| Tuesday, 5th May 2026, 12:47 pm

'ഇത് രാഷ്ട്രീയമല്ല, ആരാധക മേധാവിത്വം'; തമിഴ്‌നാട്ടിലെ വിജയ് തരംഗത്തില്‍ പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം നേടിയ അട്ടിമറി വിജയത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്.

വിജയിയുടെ വിജയം രാഷ്ട്രീയ അവബോധത്തിന്റെ ഫലമല്ലെന്നും മറിച്ച്, സമൂഹം വെറും ആരാധകരുടെ ആധിപത്യത്തിന് കീഴിലായതിന്റെ തെളിവാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘ഹലോ തമിഴ്‌നാട്.. കാമരാജ് തോറ്റു. എം.കെ. സ്റ്റാലിന്‍ തോറ്റു. സമൂഹം ഇപ്പോള്‍ പൂര്‍ണമായും ആരാധക മേധാവിത്വമുള്ളതായി മാറിയിരിക്കുന്നു. അത് രാഷ്ട്രീയമായി മാറിയിട്ടില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ അവബോധം വളര്‍ത്തുക എന്നത് എപ്പോഴും പ്രതിപക്ഷത്തിന്റെ ജോലിയാണ്. നമുക്ക് നമ്മുടെ യാത്ര തുടരാം.. വിജയകരമായ പൊതുപ്രവര്‍ത്തനത്തിന് വിജയിക്ക് ആശംസകള്‍’ പ്രകാശ് രാജ് കുറിച്ചു.

തമിഴ് രാഷ്ട്രീയത്തിലെ അതികായന്‍മാരായ കാമരാജിന്റെയും നിലവിലെ മുഖ്യമന്ത്രി സ്റ്റാലിന്റെയും തോല്‍വി ചൂണ്ടിക്കാട്ടിയായിരുന്നു പ്രകാശിന്റെ വിമര്‍ശനം.

അതേസമയം സിനിമാ മേഖലയിലെ ഒട്ടുമിക്ക പ്രമുഖരും വിജയിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. രജനീകാന്ത്, ചിരഞ്ജീവി, സൂര്യ, രാം ചരണ്‍, വിക്രം, നാനി, വിജയ് ദേവരകൊണ്ട തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ വിജയിയെ അഭിനന്ദനം അറിച്ചു.

തെലുങ്ക് താരം നാനി, ആന്ധ്രയിലെ പവന്‍ കല്യാണിന്റെ വിജയത്തോടാണ് വിജയുടെ നേട്ടത്തെ ഉപമിച്ചത്.

അതേസമയം പ്രകാശ് രാജിന്റെ പോസ്റ്റിനെതിരെ വിജയ് ആരാധകര്‍ രംഗത്തെത്തി. ‘ഗബ്ബാര്‍, നിങ്ങളുടെ നേതാവ് തോറ്റതുകൊണ്ട് സമൂഹത്തെ കുറ്റപ്പെടുത്തരുത്. ജനവിധിയെ മാനിക്കാന്‍ പഠിക്കണം’ എന്നായിരുന്നു ഒരു കമന്റ്.

‘വിജയിയെ വെറുക്കാന്‍ പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും നിങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല’ എന്ന് മറ്റൊരാള്‍ കുറിച്ചു.

മുന്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചതിനാലാണ് പ്രകാശ് രാജ് അവരെ പിന്തുണയ്ക്കുന്നതെന്നും, ഭാവിയില്‍ വിജയ് സര്‍ക്കാരില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ അദ്ദേഹം നിലപാട് മാറ്റുമെന്നുമാണ് മറ്റു ചിലരുടെ പരിഹാസം.

തെരഞ്ഞെടപ്പ് പ്രചരണ വേദികളിലെല്ലാം വിജയിയെ പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ”ദ്രാവിഡ മോഡല്‍, അടിമ മോഡല്‍, സിനിമ മോഡല്‍” എന്നീ മൂന്ന് രാഷ്ട്രീയ ശൈലികളാണുള്ളതെന്നും വിജയ്‌യുടെ രാഷ്ട്രീയം ”സിനിമ മോഡല്‍” ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

തമിഴ് ഭാഷ, നീറ്റ്, സംസ്ഥാന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിജയ് മുന്‍പ് എത്രത്തോളം സജീവമായിരുന്നുവെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തിയിരുന്നു.

വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ ഗില്ലി, ശിവകാശി, വില്ലു തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ ‘ജനനായകനി’ലും പ്രകാശ് രാജ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Content Highlight: Society Has Become Fan-Dominated’, Prakash Raj Reacts As Vijay’s TVK Leads

We use cookies to give you the best possible experience. Learn more