| Wednesday, 3rd September 2014, 11:31 am

പാര്‍വതിക്ക് മോളിവുഡില്‍ മുഖം കാണിക്കണം: റിസ്‌ക് ആര് ഏറ്റെടുക്കും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബോളിവുഡിലും കോളിവുഡിലും മുഖം കാണിച്ചെങ്കിലും മലയാള സിനിമയില്‍ ഒന്ന് മുഖം കാണിക്കുകയെന്ന പാര്‍വതിയുടെ മോഹം ഇപ്പോഴും അങ്ങനെ തന്നെ കിടക്കുകയാണ്. മലയാളത്തില്‍ തന്നെ അഭിനയിപ്പിക്കാന്‍ ഒരു സംവിധാകരും തയ്യാറാവുന്നില്ലെന്നാണ് പാര്‍വതിയുടെ പരാതി. തനിക്ക് മലയാളികളെ സ്വാധീനിക്കാന്‍ കഴിയില്ല അല്ലെങ്കില്‍ അഭിനയിക്കാനറിയില്ല എന്നാണ് പല സിനിമാക്കാരുടെയും ധാരണ. അതുകൊണ്ട് തന്നെ അഭിനയിപ്പിക്കുകയെന്ന റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറായ സംവിധായകനെ കാത്തിരിക്കുകയാണെന്നും പാര്‍വ്വതി പറയുന്നു.

ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതി തന്റെ മനസ് തുറന്നത്. കേരളത്തില്‍ ജനിച്ച് മുംബൈയില്‍ വളര്‍ന്ന തനിക്ക് കേരളം ജന്മഭൂമിയും മുംബൈ കര്‍മഭൂമിയുമാണ്. ഇന്ന് തന്റെ നേട്ടങ്ങളുടെയെല്ലാം കടപ്പാട് കേരള വേരുകളോടാണെന്നും പാര്‍വതി വ്യക്തമാക്കി.

പൃഥ്വിരാജിന്റെ വലിയ ആരാധികയാണ് താന്‍. ദുല്‍ഖര്‍, ഫഹദ് എന്നീ പുതുനായകന്മാരെല്ലാം മലയാളത്തില്‍ തകര്‍ക്കുകയാണ്. ഇവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും മുന്‍ മിസ് ഇന്ത്യ കൂടിയായ നടി വ്യക്തമാക്കി.

മലയാള നടിമാരില്‍ പ്രിയം മഞ്ജുവിനോടാണ്. തന്റെ രൂപം മലയാള സിനിമയ്ക്ക് പറ്റിയതാണെന്ന് വിശ്വസിക്കുന്നില്ല. ഇപ്പോഴത്തെ പുതുമുഖ നായികമാരില്‍ പലരും നല്ല പൊക്കമുള്ളവരാണെന്നും പാര്‍വ്വതി അഭിപ്രായപ്പെട്ടു.

അഭിനേതാക്കളെ മലയാളി, തമിഴര്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് അവസാനിപ്പിക്കണം. കേരളത്തിലെ അഭിനേതാക്കള്‍ക്ക് പ്രതികൂലമായി ഒന്നുമില്ല. ബോളിവുഡില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ വിദ്യാബാലന് കഴിഞ്ഞിട്ടുണ്ട്. അതുപോലെ ദേശീയ അവാര്‍ഡ് നേടാന്‍ ശോഭനയ്ക്കും ആയി. ബോളിവുഡില്‍ തിളങ്ങാന്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും പൃഥ്വിരാജിനും സാധിച്ചു. അതിനാല്‍ പ്രതികൂല സാഹചര്യമല്ല, പുതിയ വീഥികള്‍ കണ്ടെത്താനുള്ള കഴിവില്ലാത്തതാണ് പ്രശ്‌നമെന്നും പാര്‍വ്വതി തുറന്നടിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more