കോഴിക്കോട്: വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. വനിതാ മതിലിന്റെ ഫേസ്ബുക് പേജിലാണ് മഞ്ജുവിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
“നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം” മഞ്ജു വാര്യര്‍ വീഡിയോയില്‍ പറയുന്നു.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധതയുളള സാമൂഹ്യസംഘടനാ പ്രതിനിധികളുടെ യോഗം ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചത്. വിവിധ സമുദായ, സാംസ്‌കാരിക സംഘടനകള്‍ പങ്കെടുത്ത യോഗത്തിലാണ് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വനിതാ മതില്‍ തീര്‍ക്കാന്‍ തീരുമാനമായത്.
ജനുവരി ഒന്നിന് വൈകിട്ട് നാലു മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കാനാണ് പദ്ധതി. മൂന്ന് ലക്ഷത്തോളം സ്ത്രീകളെ വനിതാ മതിലില്‍ അണിനിരത്തുമെന്നാണ് ഇടതുമുന്നണ് അവകാശപ്പെടുന്നത്.