷ്യം കണ്ടത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് കാലഘട്ടങ്ങളിലായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 145 ഗോളുകളും സ്വന്തമാക്കി. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും സ്‌പോര്‍ട്ടിങ്ങിന് വേണ്ടി അഞ്ച് ഗോളുകളും റൊണാള്‍ഡോ നേടി.

പോര്‍ച്ചുഗലിന് വേണ്ടി 146 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. സൗദി ക്ലബ്ബിന് വേണ്ടി 132 ഗോളുകളും നേടിയാണ് റൊണാള്‍ഡോ കുതിക്കുന്നത്.

Content Highlight: Son Heung Min praise Cristiano Ronaldo

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more