കളക്ഷനില്‍ അധികം മുന്നേറ്റം നടത്തുന്നില്ലെങ്കിലും ശക്തമായ കണ്ടന്റുകളുള്ള സിനിമകള്‍ ഇപ്പോള്‍ കോളിവുഡില്‍ സ്വീകരിക്കപ്പെടുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമിതമായ ബജറ്റും തട്ടിക്കൂട്ട് കാമിയോയും സെക്കന്‍ഡ് പാര്‍ട്ട് സ്‌കാമുമൊക്കെയായി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച ഇന്‍ഡസ്ട്രിയായിരുന്നു കോളിവുഡ്.
എന്നാല്‍ ഈ വര്‍ഷം ഒരുപിടി ഗംഭീര സിനിമകള്‍ തമിഴില്‍ നിന്ന് വരികയും എല്ലാം പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ്. സൂപ്പര്‍താര സിനിമകളെക്കാള്‍ മറ്റ് ഇന്‍ഡസ്ട്രികള്‍ ഇത്തരം ചെറിയ സിനിമകളാണ് കൂടുതലും ചര്‍ച്ച ചെയ്യുന്നത്. ‘കോളിവുഡ് ഈസ് ഹീലിങ്’ എന്നാണ് ഇത്തരം സിനിമകളുടെ റിലീസിന് പിന്നാലെ പലരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ഇതിന് കാരണം വിജയ് സിനിമാലോകത്തുനിന്ന് വിടവാങ്ങിയതുകൊണ്ടാണെന്ന് ഒരുകൂട്ടമാളുകള്‍ അഭിപ്രായപ്പെടുന്നു. വിജയ് സിനിമയില്‍ ഉണ്ടായിരുന്ന കാലത്ത് നല്ല സിനിമകള്‍ക്ക് പോലും നെഗറ്റീവ് റിവ്യൂ നല്‍കി പരാജയപ്പെടുത്താന്‍ താരത്തിന്റെ പി.ആര്‍ ടീം ശ്രമിക്കാറുണ്ടായിരുന്നെന്നും ഇപ്പോള്‍ അത് കാണാനില്ലെന്നുമാണ് റെഡ്ഡിറ്റ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പലരും അഭിപ്രായപ്പെടുന്നത്.
ഈ വര്‍ഷം വിജയ്‌യുടെ ജന നായകന്‍ തിയേറ്ററുകളിലെത്തിയെങ്കിലും ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയപ്പെടുകയായിരുന്നു. 300 കോടിയിലേറെ കളക്ഷന്‍ നേടിയെങ്കിലും നിര്‍മാതാവിന് ഒരു ലാഭവും ചിത്രം സമ്മാനിച്ചില്ല. അതേ സമയം വലിയ ഹൈപ്പൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ സൂര്യയുടെ കറുപ്പ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ് പോലുള്ള ചിത്രങ്ങള്‍ വിജയം സ്വന്തമാക്കി.
ചെറിയ സിനിമകളായ തലൈവര്‍ തമ്പി തലൈമയില്‍, തായ് കിഴവി, യൂത്ത് തുടങ്ങിയ ചിത്രങ്ങള്‍ 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ലോകേഷ് ആദ്യമായി നായകനായ ഡി.സി, അര്‍ജുന്‍ നായകനായ ബ്ലാസ്റ്റ്, സൂരിയുടെ മണ്ടാടി എന്നീ ചിത്രങ്ങള്‍ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. കളക്ഷനില്‍ അത്രക്ക് മുന്നേറാന്‍ സാധിച്ചില്ലെങ്കിലും ഡൊറോത്തി, ബത്ത, മൊത രാത്രി പോലുള്ള സിനിമകള്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയാവുകയും ചെയ്തു.
വിജയ് സിനിമയില്‍ നിലനിന്നിരുന്ന കാലത്ത് ഇത്തരം സിനിമകള്‍ ബോക്‌സ് ഓഫീസില്‍ അധികം മുന്നേറിയിരുന്നില്ല. ബിഗ് ബജറ്റ് സിനിമകള്‍ക്ക് പലപ്പോഴും ആദ്യദിനം തന്ന നെഗറ്റീവ് റിവ്യൂ വരുന്ന പതിവും ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
വിജയ് എന്ന താരത്തിന്റെ പിന്‍വാങ്ങല്‍ കൊമേഷ്‌സ്യല്‍ രീതിയില്‍ കോളിവുഡിന് തിരിച്ചടിയാണ്. രജിനി അധികം സിനിമകള്‍ ചെയ്യാതിരിക്കുന്നതും അജിത് റേസിങ്ങിന് പ്രാധാന്യം നല്‍കുന്നതും ഇന്‍ഡസ്ട്രിക്ക് ക്ഷീണമാണെന്ന് പലരും കണക്കുകൂട്ടുന്നു. എന്നാല്‍ ഈ തിരിച്ചടിയില്‍ തളരാതെ മോളിവുഡിനെപ്പോലെ കണ്ടന്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് തമിഴ് സിനിമ മാറുമെന്നാണ് പലരുടെയും പ്രതീക്ഷ.
Content Highlight: Some posts saying Kollywood is healing because of Vijay’s retirement