അനൗണ്‍സ്മെന്റ് മുതല്‍ തന്നെ പ്രതീക്ഷയുള്ള ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് പ്രേക്ഷകര്‍ കരുതിവെച്ച ചിത്രമായിരുന്നു പവന് സാദിനേനി സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ആകാശത്തില്‍ ഒരു താരകം. മലയാളികളുടെ പ്രിയപ്പെട്ട നടനും തെലുങ്ക് സിനിമയുടെ ദത്തുപുത്രനുമായ ദുല്‍ഖര്‍ സല്മാന്, പുതുമുഖമായ സാത്വിക വീരവള്ളി, ശ്രുതി ഹാസന് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം തെലുങ്കിലായിരുന്നു സംവിധായകന് അണിയിച്ചൊരുക്കിയത്.
സീതാരാമം, ലക്കി ബാസ്ക്കര്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ മറ്റൊരു ക്വാളിറ്റി പടവുമായാണ് ദുല്‍ഖര്‍ തന്റെ ടോളിവുഡ് യാത്ര മനോഹരമാക്കുന്നത്. ചിത്രത്തില്‍ കൃഷ്ണ എന്ന സാധാരണക്കാരനായ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്മാന് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറില് സൂചിപ്പിച്ച പോലെ സാത്വിക അവതരിപ്പിച്ച കല്പന എന്ന കഥാപാത്രത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള യാത്രയാണ് എ.ഒ.ടി, ഇതിനുള്ള ശക്തിയായും ചിത്രത്തിലെ ഇമോഷണല്‍ കണക്ഷനും കൈകാര്യം ചെയ്യുന്നത് ദുല്‍ഖറിന്റെ കഥാപാത്രമാണ്.
ആകാശത്തില്‍ ഒരു താരകം. Photo: Dulquer Salmaan/ X.com
തങ്ങളുടെ സൂപ്പര്‍ താരങ്ങളും മുന്‍നിര താരങ്ങളും മാസ് മസാല ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ ഓടുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയില്‍, സമൂഹത്തിന് ബോധവത്കരണം നല്കുന്ന പ്രമേയമുള്ള ചിത്രവുമായെത്തിയ ദുല്‍ഖറും സംവിധായകനും നിര്‍മാതാക്കളും മറ്റ് അണിയറപ്രവര്‍ത്തകരും വലിയ കൈയടി അര്‍ഹിക്കുന്നു. ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കല്പന എന്ന പെണ്‍കുട്ടി അവളുടെ ആഗ്രഹം എത്തിപ്പിടിക്കുന്ന കഥ രാജ്യത്തെ പ്രസക്തമായ പല സാമൂഹിക വിഷയങ്ങളെയും കൈകാര്യം ചെയ്യുന്നു.
‘ബേട്ടി ബച്ചാവേ ബേട്ട് പഠാവോ’ പദ്ധതിയുടെ അടക്കം പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ അഡ്മിഷന് എടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഉയര്‍ന്ന ക്ലാസുകളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും സ്ഥിതി ഇന്നും വ്യത്യസ്തമല്ല. ഉയര്‍ന്ന ക്ലാസുകളിലേക്കെത്തുമ്പോള്‍ പഠനം നിര്‍ത്തി പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആണ്‍കുട്ടികളാണ് കുടുംബത്തിന്റെ ഭാവിയെന്ന ധാരണയുള്ള ഇന്ത്യയിലെ ഉള്‍ഗ്രാമത്തിലെ കുടുംബങ്ങള്‍ തങ്ങളുടെ പെണ്‍കുട്ടികളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതോടെയാണ് പത്താം തരത്തിന് ശേഷം പെണ്‍കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാകാതെ പോകുന്ന സ്ഥിതിയുണ്ടാകുന്നത്. ഇതിനൊപ്പം ശൈശവ വിവാഹവും, കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയും, ജാതി-വര്‍ഗ വിവേചനങ്ങളും ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നു. 8 മുതല്‍ ഒമ്പത് ശതമാനം വരെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തരത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്ന അസമത്വത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു മുഖ്യധാര സിനിമയാണ് ആകാശത്ത് ഒരു താരകം. പ്രതിസന്ധികള്‍ ഒട്ടനവധിയുണ്ടായിട്ടും തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന കല്പന എന്ന പെണ്‍കുട്ടിയെയും ഇത് മനസിലാക്കി കൂടെ നില്ക്കുന്ന പങ്കാളി കൃഷ്ണയുടെയും കഥ ഇമോഷണലി കണക്ടാക്കി കൊണ്ട് തന്നെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്. തുടക്കം മുതല്‍ തന്നെ പറയാനാഗ്രഹിക്കുന്ന വിഷയത്തെ അതിന്റെ പൂര്‍ണതയില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സാധിക്കുന്നിടത്ത് തന്നെ സിനിമ വിജയിക്കുന്നുണ്ട്.
ആകാശത്തില്‍ ഒരു താരകം. Photo: Dulquer Salmaan/ Youtube.com
ദൈവസ്ങ്കല്പങ്ങളെയും കക്ഷിരാഷ്ട്രീയ താത്പര്യങ്ങളെയും മുന്‍നിര്‍ത്തി ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കുന്ന നിലവിലെ ഇന്ത്യയിലെ സിനിമാ മേഖലയില്‍ ആകാശത്തില്‍ ഒരു താരകം അര്‍ത്ഥവത്താകുന്നതും ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ്. ചിത്രം കാണാന്‍ തിയേറ്ററുകളിലെത്തുന്നവരില് പുരോഗമനപരമായ ഒരു ആശയം കൈമാറുന്നതില്‍ ചിത്രം വലിയ വിജയമാണ് നേടിയിരിക്കുന്നത് എന്ന് നിസംശയം പറയാം.
Content Highlight: Socially responsible issue discussed in Dulquer Salmaan starrer Aakasam lo Oka tara