| Tuesday, 29th September 2026, 9:36 am

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: 92 സാക്ഷികള്‍ കൂറുമാറിയതില്‍ ആശങ്കയെന്ന് സുപ്രീം കോടതി; അമിത് ഷായെ കുറ്റവിമുക്തനാക്കിയത് പുനപരിശോധിക്കില്ല

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: 2005-ലെ സൊഹ്‌റാബുദ്ദീന്‍ ശെയ്ഖിനെ ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയും ഭാര്യ കൗസര്‍ബിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 92 സാക്ഷികള്‍ കൂറുമാറിയത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രീം കോടതി.

കേസിലെ 21 പൊലീസുകാര്‍ ഉള്‍പ്പെടെ 22 പ്രതികളെയും വെറുതെവിട്ട ബോംബെ ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ ശെയ്ഖ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ പ്രധാന ഇടപെടല്‍.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേസിന്റെ വിചാരണ വേളയില്‍ ആകെ ഉണ്ടായിരുന്ന 210 സാക്ഷികളില്‍ 92 പേര്‍ കൂറുമാറിയ സംഭവം തികച്ചും ആശങ്കാജനകമാണെന്നും ഇത് ചെറിയ കാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണയാണോ നടന്നതെന്ന് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസുകാര്‍ ചേര്‍ന്ന് സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും സഹപ്രവര്‍ത്തകനായ തുളസീറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണ് കേസ്.

വിചാരണക്കോടതിയും ബോംബെ ഹൈക്കോടതിയും മുഴുവന്‍ പ്രതികളെയും വെറുതെവിട്ടതിനെ ചോദ്യം ചെയ്താണ് റുബാബുദ്ദീന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസിലെ പ്രധാന സാക്ഷികളായ സൊഹ്‌റാബുദ്ദീന്റെ മറ്റൊരു സഹോദരനും ബന്ധുവും ഡ്രൈവറുമെല്ലാം വിചാരണ വേളയില്‍ കൂറുമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാക്ഷികളുടെ മൊഴികളും വിചാരണക്കോടതിയുടെ രേഖകളും വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും ഹരജിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് സുപ്രീംകോടതി അറിയിച്ചു.

ഇത്രയധികം സാക്ഷികള്‍ കൂറുമാറിയതില്‍ തങ്ങള്‍ക്ക് ബോധ്യപ്പെടേണ്ട ചില കാര്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പ്രതിയായ കേസാണിത്.

കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് അമിത് ഷായെ ഒഴിവാക്കിയ 2014-ലെ വിചാരണക്കോടതി നടപടി 22 പ്രതികളെ കുറ്റ വിമുക്തരാക്കിയ ഹരജിയ്‌ക്കൊപ്പം പുനപരിശോധിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.

അമിത് ഷായെ കുറ്റവിമുക്തനാക്കിയ നടപടിയെ ചോദ്യം ചെയ്ത് മനിയാര്‍ കല്‍പേഷ് കുമാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷായ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു കേസ്. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ അമിത് ഷായെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണെന്നും അതിനാല്‍ ആ വിഷയം ഇനി വീണ്ടും പരിഗണിക്കേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Content Highlights: Sohrabuddin Sheikh fake encounter case: Supreme Court expresses concern over 92 witnesses turning hostile; Amit Shah’s discharge will not be reviewed.

 
അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more