ഈ വര്‍ഷം സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു ഐ, നോബഡി. റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരുന്നു. റിലീസിന് മുമ്പുണ്ടായിരുന്ന പ്രതീക്ഷകള്‍ പൂര്‍ണമായി കാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. സമ്മിശ്ര പ്രതികരണമാണ് ഐ, നോബഡിക്ക് ലഭിക്കുന്നത്.
രാജീവന്‍ എന്ന സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരു ബാങ്ക് കൊള്ളയുടെ ഭാഗമാകുന്നതും പിന്നീട് അയാളുടെ ജീവിതം മാറിമറിയുന്നതുമാണ് സിനിമയുടെ കഥ. നല്ല രീതിയില്‍ പോയ ആദ്യപകുതിയായിരുന്നെങ്കിലും അതിനോട് നീതി പുലര്‍ത്താത്ത ക്ലൈമാക്‌സാണ് ചിത്രത്തിന് തിരിച്ചടിയായത്. അതുവരെ കൊണ്ടുപോയ ഫ്‌ളോ നശിപ്പിച്ചതുപോലെയായിരുന്നു ഐ, നോബഡിയുടെ ക്ലൈമാക്‌സ്. അപാരമായ മേക്കിങ്ങിനൊപ്പം ചില ട്രോളുകളും സിനിമയില്‍ അങ്ങിങ്ങായി ഉണ്ട്.
പലനാടന്‍ മലയാളി Photo: Movie Hub/ X.com
ഓണ്‍ലൈന്‍ ചാനലില്‍ വായില്‍ തോന്നിയത് വിളിച്ച് പറയുന്ന സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകനയ ഒരാളെ പച്ചക്ക് പരിഹസിച്ച് വിടുന്നുണ്ട്. അടിസ്ഥാനരഹിതമായ റൂമര്‍ വാര്‍ത്തയെന്ന പേരില്‍ പങ്കുവെക്കുന്ന ‘പലനാടന്‍ മലയാളി’ എന്ന യൂട്യൂബ് ചാനലും അതിലെ മാധ്യമപ്രവര്‍ത്തകനും തിയേറ്ററുകളിലില്‍ ചിരിപടര്‍ത്തി. ചാനലിന്റെ പേരും അതിന്റെ ഉടമയുടെ ഗെറ്റപ്പും കൊണ്ട് സംവിധായകന്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. ട്രോള്‍ കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതിന്റെ തെളിവാണ് അയാള്‍ കഴിഞ്ഞദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്.
പലനാടന് ശേഷം പിന്നീട് ഇതുപോലെ ചിരി പടര്‍ത്തിയ മറ്റൊന്നായിരുന്നു ക്ലൈമാക്‌സിലെ ഡയലോഗ്. ‘ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിഞ്ഞ എം.എല്‍.എ അനൂപ് തോട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തു’ എന്ന ഡയലോഗ് ചിരിയുടെ പെരുന്നാള്‍ തീര്‍ത്തു. സിനിമയുമായി ഒരു ബന്ധവുമില്ലെങ്കിലും ഈയൊരു ഡയലോഗ് ഹിറ്റായി മാറി. ‘ഹൂ കെയേഴ്‌സ്’ എന്ന് പുച്ഛത്തോടെ പറഞ്ഞ പഴയ എം.എല്‍.എയെ ട്രോളി ശൂന്യാകാശത്തേക്ക് എത്തിച്ച ഡയലോഗായിരുന്നു ഇത്.
ഐ, നോബഡി Photo: Prithviraj Sukumaran/ Facebook
എന്നിരുന്നാലും ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള 20 മിനിറ്റ് സിനിമക്ക് തിരിച്ചടിയായി മാറി. രാജീവന്‍ എന്ന കഥാപാത്രം മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന രംഗവും പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സുകളുമെല്ലാം അതുവരെയുണ്ടായിരുന്ന ആസ്വാദനത്തിന് കല്ലുകടിയായി മാറി. ഈയൊരു ഭാഗത്ത് മാറ്റം വരുത്തിയെങ്കില്‍ ഗംഭീര സിനിമാനുഭവമായി ഐ, നോബഡി മാറിയേനെ.
വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഗംഭീരമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഓരോ ഫൈറ്റും വളരെ ഗംഭീരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ലിഫ്റ്റ് ഫൈറ്റ്, ബസ് ഫൈറ്റ്, പൊലീസ് സ്റ്റേഷന്‍ ഫൈറ്റ്, എന്നിങ്ങനെ ഓരോ ആക്ഷന്‍ ബ്ലോക്കുകളിലും പൃഥ്വിരാജ് നല്‍കിയ എഫര്‍ട്ട് കൈയടി അര്‍ഹിക്കുന്നതാണ്.
Content Highlight: Socially relevant topics in I Nobody movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ