| Thursday, 16th July 2026, 10:30 pm

'നെതന്യാഹു കൊല്ലുന്നു, ട്രംപ് പണം നല്‍കുന്നു'; അര്‍ജന്റീനയുടെ വിജയാഘോഷത്തിലും തലസ്ഥാന നഗരിയില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം

ആദർശ് എം.കെ.

ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയതിന് പിന്നാലെ തലസ്ഥാന നഗരമായ ബ്യൂണസ് ഐറിസില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം.

രാജ്യം മുഴുവന്‍ കായിക വിജയത്തിന്റെ ആവേശത്തില്‍ ആറാടുമ്പോഴും, അര്‍ജന്റീനന്‍ സര്‍ക്കാരിന്റെ തീവ്ര ഇസ്രഈല്‍ അനുകൂല നിലപാടുകള്‍ക്കെതിരെയുള്ള ശക്തമായ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്കും ബ്യൂണസ് ഐറിസിലെ തെരുവുകള്‍ വേദിയായി.

മിലെയ് സര്‍ക്കാരിന്റെ വിദേശനയങ്ങളോടുള്ള ജനങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കൂടിയാണ് ഒരുകൂട്ടം പ്രതിഷേധക്കാര്‍ ഈ വിജയാഘോഷത്തെ തിരഞ്ഞെടുത്തത്.

അര്‍ജന്റീനയുടെ നീലയും വെള്ളയും ജേഴ്‌സി ധരിച്ച പതിനായിരക്കണക്കിന് ആരാധകര്‍ക്കിടയിലേക്ക് കറുപ്പ്, വെളുപ്പ്, പച്ച, ചുവപ്പ് നിറങ്ങളിലുള്ള വലിയ ഫലസ്തീന്‍ പതാകകളേന്തിയാണ് പ്രതിഷേധക്കാര്‍ എത്തിയത്.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അര്‍ജന്റീനയുടെ നിലവിലെ ഇസ്രഈല്‍ അനുകൂല ഭരണകൂടം എന്നിവരെ രൂക്ഷമായി വിമര്‍ശിക്കുന്ന വലിയ ചിത്രങ്ങളും ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

‘നെതന്യാഹു കൊന്നൊടുക്കുന്നു, ട്രംപ് പണം നല്‍കുന്നു. ഫലസ്തീനെ സ്വതന്ത്രമാക്കൂ!’ എന്നിങ്ങനെ വലിയ അക്ഷരങ്ങളില്‍ തെരുവുകളില്‍ എഴുതിവെച്ച പ്രതിഷേധക്കാര്‍, ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുഷ്ടിചുരുട്ടിയ കൈയുടെ ചിഹ്നവും വരച്ചുചേര്‍ത്തു.

അര്‍ജന്റീന പൂര്‍ണമായും ഇസ്രഈലിനൊപ്പമാണെന്ന ആഗോള ധാരണയെ തിരുത്താനാണ് ലോകം ഉറ്റുനോക്കുന്ന ഈ വിജയനിമിഷം തങ്ങള്‍ ഉപയോഗിച്ചതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

അര്‍ജന്റീനന്‍ പ്രസിഡന്റ് ഹാവിയര്‍ മിലെയ് അധികാരമേറ്റത് മുതല്‍ സ്വീകരിക്കുന്ന തീവ്ര ഇസ്രഈല്‍ അനുകൂല നിലപാടുകളാണ് രാജ്യത്തെ ജനങ്ങളെ പ്രകോപിപ്പിച്ചത്.

ഗസയിലെ ഇസ്രഈല്‍ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന മിലെയ്, അര്‍ജന്റൈന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചിരുന്നു. മിലെയുടെ ഈ നിലപാടുകള്‍ക്കെതിരെ രാജ്യത്തെ ഇടതുപക്ഷ-മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി രംഗത്തുണ്ട്.

ഇതിനിടയില്‍, ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റീന ടീമിനെ പിന്തുണയ്ക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരുന്നു.

ലയണല്‍ മെസിയേക്കാള്‍ മിലെയോടുള്ള തന്റെ സൗഹൃദമാണ് ഇതിന് കാരണമെന്നും മിലെയെ ഒരു ‘യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍’ എന്നുമാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഈ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെയുള്ള ജനവികാരമാണ് വിജയാഘോഷങ്ങള്‍ക്കിടയിലും തലസ്ഥാനത്ത് ഉയര്‍ന്നുവന്നത്.

അറ്റ്‌ലാന്റയില്‍ നടന്ന ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ വിജയം. മത്സരത്തിന്റെ നിശ്ചിത സമയം കഴിഞ്ഞ് ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ (92ാം മിനിറ്റ്) ലൗട്ടാരോ മാര്‍ട്ടിനസ് നേടിയ തകര്‍പ്പന്‍ ഗോളാണ് അര്‍ജന്റീനയ്ക്ക് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്‌നാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

തുടര്‍ച്ചയായ രണ്ടാം ഫൈനലിന് മെസിപ്പട ടിക്കറ്റുറപ്പിച്ചതോടെ കനത്ത മഴയെപ്പോലും അവഗണിച്ച് പതിനായിരക്കണക്കിന് ആളുകളാണ് ദേശീയ പതാകകളേന്തിയും പാട്ടുപാടിയും ബ്യൂണസ് ഐറിസിലെ തെരുവുകളില്‍ ഒഴുകിയെത്തിയത്.

നഗരമധ്യത്തിലെ പ്രശസ്തമായ ഒബെലിസ്‌ക് സ്മാരകത്തിന് ചുറ്റും തടിച്ചുകൂടിയ ആരാധകര്‍ പടക്കങ്ങള്‍ പൊട്ടിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചും ആഹ്ലാദം പ്രകടിപ്പിച്ചു.

ഫോക്ലാന്‍ഡ് ദ്വീപ് തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ജന്റീനന്‍ ആരാധകര്‍ക്ക് വിജയത്തിന്റെ ഇരട്ടി മധുരമാണ് സമ്മാനിച്ചത്. ഇതിനിടയിലാണ് രാജ്യത്തെ രാഷ്ട്രീയ ചൂടുപിടിപ്പിച്ചുകൊണ്ട് ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളും ഒരേസമയം അരങ്ങേറിയത്.

Content Highlight:  Solidarity with Palestine expressed in the capital city amidst Argentina’s victory celebrations.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more