| Monday, 5th October 2026, 9:18 am

നേഹ ബോറ തന്നേക്കാള്‍ മികച്ചതെന്ന് പറഞ്ഞതിനെ അംഗീകരിച്ച് ദീപ്‌കെ; താരതമ്യമല്ല, ഐക്യദാര്‍ഢ്യമാണ് വേണ്ടതെന്ന് നേഹ

റെന്വര്‍ പി

ന്യൂദല്‍ഹി: തന്നേക്കാള്‍ കഴിവുള്ള നേതാവ് നേഹ ബോറ ആണെന്നുള്ള എക്‌സ് പോസ്റ്റ് പങ്കുവെച്ച് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. ആ അഭിപ്രായത്തോട് താന്‍ യോജിക്കുന്നുവെന്നും ദീപ്‌കെ കുറിച്ചു.

അമോക് എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് നേഹ ബോറയെ അഭിജീത് ദീപ്‌കെയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള എക്‌സ് പോസ്റ്റ് വന്നത്. ‘അഭിജീത് ദിപ്‌കെയേക്കാള്‍ കഴിവുള്ളത് നേഹ ബോറയ്ക്കാണ് എന്ന് തിരിച്ചറിയുന്നതാണ് പക്വത. അതിശയിപ്പിക്കുന്ന വ്യക്തിത്വമുള്ള, ഒരു സമ്പൂര്‍ണ്ണ ‘ജെന്‍-സീ്’ ഐക്കണ്‍,’ എന്നാണ് അമോക് എന്ന എക്‌സ് യൂസര്‍ പോസ്റ്റ് ചെയ്തത്.

ഈ പോസ്റ്റ് ഷെയര്‍ ചെയ്ത ദീപ്‌കെ ‘ഞാന്‍ അംഗീകരിക്കുന്നു,’ എന്ന് കുറിച്ചു. എന്നാല്‍ താരതമ്യമല്ല ഐക്യദാര്‍ഡ്യമാണ് വേണ്ടതെന്ന് നേഹ ബോറ ഇതിനോട് പ്രതികരിച്ചു. നമ്മള്‍ ഇത് ഒരുമിച്ചാണ് പോരാടുന്നതെന്നും അവര്‍ കുറിച്ചു.

ഒരു പാരഡി, സറ്റൈര്‍ അക്കൗണ്ട് എന്നാണ് നേഹ ബോറയെയും അഭിജിത് ദീപ്‌കെയെയും താരതമ്യം ചെയ്തുള്ള പോസ്റ്റ് എക്‌സില്‍ പങ്കുവെച്ച അമോകിന്റെ പ്രൊഫൈല്‍ വിവരണത്തില്‍ പറയുന്നത്. ഇന്ത്യയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടില്‍ സ്വാധീനിക്കപ്പെട്ട ഒരാളാണ് താനെന്നും അമോക് പറയുന്നു.

സി.ജെ.പിയെ ലക്ഷ്യം വെക്കുന്ന മറ്റ് പോസ്റ്റുകളും ഈ അക്കൗണ്ടിലുണ്ട്. ‘സി.ജെ.പി നേതാക്കളെ ബി.ജെ.പി അറസ്റ്റ് ചെയ്യുമെന്ന് കരുതുന്ന മനുഷ്യര്‍,’ എന്ന അടിക്കുറിപ്പോടെ ഐസ് ഏജ് കാലഘട്ടം പറയുന്ന സിനിമയില്‍ മൃഗത്തോല്‍ ധരിച്ച് മൃഗങ്ങളെ കുന്തമുപയോഗിച്ച് വേട്ടയാടുന്നവരുടെ വീഡിയോ ഈ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. താന്‍ അടക്കമുള്ള സി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന സി.ജെ.പി സഹ കണ്‍വീനര്‍ സൗരവ് ദാസിന്റെ പോസ്റ്റിനെ പരിഹസിച്ചുകൊണ്ടായിരുന്നു ഇത്.

തന്നെയും അഭിജിത് ദീപ്കെ, അഷുതോഷ് റാങ്ക, രത്ന സിങ് എന്നിവര്‍ അടക്കമുള്ള മറ്റ് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നാണ് സൗരവ് ദാസിന്റെ പോസ്റ്റില്‍ പറയുന്നത്. ജയില്‍ വാസമോ അതിലും കഠിനമായ അവസ്ഥകളോ സഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഞായറാഴ്ച രാത്രി 11.30 മണിക്ക് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സൗരവ് വ്യക്തമാക്കിയിരുന്നു.

തങ്ങളില്ലെങ്കിലും പോരാട്ടം തുടരണമെന്ന് സൗരവ് ജനങ്ങളോട് ആവശ്യപ്പട്ടു. ഒക്ടോബര്‍ പത്തിന് ആരംഭിക്കുന്ന ജനകീയ മുന്നേറ്റം ഉറപ്പാക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സൗരവ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റിനെയാണ് അമോക് എന്ന പ്രൊഫൈല്‍ പരിഹസിച്ചത്.

ആം ആദ്മി പാര്‍ട്ടിക്ക് എതിരെയുള്ള പോസ്റ്റുകളും അമോക് എന്ന യൂസറുടെ എക്‌സ് അക്കൗണ്ടിലുണ്ട്. കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകളും അമോക് എന്ന അക്കൗണ്ടില്‍ കാണാം. എന്‍.എസ്.യു.ഐയുടെ സോഷ്യല്‍ മീഡിയ വിഭാഗം പ്രസിഡന്റായി നിയമിച്ച ആകാശ് മോറന് ആശംസ അര്‍പിച്ചുള്ള പോസ്റ്റും അമോക് എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് അഭിജിത് ദീപ്‌കെ അടക്കമുള്ള സി.ജെ.പി നേതാക്കളും നേഹ ബോറ അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കളും പ്രതിഷേധിക്കുന്നതിനിടെയാണ് എക്‌സില്‍ നേതാക്കളെ താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച പ്രതിഷേധം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്.

Content Highlight: Solidarity, Not Comparison, We fight it Together: Neha bora on post Comparing herself with Abhijeet Dipke

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more