കൊച്ചി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ആരൊക്കയോ ശ്രമിക്കുന്നുണ്ടെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ് ഛത്തീസ്ഗഡില്‍വെച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവമെന്നും ഇതിനെതിരെ സഭയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുമെന്നും തെരുവിലേക്കിറങ്ങുമെന്നും പാംപ്ലാനി പറഞ്ഞു.
ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം സത്യമല്ലെന്നും മത പരിവര്‍ത്തന നിരോധന നിയമം കിരാത നിയമമാണെന്നും പാംപ്ലാനി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളാണ് ഈ നിയമത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നത്.
തങ്ങള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് മൃദുസമീപനം ഉണ്ടെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ പീഡനങ്ങള്‍ മതേതരത്വത്തിന് എതിരാണ്. ആരാണ് ആക്രമിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ആദ്യപ്രതികരണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ഡിയോ സായിയും രംഗത്ത് എത്തിയിരുന്നു. പെണ്‍കുട്ടികളെ വഞ്ചിച്ച് വലയില്‍ കുടുക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നും വിഷയം നിലവില്‍ കോടതിയുടെ പരിഗണനയില്‍ ആണെന്നുമാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞത്.
ജോലി വാഗ്ദാനം ചെയ്താണ് കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ നിന്ന് മൂന്ന് ആദിവാസി പെണ്‍കുട്ടികളെ കൊണ്ടുപോയത്. നഴ്സിങ് പരിശീലനവും ജോലി അവസരങ്ങളും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് കൊണ്ടുപോയത്. നടന്നത് ഗുരുതരമായ മനുഷ്യക്കടത്തും മതപരിവര്‍ത്തനമാണെന്നും വിഷ്ണു ഡിയോ സായി എക്സില്‍ കുറിച്ചു.
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും ഈ വിഷയത്തില്‍ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.സി.ബി.സി പ്രതികരിച്ചു.
ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും കാണാത്ത പ്രത്യേകതയാണ് ചില സംസ്ഥാനങ്ങളില്‍ കാണുന്നത്. ഛത്തീസ്ഗഢിലും മറ്റ് സമാനമായ സംസ്ഥാനങ്ങളിലും ഇങ്ങനെയുള്ള വെല്ലുവിളികള്‍ വര്‍ധിക്കുകയാണെന്നും കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് അഭിപ്രായപ്പെട്ടു. അതിനാല്‍ അധികൃതര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Someone is trying to make it seem like the country’s minorities are not safe: Mar Joseph Pamplani