| Tuesday, 19th August 2025, 4:21 pm

കേരളത്തിന്റെ ആരോ​ഗ്യരം​ഗം തകർക്കണമെന്ന വാശിയാണ് ചിലർക്ക്; എന്നാൽ കേരളം എത്രയോ മുന്നിൽ: തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ആരോ​ഗ്യ സംവിധാനത്തെ താറടിച്ചുകാണിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് മുതിർന്ന സി.പി. ഐ. എം നേതാവും കേന്ദ്രകമ്മിറ്റി അം​ഗവുമായ ഡോ. തോമസ് ഐസക്. എന്നാൽ കേരളത്തിലെ ആരോ​ഗ്യ സൂചികയിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ എത്രയോ മുന്നിലാണെന്നും പൊതു ആരോഗ്യ സംവിധാനത്തെ തകർക്കണമെന്ന വാശി ചിലർക്കുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പഴയ കെട്ടിടം തകർന്നു വീണു, ചികിത്സാ പിഴവുകൾ ഉണ്ടായി എന്നത് നിമിത്തങ്ങൾ മാത്രമാണെന്നും ഏത് ആരോഗ്യ സൂചകമെടുത്താലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ മുന്നിലാണെന്നും അദ്ദേഹം കുറിച്ചു. ഈ നേട്ടങ്ങൾക്കൊക്കെ പിന്നിൽ പൊതു ആരോ​ഗ്യസംവിധാനമാണെന്നും ഇതിനെ തകർക്കണമെന്ന വാശിയാണ് ചിലർക്കെന്നും അദ്ദേഹം പറഞ്ഞു. പൊതു ആരോഗ്യ സംവിധാനം തകർന്നാൽ ആർക്കാണ് നേട്ടമെന്നത് പരിശോധിച്ചാൽ വിവാദങ്ങളുടെ പിന്നിലുള്ള പ്രേരകശക്തിയെ തിരിച്ചറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം ഏറ്റവും വലിയ ആരോ​ഗ്യ കമ്പോളമാണെന്നും 1918-19-ൽ പ്രതിശീർഷ ആരോഗ്യചെലവ് ദേശീയ ശരാശരിയുടെ 4 മടങ്ങായിരുന്നുവെന്നും പറഞ്ഞ അദ്ദേഹം, 2021-22ൽ ഇന്ത്യയിലെ പ്രതിശീർഷ ആരോഗ്യചെലവ് 6,602 രൂപ ആയിരുന്നപ്പോൾ കേരളത്തിന്റേത് 13,343 രൂപ ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടി. കേരളത്തിലെ ആരോ​ഗ്യചെലവ് രണ്ട് – നാല് മടങ്ങ് ഉയർന്നതാണെന്നും എന്നാൽ പൊതു ആരോ​ഗ്യചെലവിനൊപ്പം തന്നെ കേരളത്തിലെ സ്വകാര്യ ചെലവും ഉയർന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021-22ൽ 7889 രൂപയായിരുന്നു സ്വകാര്യ ചെലവെന്നും കേരളത്തിലെ പൗരന്മാരുടെ ഉയർന്ന ആരോഗ്യ ബോധമാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരോ​ഗ്യകമ്പോളം കൈക്കലാക്കാനുള്ള കോർപ്പറേറ്റ് ഭീമന്മാരുടെ താത്പര്യങ്ങൾ എത്രമാത്രമുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും ആരോഗ്യ രംഗത്തെ വിദേശനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേതെന്നും തോമസ് ഐസക് കുറിച്ചു.

100 ശതമാനം നിക്ഷേപം ഓട്ടോമാറ്റിക് റൂട്ടിലൂടെ അനുവദിക്കുന്നുണ്ടെന്ന് മാത്രമല്ല നികുതിയിളവുകളും നൽകുന്നുണ്ടെന്നും 2000ത്തിനുശേഷമാണ് ആരോഗ്യരംഗത്ത് വിദേശനിക്ഷേപം കുത്തനെ ഉയരാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 2000ത്തിനും 2015നും ഇടയിൽ ആശുപത്രി മേഖലയിൽ 25000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഉണ്ടായതെന്നും ആശുപത്രികളുടെ കമ്പോളം 2024ൽ ഏതാണ്ട് 8 ലക്ഷം കോടി ആയിരിക്കുന്നത് 2032 ആകുമ്പോഴേക്കും 15 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് കണക്കുകൾ പറയുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

ഇന്ത്യയെ ഗ്ലോബൽ മെഡിക്കൽ ടൂറിസത്തിന്റെ ഹബ്ബാക്കാനാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ആരോഗ്യ ഇൻഷ്വറൻസ് മേഖലയിലും മരുന്ന് വ്യവസായത്തിലും വലിയ തോതിൽ ബഹുരാഷ്ട്ര കമ്പനികൾ കടന്നുവരുന്നുണ്ടെന്നും ആരോപിച്ചു. പക്ഷേ, ഏറ്റവും വലിയ മാർക്കറ്റായ കേരളത്തെ കീഴടക്കാൻ കോർപ്പറേറ്റുകൾക്ക് കഴിയുന്നില്ലെന്നും ദൽഹിയിൽ 93ഉം മഹാരാഷ്ട്രയിൽ 85ഉം വിദേശ കോർപ്പറേറ്റ് ആശുപത്രികളുള്ളപ്പോൾ കേരളത്തിൽ ഇപ്പോഴും നാല് എണ്ണം മാത്രമേയുള്ളുവെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

കേരളത്തിൽ ഉയർന്ന സ്വകാര്യ ആശുപത്രികൾ വരുന്നതിനെ ആരും എതിർക്കുന്നില്ലെന്നും മെഡിക്കൽ ടൂറിസത്തിന്റെ ഹബ്ബായി മാറുന്നതിനുള്ള ഏറ്റവും വലിയ സാധ്യത കേരളത്തിനാണെന്നും തോമസ് ഐസക് പറയുന്നു. സുശക്തമായ പൊതു ആരോഗ്യ സംവിധാനത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണരൂപം

Content Highlight: Some people want to destroy Kerala’s healthcare system syas T.M Thomas Isaac

We use cookies to give you the best possible experience. Learn more