| Friday, 31st October 2025, 11:52 am

ക്ഷേമ പെന്‍ഷന്‍; നവംബറില്‍ കയ്യിലെത്തുക 3600 രൂപ: മന്ത്രി കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നവംബറില്‍ 3,600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

വര്‍ധിപ്പിച്ച 2,000 രൂപ പെന്‍ഷന്‍ നവംബറില്‍ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കും. നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും.

വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന് 1,042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെന്‍ഷന്‍ കുടിശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കുകുകയാണെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നല്‍കുമെന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ നയ സമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെന്‍ഷന്‍ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.

അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടിശികയുടെ രണ്ടു ഗഡുക്കള്‍ നല്‍കി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയില്‍ തന്നെ ബാക്കിയുള്ളതില്‍ രണ്ടു ഗഡുക്കളുടെയും വിതരണം പൂര്‍ത്തിയാക്കിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് അവസാന ഗഡു കുടിശികയും നല്‍കുന്നത്. 2024 ഏപ്രില്‍ മുതല്‍ അതാത് മാസം തന്നെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നു.

ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഇത്രയേറെ വിപുലമായ ഒരു സാമൂഹൃ സുരക്ഷാ പദ്ധതിയുള്ളത്. സാര്‍വത്രിക ക്ഷേമ പെന്‍ഷന്‍ ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. പ്രതിമാസം മുടക്കമില്ലാതെ 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്.

ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തിക്കുന്നു. വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന് പ്രതിമാസം 1050 കോടിയോളം രൂപ വേണ്ടി വരും. പ്രതിവര്‍ഷ ചെലവ് 13,000 കോടിയോളം രൂപ വകയിരുത്തണം.

ഈ സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് അനുവദിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലയളവില്‍ 35,154 കോടി രൂപ വിതരണം ചെയ്തു. ഇത് 2011-16 കാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെയാണ്. ഒമ്പതര വര്‍ഷംകൊണ്ട് സര്‍ക്കാര്‍ ചെലവിട്ടത് 80, 671 കോടി രൂപ.

ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേര്‍ക്കുമാത്രം. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികള്‍ക്ക് ലഭിക്കുന്നത്. ഇതിലും 400 കോടിയില്‍ അധികം രൂപ കേരളത്തിന് തരാനുണ്ട്. ഈ തുക കൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കുന്നു.

ക്ഷേമപെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 2,000 രൂപയായി വര്‍ധിപ്പിച്ചത് പിണറായി സര്‍ക്കാരുകളാണ്. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 100 രൂപ വര്‍ധിപ്പിച്ച് 600 രൂപയാക്കിയ ക്ഷേമപെന്‍ഷന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ 1,600 രൂപയിലേക്ക് ഉയര്‍ത്തി. അത് ഈ സര്‍ക്കാര്‍ 2,000 രൂപയായി വര്‍ധിപ്പിച്ചു.

Content Highlight: Social Security and Welfare Fund pension beneficiaries will receive a welfare pension of Rs 3,600 each in November.

We use cookies to give you the best possible experience. Learn more