മലയാളത്തിലും തമിഴിലും ഈ വര്‍ഷത്തെ വലിയ വിജയങ്ങളുടെ ഭാഗമായിരിക്കുകയാണ് നിവിന്‍ പോളിയും സൂരിയും. മോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ നിവിനാണ് നായകന്‍. അതേസമയം തമിഴില്‍ 100 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് സൂരി നായകനായ മണ്ടാടി.
ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കിയ ഗിരീഷ് എ.ഡിക്കൊപ്പം നിവിന്‍ ആദ്യമായി കൈകോര്‍ത്തപ്പോള്‍ ഓണക്കപ്പ് ബെത്‌ലഹേം കുടുംബ യൂണിറ്റ് തൂക്കുകയായിരുന്നു. മോളിവുഡിലെ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും ബെത്‌ലഹേം സ്വന്തമാക്കി. മതിമാരന് പുഗഴേന്തി സംവിധാനം ചെയ്ത മണ്ടാടി തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ്.
കരിയറിലെ ഏറ്റവും വലിയ ഹിറ്റുമായി നില്‍ക്കുന്ന നിവിന്റെയും സൂരിയുടെയും അടുത്ത സിനിമയെക്കുറിച്ചാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ച. തമിഴിലെ ഗംഭീര സംവിധായകരിലൊരാളായ റാം അണിയിച്ചൊരുക്കിയ യേഴ് കടല്‍ യേഴ് മലൈ റിലീസിന് തയാറെടുക്കുകയാണ്. ഒക്ടോബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഷൂട്ട് തീര്‍ന്നിട്ടും രണ്ട് വര്‍ഷത്തിലേറെയായി പെട്ടിയില്‍ കിടന്ന ചിത്രമാണ് യേഴ് കടല്‍ യേഴ് മലൈ. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ കൈയടി നേടിയ ചിത്രം ഇപ്പോള്‍ റിലീസ് ചെയ്യുന്നത് നിവിനും സൂരിക്കും ബോക്‌സ് ഓഫീസില്‍ തിരിച്ചടിയായേക്കുമെന്നാണ് ചില സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.
8000 വര്‍ഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന കഥാപാത്രമായാണ് നിവിന്‍ പോളി വേഷമിടുന്നത്. നായകനായി നിവിന്‍ എത്തുമ്പോള്‍ സൂരിയാണ് വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അഞ്ജലിയാണ് ചിത്രത്തിലെ നായിക. പേരന്‍പ്, തങ്ക മീന്‍കള്‍, തരമണി, കട്രത് തമിഴ് തുടങ്ങിയ ക്ലാസിക് സിനിമകളൊരുക്കിയ റാമിന്റെ സിനിമ ബോക്‌സ് ഓഫീസ് നമ്പറുകളില്‍ മുന്നിട്ട് നില്‍ക്കാറില്ല.
നിവിനും സൂരിയും ബോക്‌സ് ഓഫീസ് വിജയങ്ങളുമായി മുന്നേറുമ്പോള്‍ യേഴ് കടല്‍ യേഴ് മലൈ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് തിരിച്ചടിയായേക്കുമെന്ന് പലരും അഭിപ്രായപ്പെടുന്നു. നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുന്നതാണ് നല്ലതെന്നും ചിലരുടെ കമന്റുകളുണ്ട്. തുടര്‍ പരാജയങ്ങളില്‍ പെട്ട് നിന്ന സമയത്ത് നിവിന്‍ കമ്മിറ്റ് ചെയ്ത ചിത്രമായതിനാല്‍ ആരാധകര്‍ക്ക് പോലും ഈ സിനിമയില്‍ വലിയ പ്രതീക്ഷയില്ല. നിവിന്റെയും സൂരിയുടെയും ഗംഭീര പെര്‍ഫോമന്‍സ് കാണാനാകുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Some cinema pages worried about the release date of Yezhu Kadal Yezhu Malai movie