| Sunday, 1st February 2026, 3:10 pm

പേര് സൂചിപ്പിക്കുന്നതുപോലെ എല്ലാം 'സർവ്വം മായ'യാണെങ്കിലോ?... ഒ.ടി.ടി റിലീസിന് ശേഷം ചർച്ചയായി സർവ്വം മായ

നന്ദന എം.സി

അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ സർവ്വം മായ തിയേറ്റർ റിലീസിന് പിന്നാലെ ഇപ്പോൾ ഒ.ടി.ടി റിലീസിന് ശേഷവും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. സിനിമ അവസാനിച്ചിട്ടും പ്രേക്ഷകരെ വിട്ടുപോകാത്ത ചില സംശയങ്ങളും വ്യാഖ്യാനങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഓരോ രംഗവും സൂക്ഷ്മമായി പരിശോധിച്ച്, ചിത്രത്തിലൊളിപ്പിച്ച ചില അർത്ഥങ്ങൾ തേടുകയാണ് പ്രേക്ഷകർ.

ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്ന പ്രഭ ഒരു നിരീശ്വരവാദിയാണ്. ജീവിതത്തിൽ ഒന്നും കൈവശമാകാതെ തകർന്നുനിൽക്കുന്ന സമയത്താണ് ഡെലൂലു എന്ന യക്ഷിയുടെ സാന്നിധ്യം പ്രഭയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

സർവ്വം മായ,Photo: JioHotstar/ Screengrab

ഡെലൂലു എത്തിയതോടെ പ്രഭയുടെ ജീവിതം മാറിമറിയുന്നു; ഇതുവരെ സാധിക്കാതിരുന്ന പല ആഗ്രഹങ്ങളും സഫലമാകുന്നു. ഒടുവിൽ ഡെലൂലുവിന് മോക്ഷം ലഭിച്ച് അവൾ ഈ ലോകം വിടുന്നതോടെയാണ് കഥ അവസാനിക്കുന്നത്.

എന്നാൽ ഒ.ടി.ടി റിലീസിന് ശേഷം ഉയരുന്ന പ്രധാന ചർച്ച ഇതാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ, ഇതെല്ലാം ഒരു ‘മായ’ മാത്രമായിരുന്നോ? ഡെലൂലു യഥാർത്ഥത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ? പ്രേക്ഷകർ മുന്നോട്ടുവയ്ക്കുന്ന ചില ഉദാഹരണങ്ങളാണ് ഈ സംശയങ്ങൾക്ക് ഊർജം നൽകുന്നത്.

സർവ്വം മായ,Photo: JioHotstar/ Screengrab

ഡെലൂലുവിനെ പ്രഭയ്ക്ക് മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നതാണ് ആദ്യ സൂചന. മന്ത്രവാദമോ കുരിശോ ഒന്നും തന്നെ ഉപയോഗിച്ചിട്ടും അവളെ തളയ്ക്കാൻ കഴിയുന്നില്ല. സമാന പ്രമേയമുള്ള വിസ്മയ തുമ്പത്ത് പോലുള്ള ചിത്രങ്ങളിൽ പ്രേതത്തെ ഒഴിപ്പിക്കാൻ ശ്രമങ്ങളുണ്ടായിരുന്നുവെങ്കിൽ, ഇവിടെ അത്തരം ഇടപെടലുകൾ പോലും ഫലപ്രദമല്ല. ഇതെല്ലാം ചേർത്തുനോക്കുമ്പോൾ, ഡെലൂലു പ്രഭയുടെ മനസ്സിലെ ഒരു തോന്നലോ സൃഷ്ടിയോ ആയിരിക്കാമെന്ന വാദം ശക്തമാകുന്നു.

സർവ്വം മായ,Photo: JioHotstar/ Screengrab

കൂടുതൽ കൗതുകം ജനിപ്പിക്കുന്നത് ഡെലൂലു തന്റെ കാമുകനെ കുറിച്ച് പറയുന്ന വിവരണങ്ങളാണ് പ്രായമുള്ള, താടിയുള്ള, ഹിന്ദുവായ ഒരാൾ. ഈ ലക്ഷണങ്ങൾ നിവിൻ പോളി അവതരിപ്പിക്കുന്ന പ്രഭയുമായി ഏറെ സാമ്യമുണ്ടെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഡെലൂലുവിന്റെ കാമുകൻ പ്രഭ തന്നെയാകാമെന്നൊരു സംശയവും ശക്തമാണ്.

എന്നാൽ ഇവർക്കിടയിൽ മുൻപരിചയം ഉണ്ടായിരുന്നുവെന്നോ പ്രഭയാണ് ആ കാമുകൻ എന്നോ വ്യക്തമായ തെളിവൊന്നും സിനിമ നൽകുന്നില്ല. അവിടെയാണ് സംവിധായകൻ അഖിൽ സത്യൻ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നത്. ഉറപ്പുകളില്ലാത്ത സംശയങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഒടുവിൽ എല്ലാം ഒരു തോന്നലായി, ഒരു മായയായി അവശേഷിക്കുന്നു സിനിമയുടെ പേര് പോലെത്തന്നെ എല്ലാം ‘സർവ്വം മായ’യായി അവസാനിക്കുന്നു.

Content Highlight: Some hidden secrets in the movie Sarvam Maya

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more