[]തിരുവനന്തപുരം: തന്നെ ക്രൈസ്തവ തീവ്രവാദിയാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്ന് മുന്‍ ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ്. തനിക്കെതിരെ വധ ഭീഷണിയുണ്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ് ആരോപിച്ചു.
14 വര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ച മെല്‍വിന്‍ പാദുവ എന്നയാള്‍ കന്യാസ്ത്രീ ആയിരുന്ന സ്ത്രീയെ വിവാഹം കഴിച്ചതോടെ അയാളുടെ ശിക്ഷാ കാലാവധി നിയമ വിരുദ്ധമായി നീട്ടിയെന്ന ആരോപണം തനിക്കെതിരെ നിലനില്‍ക്കവേയാണ് അലക്‌സാണ്ടര്‍ ജേക്കബിന്റെ വിശദീകരണം വന്നിരിക്കുന്നത്.
തന്നെ ഒരു ക്രൈസ്തവ തീവ്രവാദിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തന്നെ കൊല്ലുമെന്ന ഭീഷണിയുമായി ടെലിഫോണ്‍ കോള്‍ വന്നിരുന്നു. ഇക്കാര്യം താന്‍ സഹപ്രവര്‍ത്തകരെയെല്ലാം അറിയിച്ചിരുന്നു.
താന്‍ സംസ്ഥാന പോലീസ് മേധാവിയാകുന്നത് തടയാനുള്ള നീക്കങ്ങളും നടന്ന് വരുന്നു. നിലവിലുള്ള പോലീസ് മേധാവി വിരമിച്ചാല്‍ സീനിയോറിറ്റി അനുസരിച്ച് തനിക്കാണ് അവസരം. ഇത് തടയാന്‍ വേണ്ടിയാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ഫെയ്‌സ്ബുക്ക് വിവാദം.
തനിക്കെതിരെയുള്ള ഗൂഢാലോചനയില്‍ ഒരു രാജ്യാന്തര കുടിവെള്ള കമ്പനിക്ക് കൂടി പങ്കുണ്ട്- അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
അലക്‌സാണ്ടര്‍ ജേക്കബിനോട് ദൈവം പകരം ചോദിക്കുമെന്ന് കഴിഞ്ഞ ദിവസം ജയില്‍ മോചിതനായ മെല്‍വിന്‍ പാദുവ പറഞ്ഞിരുന്നു.