| Tuesday, 9th September 2025, 9:57 am

സിനിമ കണ്ട് സൂര്യയും ജ്യോതികയും വിളിച്ചു, ഒരുപാട് സന്തോഷം: ലോകഃയുടെ വിജയത്തിൽ നസ്‌ലെൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ സകല റെക്കോഡുകളും തകർക്കാൻ വേണ്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോകഃ. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ഓണത്തിന് എത്തിയ ചിത്രം 150 കോടിയും കടന്ന് കുതിക്കുകയാണ്. ഈ വർഷത്തെ മൂന്നാമത്തെ 200 കോടി കളക്ഷൻ ചിത്രം സ്വന്തമാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

വേഫറർ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ ചിത്രമായാണ് ലോകഃ ഒരുങ്ങിയത്. മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത സൂപ്പർഹീറോ ഴോണറിലെത്തിയ ചിത്രം ഓണം റിലീസുകളിൽ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കുതിക്കുന്നത്. ഡൊമിനിക് അരുണാണ് ലോകഃ എന്ന ചിത്രം അണിയിച്ചൊരുക്കിയത്.

ഡൊമിനിക്കിന്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യചിത്രമായ തരംഗത്തിന് ശേഷം എട്ട് വർഷം കഴിഞ്ഞാണ് ലോകഃ ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് നസ്‌ലെൻ. സണ്ണി എന്ന കഥാപാത്രമായിട്ടാണ് നസ്‌ലെൻ ചിത്രത്തിൽ വേഷമിടുന്നത്. ലോകഃയിലെ വേഷത്തിലും ചിത്രത്തിന്റെ വിജയത്തിലും താൻ ഒരുപാട് സന്തോഷത്തിലാണെന്ന് പറയുകയാണ് നസ്‌ലെൻ.

‘ഒരുപാട് സന്തോഷത്തിലാണിപ്പോൾ. ആശ്ചര്യമാണ് തോന്നുന്നത്. ജീവിതത്തിൽ എന്തൊക്കെയോ നടക്കുന്നു. ജീവിതം എവിടെയൊക്കെയോ പോയിക്കൊണ്ടിരിക്കുകയാണ്. സൂര്യ സാറും ജ്യോതിക മാമും വീഡിയോ കോൾ ചെയ്ത് സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. എനിക്ക് ജീവിതത്തിൽ സംഭവിക്കുന്നതിനൊക്കെ ഞാൻ നന്ദിയുള്ളവനാണ്’ നസ്‌ലെൻ പറയുന്നു.

കരിയറില്‍ ഇതുവരെ എത്തി നില്‍ക്കുമ്പോള്‍ ടെന്‍ഷന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്നും ആളുകളെ ഫേസ് ചെയ്യുന്നതിലും ക്രൗഡുമായി ഇടപെടുന്നതിലുള്ള പേടി കുറഞ്ഞിട്ടുണ്ടെന്നും നടൻ പറയുന്നു. കരിയറില്‍ വന്ന മാറ്റങ്ങള്‍ താന്‍ പോലും അറിയാതെ വന്നതാണെന്നും കൂട്ടിച്ചേർത്തു.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെത്തിയ നസ്‌ലെൻ ഇന്ന് മലയാളത്തിലെ പ്രധാന താരങ്ങളിലൊന്നാണ്. പ്രേമലു എന്ന ചിത്രത്തിലൂ‌‌ടെ പാൻ ഇന്ത്യയിൽ അറിയപ്പെടാൻ താരത്തിന് കഴി‍ഞ്ഞിട്ടുണ്ട്. താൻ ആദ്യം ഡൊമിനിക് അരുണിനോട് സംസാരിച്ചത് മറ്റൊരു പ്രൊജക്റ്റിന് വേണ്ടിയായിരുന്നെന്നും എന്നാൽ അത് നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോകഃയുടെ കഥ കേട്ട് കഴിഞ്ഞപ്പോൾ വളരെ ഇൻഡ്രസ്റ്റിങ്ങായി തോന്നിയെന്നും അത്രയും എക്‌സൈറ്റ് ചെയ്യിച്ചുവെന്നും പറഞ്ഞിരുന്നു.

Content Highlight: Something happens in life, it’s surprising: Naslen on Lokah’s success

We use cookies to give you the best possible experience. Learn more