| Monday, 13th July 2026, 10:45 pm

ചിലപ്പോഴൊക്കെ ഒരാള്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് തോന്നും; ഒരു കുഞ്ഞു വേണമെന്ന് തോന്നുന്ന സമയത്തു മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കൂ: ദിവ്യപ്രഭ

ആര്യ.പി

വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകമനസ്സില്‍ ഇടംനേടിയ പ്രതിഭയാണ് ദിവ്യപ്രഭ. ‘ടേക്ക് ഓഫ്’, ‘അറിയിപ്പ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം താരത്തിന് വലിയ രീതിയിലുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും പ്രശംസകളും നേടിക്കൊടുത്തു.

കാന്‍സ് ചലച്ചിത്രമേളയുടെ വേദി വരെ എത്തിനില്‍ക്കുന്ന ദിവ്യപ്രഭ, അടുത്തിടെ പുറത്തിറങ്ങിയ ‘മസ്തിഷ്‌കമരണം’ എന്ന ചിത്രത്തിലെ റോളിലൂടെ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചു. സിനിമയിലെ തന്റെ പുതിയ വിശേഷങ്ങളും ജീവിതത്തോടുള്ള കാഴ്ചപ്പാടുകളും പങ്കുവെക്കുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം.

അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും താരം തുറന്നുപറഞ്ഞു. ഇന്‍ഡിപെന്‍ഡന്റായി ജീവിച്ചു ശീലിച്ചതിനാല്‍ എഗ്രിമെന്റില്‍ ഒപ്പിട്ടുള്ള ഒരു വിവാഹത്തോട് തനിക്ക് താല്പര്യമില്ലെന്ന് ദിവ്യപ്രഭ വ്യക്തമാക്കുന്നു.

‘ഇന്‍ഡിപെന്‍ഡന്റ് ആയി ജീവിച്ചു ഞാന്‍ ശീലിച്ചു. എന്നാലും ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒരാള്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന്. ഒരു കുഞ്ഞു വേണമെന്ന് തോന്നുന്ന സമയത്തു മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കൂ. പാര്‍ട്ണര്‍ഷിപ്പ് ഇഷ്ടപ്പെടുന്നയാള്‍ തന്നെയാണ് ഞാന്‍.

സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോള്‍. അതിനെല്ലാം ഒപ്പം ചേര്‍ന്നു പോകുന്ന പറ്റിയൊരാള്‍ വരുമ്പോള്‍ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെന്റില്‍ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാന്‍ ചെയ്യുമെന്ന് തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാര്‍ട്ണര്‍ വേണം. അത്രേയുള്ളൂ. വീട്ടില്‍ നിന്നും പ്രഷറില്ല. അച്ഛന്‍ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണ് ചെയ്തത്. സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു. അവര്‍ക്കാര്‍ക്കും അറേഞ്ച്ഡ് മാരേജ് പരിചയമേയില്ല.

ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടില്‍. വരുമാനം എന്നുള്ള രീതിയില്‍ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെന്‍ഷനുണ്ടായിരുന്നു അവര്‍ക്ക്. എന്നിട്ടും തീരുമാനങ്ങളില്‍ ഇടപെടാന്‍ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇന്‍ഡിപെന്‍ഡന്റായി ജീവിക്കുന്ന ആളാണ്. സീരിയലിലെ പെര്‍ഫോമന്‍സിന് അവാര്‍ഡ് കിട്ടിയതും ടേക്ക് ഓഫിലെ അംഗീകാരവുമെല്ലാം വളര്‍ച്ചയുടെ ഭാഗമായി കാണുന്നതു കൊണ്ടു തന്നെ, സാവകാശം വളരെ സമാധാനത്തിലായി അവര്‍,’ ദിവ്യപ്രഭ പറഞ്ഞു.

കാന്‍സ് ചലച്ചിത്രമേളയില്‍ പങ്കെടുത്ത ചിത്രം ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ ഓര്‍മ്മകളും താരം പങ്കുവെച്ചു. മുംബൈയില്‍ വെച്ച് ആദ്യമായി കണ്ടപ്പോള്‍ ചിത്രത്തിന്റെ സംവിധായിക പായല്‍ കപാഡിയയ്ക്ക് തന്നില്‍ ഒരു കുട്ടിത്തമാണ് തോന്നിയതെന്നും, അതിനുശേഷമാണ് ആദ്യം നിശ്ചയിച്ചിരുന്ന റോളില്‍ നിന്നും മാറ്റി മറ്റൊരു വേഷം തനിക്ക് നല്‍കിയതെന്നും ദിവ്യപ്രഭ ഓര്‍ക്കുന്നു.

‘അറിയിപ്പില്‍’ ഞാന്‍ കണ്ട ആളാണ് ഇതെന്ന് തോന്നുന്നേയില്ല. കുറച്ചു കൂടെ കുട്ടിത്തമുണ്ടല്ലോ എന്നാണ് മുംബൈയില്‍ വച്ച് ആദ്യമായി നേരില്‍കണ്ടപ്പോള്‍ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ സംവിധായിക പായല്‍ പറഞ്ഞത്. ഓഡിഷനില്‍ കനി ചെയ്ത കഥാപാത്രമായിരുന്നു ആദ്യം എനിക്കു വേണ്ടി കരുതിയിരുന്നത്. പിന്നീട് പായല്‍ അതു മാറ്റിത്തരികയായിരുന്നു. കാന്‍സിലെ ഓരോ മൊമെന്റും ഇന്നും കണ്‍മുന്നിലുണ്ട്,’ ദിവ്യപ്രഭ പറഞ്ഞു.

ഇനി ജീവിതത്തില്‍ വലിയ രണ്ട് ആഗ്രഹങ്ങളാണ് ഉള്ളതെന്നും താരം പറഞ്ഞു. അതിലൊന്ന് മരിക്കുന്നതിന് മുന്‍പ് മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമയിലെയെങ്കിലും അഭിനയിക്കണം എന്നതാണെന്നും ദിവ്യപ്രഭ പറയുന്നു.

‘ഇനി ആഗ്രഹമുള്ളത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഞാന്‍ മരിക്കുന്നതിനു മുന്‍പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കണം. രണ്ട്, ഞാന്‍ പ്രധാന ക്രൗഡ് പുള്ളറാകുന്നത്ര പ്രാധാന്യമുള്ള റോളില്‍ കമേഴ്‌സ്യല്‍ സിനിമയില്‍ അഭിനയിക്കണം. മനസ്സു കൊണ്ട് സ്ഥിരമായിട്ട് മുന്‍പോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. പഴയകാര്യങ്ങള്‍ അധികം മനസ്സില്‍ വയ്ക്കാറില്ല,’ ദിവ്യപ്രഭ പറഞ്ഞു.

Content Highlight:  Sometimes I feel like I wish someone were there with me says Actress Divya Prabha

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more