| Monday, 11th May 2026, 5:40 pm

മകന്‍ പെണ്ണിനെയും കൊണ്ട് വീട്ടിലേക്ക് വന്നാല്‍ കുഴപ്പമില്ല, മകള്‍ സിനിമക്ക് പോയാലാണ് കുഴപ്പം, വാഴ 2ലെ സീനുകള്‍ക്ക് വിമര്‍ശനം

അമര്‍നാഥ് എം.

ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തുനടക്കുന്ന പിള്ളേര്‍ക്കും ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാനാകുമെന്ന് തെളിയിച്ച ചിത്രമാണ് വാഴ 2. നവാഗത സംവിധായകനായ സവിന്‍ സാ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ പുതുമുഖങ്ങളായ ഹാഷിറും സംഘവുമാണ് ലീഡ് റോളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ 200 കോടിയിലേറെ നേടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്തത്. തിയേറ്ററിലേതു പോലെ മികച്ച സ്വീകരണമാണ് ഒ.ടി.ടിയിലും വാഴ 2ന് ലഭിക്കുന്നത്. എല്ലാ ത്ം പ്രേക്ഷകര്‍ക്കും ഒരുപോലെ കണക്ടാകുന്ന തരത്തിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയത്. എന്നാല്‍ ചിത്രത്തില്‍ ലോജിക്കില്ലാത്ത ചില രംഗങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ അരങ്ങേറുകയാണ്.

വാഴ 2 Photo: Screen grab/ Think Music India

അലന്റെ കഥാപാത്രത്തെ സുന്നത്ത് ചെയ്യിക്കാന്‍ സുധീഷ് അവതരിപ്പിച്ച വാപ്പയുടെ കഥാപാത്രം ട്രാപ് സെറ്റ് ചെയ്തുവെച്ച സിനാണ് ചര്‍ച്ചയായിരിക്കുന്നത്. മകനും കൂട്ടുകാരും മാത്രം വീട്ടിലുള്ളപ്പോള്‍ അവനെ പൊക്കാനായി ബിജുക്കുട്ടന്റെയും സുധീഷിന്റെയും കഥാപാത്രം കാത്തിരിക്കുന്നുണ്ട്. മകന്‍ സി.ഡിയുമായി വരുമെന്ന് കരുതിയ ഷിയാസ് കാണുന്നത് ബൈക്കില്‍ ഒരു പെണ്‍കുട്ടിയെയും കൊണ്ടുവരുന്നതാണ്.

അവിടെ ഈ കഥാപാത്രം ചെറുതായി ഞെട്ടുന്നത് മാത്രമേയുള്ളൂ. എന്നാല്‍ പിന്നീട് ഇതേ കഥാപാത്രം തന്റെ മകള്‍ ചെയ്യുന്ന തെറ്റിന് മറ്റൊരു രീതിയിലാണ് പ്രതികരിക്കുന്നത്. ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോയ അശ്‌നയെ സ്‌കൂളിലെ ടീച്ചര്‍മാര്‍ പൊക്കുന്ന സീനില്‍ അയാള്‍ നല്‍കുന്ന റിയാക്ഷനാണ് വിമര്‍ശിക്കപ്പെടുന്നത്.

വാഴ 2 Photo: Screen grab/ Jio Hotstar

പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് ചെയ്തതെന്ന തരത്തിലാണ് അയാള്‍ മകളോട് പിന്നീട് പെരുമാറുന്നത്. സ്‌കൂളിലെ സംഭവത്തിന് ശേഷം അച്ഛന്‍ അശ്‌നയോട് അധികം മിണ്ടുന്നതായി കാണിക്കുന്നില്ല. കേരളത്തിന് പുറത്ത് കോഴ്‌സ് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അശ്‌ന പറയുമ്പോഴും അയാള്‍ മകളെ വിടുന്നില്ലെന്നും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

ആരുമില്ലാത്ത വീട്ടിലേക്ക് ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്ന മകനെ വിദേശത്ത് വിട്ട് പഠിപ്പിക്കുന്ന അതേ ആള്‍ തന്നെയാണ് മകള്‍ ചെയ്ത ചെറിയ തെറ്റിന്റെ പേരില്‍ അവളെ ക്രൂശിക്കുന്നത്. വളരയെധികം ഇമോഷണല്‍ കണക്ഷന്‍ തോന്നുമ്പോഴും ചിത്രത്തില്‍ ഇതുപോലെ ഇരട്ടത്താപ്പ് കാണിക്കുന്ന സീനുകള്‍ ധാരാളമുണ്ടെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

വാഴ 2 Photo: Screen grab/ Jio Hotstar

കൂട്ടുകാരന്റെ പെങ്ങളെ സ്‌നേഹിക്കുന്നവനെ ബാത്ത്‌റൂമില്‍ വെച്ച് ഇടിക്കുന്ന ഹാഷിറും അലനും പിന്നീട് മറ്റൊരു പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നുണ്ട്. ഷൈനയുടെ ആങ്ങളയും കൂട്ടുകാരും ചോദ്യം ചെയ്യുമ്പോള്‍ ഹാഷിര്‍ അവരുമായും അടിക്ക് പോവുന്നതായാണ് കാണിക്കുന്നത്. ഇത്തരത്തിലുള്ള ഇരട്ടത്താപ്പുകള്‍ ഒ.ടി.ടി റിലീസിന് ശേഷം ചോദ്യം ചെയ്യപ്പെടുകയാണ്.

Content Highlight:  Some scenes in Vaazha 2 getting criticisms after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more