മൊഗാദിഷു: സൊമാലിലാൻഡിന് ഇസ്രഈൽ നൽകിയ അംഗീകാരത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം.
ഈ നീക്കം നിയമവിരുദ്ധവും ഭിന്നിപ്പിക്കുന്നതും സൊമാലിയയുടെ പ്രാദേശിക ഐക്യത്തിന് ഭീഷണിയുമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ഇസ്രഈലിന്റെ നടപടി ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ബയ്‌ദാബോ, ഹോബിയോ, സദുർ, ഗുരിസീൽ, ലാസ്കാനൂഡ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നും ആയിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
പ്രതിഷേധക്കാർ സൊമാലിയൻ പതാകകൾ വീശുകയും ഇസ്രഈൽ അംഗീകാരം നിരസിക്കുന്ന ബാനറുകൾ ഉയർത്തുകയും ചെയ്തു.
ഈ തീരുമാനം സൊമാലിയയുടെ പ്രാദേശിക സമഗ്രതയെ ദുർബലപ്പെടുത്തുന്നുവെന്നും വിദേശ രാജ്യങ്ങളുടെ ഇടപെടലിന് അപകടകരമായ മാതൃകയാണ് സൃഷ്ടിക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ സ്റ്റേഡിയത്തിൽ മതപണ്ഡിതന്മാർ, കവികൾ, വിദ്യാർത്ഥികൾ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
ഫലസ്തീനികൾക്കെതിരായ ഇസ്രഈലിന്റെ നടപടികളുമായി ഇതിന് സാമ്യതയുണ്ടെന്നും ഇസ്രഈൽ സൊമാലിയയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നെന്നും അവർ പറഞ്ഞു.
സൊമാലിലാൻഡിനെ അംഗീകരിച്ചതിന് തുർക്കി ഉൾപ്പെടെയുള്ള സൊമാലിയയുടെ സഖ്യകക്ഷികളും ആഫ്രിക്കയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ഇസ്രഈലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വെള്ളിയാഴ്ചയായിരുന്നു സൊമാലിലാൻഡിനെ ഇസ്രഈൽ പരമാധികാര രാഷ്ട്രമായി അംഗീകരിക്കുകയും പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്തത്.
Content Highlight: Somalis protest against Israel’s recognition of Somaliland