| Friday, 20th February 2026, 7:14 pm

ചൂടിനല്‍പ്പം ആശ്വാസം; കേരളത്തില്‍ നാളെ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ശനി) ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഞായറാഴ്ചയും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ ഫെബ്രുവരി 20 മുതല്‍ 24 വരെയുള്ള തീയതികളില്‍ നേരിയ/ഇടത്തരം മഴയ്ക്കും 21, 22 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞുവെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

21, 22 തീയതികളില്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍പാടില്ലെന്നും അറിയിപ്പുണ്ട്.

ഇതേ ദിവസം കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ വീശുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത.

കേരളത്തില്‍ എല്ലാ ജില്ലകളിലും താലൂക്ക്, ജില്ലാ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlight: latest weather updates in kerala

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more