ഓണത്തിന് തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് ബെത്‌ലഹേം കുടുംബയൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ്. പലയിടത്തും ഷോകളുടെ എണ്ണം കൂട്ടിയിട്ടും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറുമെന്നാണ് കണക്കുകൂട്ടല്‍.
എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകര്‍ക്കും റിലേറ്റാകുന്ന കഥാപരിസരമാണ് ചിത്രത്തിന്റേത്. അങ്കമാലി കറുകുറ്റിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയെ ചുറ്റിപ്പറ്റി നടക്കുന്ന കഥ പലര്‍ക്കും വളരെയധിക സ്വീകാര്യമായി. സിനിമ അവസാനിച്ചാലും ചില കഥാപാത്രങ്ങള്‍ മനസില്‍ തങ്ങിനില്‍ക്കുമെന്നാണ് പലരുടെയും കമന്റുകള്‍.
അത്തരത്തില്‍ പ്രേക്ഷകരുടെ മനസ് കവര്‍ന്നയാളാണ് സംഗീത് പ്രതാപ്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിക്കൊപ്പം സംഗീത് ചേര്‍ന്നപ്പോള്‍ ഗംഭീര കഥാപാത്രമാണ് ലഭിച്ചത്. നിവിന്‍ അവതരിപ്പിച്ച ജസ്റ്റിന്റെ സഹോദരന്‍ ജോയലായാണ് സംഗീത് പ്രത്യക്ഷപ്പെട്ടത്. നിവിന്‍- സംഗീത് കോമ്പോയുടെ ഫ്രഷ്‌നസ്സ് നല്ലതായിരുന്നു. ചില കൗണ്ടറുകളും വണ്‍ലൈനുകളും കൊണ്ട് സംഗീത് നിറഞ്ഞുനിന്നു.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. സംഗീതിന് പകരം ഈ റോള്‍ നസ്‌ലെന്‍ ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ എന്നാണ് ഒരുകൂട്ടമാളുകള്‍ അഭിപ്രായപ്പെടുന്നത്. നിവിനുമായി ഇതുവരെ സ്‌ക്രീന്‍ ഷെയര്‍ ചെയ്തിട്ടില്ലാത്ത നസ്‌ലെന്‍ ബെത്‌ലഹേമില്‍ ആദ്യാവസാനം സ്‌കോര്‍ ചെയ്യുമെന്ന് ചിലര്‍ കമന്റുകള്‍ പങ്കുവെക്കുന്നു.
എന്നാല്‍ നസ്‌ലെന്‍ ഈ വേഷം ചെയ്തിരുന്നെങ്കില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായി മാറിയേനെയെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. സംഗീത് തന്നെയേല്പിച്ച വേഷം ഗംഭീരമായി ചെയ്തിട്ടുണ്ടെന്നും കോമഡിയിലും ഇമോഷണല്‍ സീനുകളിലും കൈയടി നേടിയിട്ടുണ്ടെന്നും കമന്റുകളുണ്ട്.
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ ഷോര്‍ട്ട് ഫിലിമും പ്രേമവുമായി നടക്കുന്നയാളാണ് ചിത്രത്തിലെ ജോയല്‍. അമല്‍ ഡേവിസില്‍ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങള്‍ ജോയലിനുണ്ട്. സ്പൂഫ് ഡയലോഗുകളിലെല്ലാം അപാര സ്‌കോറിങ്ങാണ് സംഗീതിന്റേത്. നിവിനൊപ്പമുള്ള ഇമോഷണല്‍ സീനിലും സംഗീത് മികച്ചുനിന്നു. ഈ കഥാപാത്രത്തില്‍ ഇനിയൊരു റീപ്ലേസിങ്ങിന്റെ ആവശ്യമില്ലെന്നും ഇത്തരം ചര്‍ച്ചകള്‍ വേണ്ടെന്നുമാണ് പലരുടെയും അഭിപ്രായം.
Content Highlight: Some posts saying Naslen would’ve been better in Sangeeth’s role in Bethlehem Kudumba Unit