| Friday, 23rd October 2009, 9:10 am

ഇന്ത്യന്‍ ജീവനക്കാര്‍ കയറിയ കപ്പല്‍ തട്ടിക്കൊണ്ട് പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: 24 ഇന്ത്യന്‍ ജീവനക്കാരും രണ്ട് ബര്‍മീസ് പൗരന്‍മാരുമായി പോവുകയായിരുന്ന പനാമ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. എം.വി. അല്‍ഖാലിഫ് എന്ന കപ്പലാണ് റാഞ്ചിയത്. ജീവനക്കാരെ കൊള്ളക്കാര്‍ ബന്ദികളാക്കിയിരിക്കുകയാണ്. കപ്പല്‍ സെയ്ഷല്‍സ് മേഖലയില്‍ എത്തിയപ്പോള്‍ കൊള്ളക്കാര്‍ ബോട്ടുകളിലെത്തിയ കപ്പല്‍ റാഞ്ചുകയായിരുന്നെന്ന് അന്താരാഷ്ട്ര മാരിടൈം ബ്യൂറോ (ഐ.എം.ബി.) തലവന്‍ നോയല്‍ ചൂങ് പറഞ്ഞു. അതിനിടെ, ജോളി റോസോയെന്ന ഇറ്റാലിയന്‍ ചരക്കുകപ്പല്‍ തട്ടിക്കൊണ്ടുപോകാനുള്ള കൊള്ളക്കാരുടെ ശ്രമം പരാജപ്പെട്ടു.

ആറു കൊള്ളക്കാര്‍ കപ്പലിനുള്ളില്‍ കയറി നിയ്ന്ത്രണം ഏറ്റെടുക്കുകയായിരുന്നു. രണ്ട് ബോട്ടുകളില്‍ ആയുധങ്ങളുമായി കൊള്ളക്കാര്‍ കപ്പലിനെ പിന്തുടര്‍ന്നു.

2008ല്‍ മാത്രം 168ഓളം ആക്രമണങ്ങള്‍ നടത്തിയ കൊള്ളക്കാര്‍ 32 കപ്പലുകള്‍ തട്ടിയെടുക്കുകയും 533ഓളം ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു. അന്താരാഷ്ട്ര മാരിടൈം ബ്യൂറോ സപ്തംബര്‍ 30ന് പുറത്തിറക്കിയ കണക്കനുസരിച്ച് 80ഓളം ജീവനക്കാര്‍ കൊള്ളക്കാരുടെ പിടിയില്‍ ഇപ്പോഴുമുണ്ട്. ഒക്ടോബര്‍ 15ന് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സിംഗപ്പൂര്‍ കപ്പലിലെ രണ്ട് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം.

ഒ­ക്ടോ­ബര്‍ 23 2009 7 am IST

We use cookies to give you the best possible experience. Learn more