ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് നേട്ടത്തോടൊപ്പം മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയായ ലോകഃ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററില്‍ വമ്പന്‍ വിജയം നേടിയ ലോകഃക്കെതിരെ ഒ.ടി.ടിയില്‍ ചിലയാളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ലോകഃയുടെ കഥ നടക്കുന്ന ബെംഗളൂരുവിനെ മോശമായി കാണിക്കുന്നുവെന്നാണ് എക്‌സില്‍ ഒരാള്‍ പോസ്റ്റ് ചെയ്തത്. പടം തുടങ്ങി അരമണിക്കൂറാകുമ്പോഴേക്ക് സിനിമയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ബെംഗളൂരുവിനെയും അവിടുത്തെ ആളുകളെയും മോശമായി കാണിക്കുന്നുവെന്നും ഹിന്ദു കഥാപാത്രങ്ങള്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നുമാണ് പോസ്റ്റില്‍ കുറിച്ചിട്ടുള്ളത്.
സ്വന്തം നാട്ടിലെ ഏതെങ്കിലുമൊരു സ്ഥലത്ത് കഥ നടക്കുന്നതായി കാണിക്കുകയും ആ സ്ഥലത്തെ മോശമായി കാണിക്കുകയും ചെയ്തുകൂടെ എന്നാണ് പോസ്റ്റില്‍ ചോദിക്കുന്നത്. സിനിമയെ സിനിമയായി കാണണം എന്ന് മാത്രം പറയരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് അവസാനിച്ചത്. സെനിറ്റ് സൂ എന്ന ഐ.ഡിയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.
എന്നാല്‍ പോസ്റ്റിന് താഴെ പലരും ഇദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് മറുപടി പങ്കുവെച്ചു. ‘ഇതേ മോളിവുഡ് തന്നെയാണ് ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമ ചെയ്തത്. അന്ന് ആരും പ്രശംസിച്ചില്ല. ഇന്ന് കുറ്റപ്പെടുത്തുന്നു’, ‘ബെംഗളൂരുവിന്റെ പേര് കളയുന്ന ചിലയാളുകളെ കൃത്യമായി ലോകഃ അടയാളപ്പെടുത്തി’ എന്നൊക്കെയാണ് മറുപടികള്‍.
ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്ന പ്രൊപ്പഗണ്ട സിനിമയാണ് ലോകഃയെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. വലതുപക്ഷ അനുഭാവമുള്ള പേജുകളാണ് ലോകഃക്ക് പ്രൊപ്പഗണ്ട സിനിമയെന്ന പട്ടം ചാര്‍ത്തുന്നത്. തിയേറ്ററില്‍ റിലീസായ സമയത്തും ഇത്തരത്തില്‍ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവെച്ചിരുന്നു.
തിയേറ്ററില്‍ നിന്ന് കണ്ട പ്രേക്ഷകരെ ആവേശത്തിലാക്കിയ ദുല്‍ഖറിന്റെ അതിഥിവേഷത്തിനെതിരെയും ചിലര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. യാതൊരു ഇംപാക്ടും ലഭിക്കാത്ത അതിഥിവേഷമായിരുന്നു ദുല്‍ഖറിന്റേതെന്നും തിയേറ്ററില്‍ ഇതിന് എങ്ങനെ കൈയടി കിട്ടിയെന്ന് അറിയില്ലെന്നുമാണ് ഒരാള്‍ പങ്കുവെച്ച പോസ്റ്റ്. ഇതും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
തിയേറ്ററില്‍ ഹിറ്റായ ശേഷം ഒ.ടി.ടിയിലെത്തുന്ന സിനിമകള്‍ക്ക് ഓവര്‍റേറ്റഡ് ടാഗ് ലഭിക്കുന്നത് ഇതാദ്യമായല്ല. 2018, രോമാഞ്ചം, വാഴ, ഗുരുവായൂരമ്പല നടയില്‍ എന്നീ സിനിമകള്‍ ഇത്തരത്തില്‍ വിമര്‍ശനം നേരിട്ടവയായിരുന്നു. ലോകഃക്ക് കൂടുതല്‍ ഹേറ്റ് ലഭിക്കുന്നത് കേരളത്തിന് പുറത്ത് നിന്നാണെന്നത് ശ്രദ്ധേയമായ കാര്യമാണ്.
Content Highlight: Some pages in Social media saying Lokah movie is overrated after OTT release