മലപ്പുറം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചും വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തെ അപലപിച്ചും കേരളത്തില്‍ നിന്നുള്ള ഗായകരും മ്യൂസിക് ബാന്‍ഡും.
ഗായകരായ ഹനാന്‍ ഷാ, ഇഷാന്‍ ദേവ്, സൂരജ് സന്തോഷ് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യധാര്‍ഡ്യമറിയിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലാണ് ഹനാന്‍ഷാ തന്റെ നിലപാട് രേഖപ്പെടുത്തിയത്. വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഹനാന്‍ഷാ ഇന്‍സ്റ്റ സ്‌റ്റോറികളില്‍ പങ്കുവച്ചു. ‘ ഒരു പ്രതിഷേധത്തെ സഹിക്കാന്‍ പറ്റാത്ത സര്‍ക്കാരിന് ജനാധിപത്യത്തെ കൈകാര്യം ചെയ്യാന്‍ കഴിയില്ല,’ എന്നെഴുതിയതാണ് ഇതില്‍ ഒരു പോസ്റ്റ്.
Instagram Story of Hanan Shah
പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം എന്നെഴുതിയ ഒരു പോസ്റ്റര്‍ പങ്കുവെച്ചാണ് തൈക്കൂടം ബ്രിഡ്ജ് തങ്ങളുടെ നിലപാട് രേഖപ്പെടുത്തിയത്. സമാധാനപരമായി പ്രതിഷേധിക്കുക എന്നത് ഏതൊരു സംവിധാനത്തിലെയും സുപ്രധാന അവകാശമാണെന്ന് ഈ പോസ്റ്ററിനൊപ്പം നല്‍കിയ കുറിപ്പില്‍ തൈക്കൂടം ബ്രിഡ്ജ് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ അധികൃതരെ അഭിസംബോധന ചെയ്താണ് ഈ കുറിപ്പ്. പ്രതിഷേധങ്ങളെ ബലം പ്രയോഗിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും അവര്‍ക്കൊപ്പവും തങ്ങള്‍ നിലകൊള്ളുന്നു എന്നും തൈക്കൂടം ബ്രിഡ്ജ് വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സൂരജ് സന്തോഷ് ഈ വിഷയത്തില്‍ പ്രതികരണമറിയിച്ചത്. ജനാധിപത്യം നമ്മുടേതാണെന്നും നിങ്ങള്‍ക്ക് അത് റാഞ്ചിക്കൊണ്ടുപോവാന്‍ കഴിയിലെല്ലെന്നും സൂരജ് കുറിച്ചു. ഇന്ത്യയിലെ യുവത്വത്തിനോടൊപ്പം ഐക്യപ്പെടുന്നുവെന്നും സൂരജ് പറഞ്ഞു. ദല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ വീഡിയോക്കൊപ്പമായിരുന്നു ഈ കുറിപ്പ് അദ്ദേഹം പങ്കുവച്ചത്.
View this post on Instagram
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇഷാന്‍ ദേവ് വിദ്യാര്‍ത്തികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഭാവിയായ വിദ്യാര്‍ത്ഥികളോട് ഐക്യപ്പെട്ട് നിലകൊള്ളുന്നുവെന്ന് ഇഷാന്‍ ദേവ് കുറിച്ചു.
‘സോനം വാങ്ചുക്കും, സി.ജെ.പി പ്രസ്ഥാനത്തിലെ എല്ലാ പങ്കാളികളും ജനാധിപത്യത്തിലും നീതിയിലും സംവാദങ്ങളിലും വിശ്വസിരക്കുന്നു. സമാധാനപരമായ ശബ്ദങ്ങള്‍ കേള്‍ക്കപ്പെടുകയാണ് വേണ്ടത്, അടിച്ചമര്‍ത്തപ്പെടുകയല്ല,’ അദ്ദേഹം കുറിച്ചു.
‘എന്റെ ഭാവി സംരക്ഷിക്കൂ,’ എന്നെഴുതിയ പ്ലക്കാഡ് പിടിച്ച ഒരു കുട്ടിക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതിന്റെ കാര്‍ട്ടൂണും ഈ പോസ്റ്റില്‍ ഇഷാന്‍ ദേവ് പങ്കുവച്ചിട്ടുണ്ട്.
പ്രഭാഷകനും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോര്‍ജും വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തെ അപലപിച്ചു. ജന്തര്‍ മന്തറിലെ പൊലീസ് നടപടി ഭരണഘടനയുടെ 19(1)(ബി) അനുച്ഛേദം ഉറപ്പ് നല്‍കുന്ന സമാധാനമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് പറയുന്ന ഒരു പോസ്റ്ററാണ് ജോസഫ് അന്നംകുട്ടി ജോസ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
സമാധാനപരമായ പ്രതിഷേധം ഒരു കുറ്റകൃത്യമല്ലെന്നും അതൊരു ഭരണഘടനാപരമായ അവകാശമാണെന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. ‘ജനാധിപത്യം ഇതിനകം മരിച്ചിക്കുന്നു. ആര്‍.ഐ.പി ഡെമോക്രസി,’ എന്നും പോസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
Content Highlight: Solidarity with Protesting Students: Social media responses of Hanan Shah, Thaikoodam Bridge, Sooraj Santhosh, Ishaan Dev and Joseph Annamkutty Jose