മോസ്‌കോ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച തടസപ്പെടുത്താന്‍ ചില രാജ്യങ്ങള്‍ ശ്രമങ്ങള്‍ നടത്തുമെന്ന് റഷ്യന്‍ നിക്ഷേപ പ്രതിനിധി കിറില്‍ ദിമിട്രിവ്.
ആഗസ്റ്റ് 15ന് അലാസ്‌കയില്‍ വെച്ച് പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ കൂടിക്കാഴ്ചക്ക് തടസം സൃഷ്ടിക്കാന്‍ ചില രാജ്യങ്ങള്‍ വലിയ ശ്രമങ്ങള്‍ നടത്തുമെന്നാണ് ദിമിട്രിവിന്റെ ആരോപണം.
മൂന്ന് വര്‍ഷത്തില്‍ അധികമായി നീളുന്ന സംഘര്‍ഷം പരിഹരിക്കാന്‍ കഴിയുന്ന ഒരു വെടിനിര്‍ത്തല്‍ കരാറിന് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഉള്‍പ്പെടെയുള്ള കക്ഷികള്‍ തയ്യാറാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ഇതിനെ എതിര്‍ക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താത്ത രാജ്യങ്ങള്‍ യുദ്ധം നീട്ടി കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നും റഷ്യന്‍ പ്രതിനിധി ആരോപിച്ചു.
ഏത് രാജ്യങ്ങളെ കുറിച്ചാണ് താന്‍ പറയുന്നതെന്നോ ഏത് തരത്തിലുള്ള പ്രകോപനങ്ങളാകും അവര്‍ നടത്തുകയെന്നോ കിറില്‍ ദിമിട്രിവ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പുടിനുമായി വളരെ വേഗം കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
‘യു.എസിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഞാനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച ആഗസ്റ്റ് 15ന് നടക്കും. അലാസ്‌കയില്‍ വെച്ചാകും ഈ കൂടികാഴ്ച,’ എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
ഭൂമി കൈമാറ്റത്തിനായുള്ള കരാറുകള്‍ ഒപ്പുവെക്കുന്നതിലൂടെയായിരിക്കും വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാകുകയെന്ന് വെള്ളിയാഴ്ച ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ട് രാജ്യങ്ങളുടെയും നന്മക്കായി പരസ്പരം ചില അതിര്‍ത്തികള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
അതേസമയം യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഒപ്പിടാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് ഉക്രൈന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ രാജ്യത്തിന്റെ അഞ്ചില്‍ ഒരു ഭാഗം നഷ്ടപ്പെടുത്തുന്നത് സെലെന്‍സ്‌കിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും കടുത്ത ആഘാതമായിരിക്കും.
ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താനാണ് യു.എസും റഷ്യയും ലക്ഷ്യമിടുന്നതെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: Some countries will try to disrupt Trump-Putin meeting, Russia