2026 ഫിഫ ലോകകപ്പ് ഫൈനല്‍ പോരാട്ടം ഒരുങ്ങുകയാണ്. ജൂലൈ 20ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്‌പെയ്‌നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.
2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.
മറുഭാഗത്ത് സ്‌പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കലാശപ്പോരിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്‌പെയ്ന്‍ കണ്ണുവെക്കുക.
ലോകകപ്പ് ഫൈനല്‍ അടുത്തെത്തി നില്‍ക്കെ ചില രസകരമായ വസ്തുതകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 2010ല്‍ സ്പെയ്ന്‍ ആദ്യ ലോകകപ്പ് നേടിയപ്പോള്‍ നടന്ന പല സംഭവവികാസങ്ങളും 2026ലും അവര്‍ത്തിച്ചുവെന്നതാണ് ഏറെ ശ്രദ്ധേയം.
2010 ലോകകപ്പ് ഉല്‍ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയിരുന്നത് സൗത്ത് ആഫ്രിക്കയും മെക്‌സിക്കോയുമായിരുന്നു. ഇത്തവണത്തെ ലോകകപ്പ് ഉല്‍ഘാടന മത്സരത്തിലും ഇരു ടീമുകളുമാണ് നേര്‍ക്കുനേര്‍ എത്തിയത്.
2010ലെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്പെയ്ന്‍ ഗോള്‍ നേടിയിരുന്നില്ല. അന്ന് ആദ്യ മത്സരത്തില്‍ സ്പാനിഷ് പട സ്വിറ്റ്സര്‍ലാന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പാനിഷ് പടക്കെതിരെ സ്വിസ് ടീം വിജയിച്ചത്.
ഈ ലോകകപ്പിലെ ആദ്യ മത്സരത്തിലും സ്‌പെയ്‌നിന് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമായ കേപ് വെര്‍ദെയാണ് സ്പാനിഷ് പടയെ സമനിലയില്‍ തളച്ചത്. ഗോള്‍രഹിത സമനിലയിലായിരുന്നു ഈ മത്സരം അവസാനിച്ചത്.
2010 ലോകകപ്പിലും 2026 ലോകകപ്പിലും സ്പെയ്ന്‍ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത് പോര്‍ച്ചുഗലിനെ ആയിരുന്നുവെന്നതും എടുത്തു പറയണം.
2010 സീസണില്‍ റയല്‍ മാഡ്രിഡിന് ഒരു കിരീടം പോലും നേടാന്‍ സാധിച്ചിരുന്നില്ല. ഇത്തവണത്തെ സീസണിലും റയലിന് കിരീടമില്ല. എന്നാല്‍ ബാഴ്‌സ 2010ല്‍ രണ്ട് കിരീടങ്ങള്‍ നേടിയിരുന്നു.
ഇത് തന്നെയാണ് 2026ലും സംഭവിച്ചത്. 2026 സീസണില്‍ റയലിന് കിരീടം നേടാനായിട്ടില്ല. ബാഴ്‌സ രണ്ട് കിരീടങ്ങള്‍ കൈപ്പിടിയിലാക്കുകയും ചെയ്തു.
2010ല്‍ നടന്ന പല കാര്യങ്ങളുടെയും തനിയാവര്‍ത്തനമായിരുന്നു ഇത്തവണയും. എന്നാല്‍ ചരിത്രവും വസ്തുതകളുമല്ല, കളിക്കളത്തിലെ പോരാട്ടമായിരിക്കും കിരീട അവകാശികളെ തീരുമാനിക്കുക.
Content Highlight: Some of the events that happened when Spain won the 2010 World Cup were repeated in 2026