സോഷ്യല്‍ മീഡിയക്ക് തീയിടുന്നതുപോലെയാണ് അമല്‍ നീരദിന്റെ സിനിമകള്‍ അനൗണ്‍സ് ചെയ്യുന്നത്. എപ്പോള്‍ വന്നാലും സിനിമാപ്രേമികളുടെയെല്ലാം പ്രധാന ചര്‍ച്ചാവിഷയമായി അമല്‍ നീരദിന്റെ സിനിമകള്‍ മാറാറുണ്ട്. കഴിഞ്ഞദിവസം അമല്‍ തന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരുന്നു.
അമലിന്റെ കരിയറില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സീക്വലാണ് അനൗണ്‍സ് ചെയ്തത്. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയല്ലെന്നും പുതിയ കഥയും കഥാപാത്രങ്ങളുമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ കഥയെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചു.
എന്നാല്‍ ബാച്ച്‌ലര്‍ പാര്‍ട്ടി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് കലാഭവന്‍ മണി അവതരിപ്പിച്ച അയ്യപ്പന്‍ എന്ന കഥാപാത്രമാണെന്ന് അഭിപ്രായപ്പെടുകയാണ് ഒരുകൂട്ടം സിനിമാപ്രേമികള്‍. രണ്ടാം ഭാഗത്തില്‍ ഏറ്റവുമധികം മിസ് ചെയ്യാന്‍ പോകുന്നത് മണിയെയായിരിക്കുമെന്നും അയ്യപ്പനില്ലാതെ പാര്‍ട്ടിക്ക് ഗുമ്മുണ്ടാകില്ലെന്നുമാണ് പല പോസ്റ്റുകളും.
കലാഭവന്‍ മണിയുടെ കരിയറിലെ ഏറ്റവും സ്‌റ്റൈലിഷായ കഥാപാത്രമായിരുന്നു അയ്യപ്പന്‍. റഫ് ആന്‍ഡ് ടഫ് ലുക്കും അമല്‍ നീരദിന്റെ സിഗ്നേച്ചര്‍ ഐറ്റമായ വണ്‍ ലൈന്‍ പഞ്ച് ഡയലോഗുമെല്ലാം കലാഭവന്‍ മണിയില്‍ ഭദ്രമായിരുന്നു. ഗ്യാങ്ങിന്റെ ലീഡറും അയ്യപ്പനായിരുന്നു.
ആദ്യ ഭാഗത്തിന്റെ സ്പിരിച്വല്‍ സീക്വലായാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ ഒരുങ്ങുന്നത്. നസ്‌ലെന്‍, സൗബിന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, സജിന്‍ ഗോപു തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ടൊവിനോ, കുഞ്ചാക്കോ ബോബന്‍ എന്നീ താരങ്ങള്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
കൊച്ചിയാണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷന്‍. ബോഗെയ്ന്‍വില്ലക്ക് ശേഷം അമല്‍ നീരദ് ബിലാലാകും ഒരുക്കുക എന്ന് കരുതിയ ആരാധകര്‍ക്ക് ലഭിച്ച വമ്പന്‍ ട്വിസ്റ്റായിരുന്നു ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ അനൗണ്‍സ്‌മെന്റ്. അമല്‍ നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Some posts saying they will miss Kalabhavan Mani in Bachelor Party Deux