| Sunday, 25th January 2026, 9:30 am

ടി.വി.കെയ്ക്ക് വേണ്ടി ധോണിയും സി.എസ്.കെയും പ്രൊമോഷനിറങ്ങും? സോഷ്യല്‍ മീഡിയ മുഴുവന്‍ വിസില്‍ മയം

അമര്‍നാഥ് എം.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വിജയ് ആരംഭിച്ച പാര്‍ട്ടിയാണ് തമിഴക വെട്രി കഴകം. സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ച വിജയ്ക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാനാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രോള്‍ പേജുകളിലെ പ്രധാന വിഷയം ടി.വികെയാണ്.

സൂപ്പര്‍താരങ്ങളെ വരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ട്രോളുന്ന തമിഴ് പേജുകളുടെ പുതിയ ഇരയായി ടി.വി.കെ മാറി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചിഹ്നം വിസില്‍ ആയേക്കുമെന്ന് കുറച്ചുദിവസം മുമ്പ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കമ്മീഷന്റെ മുന്നില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വിസിലിനാണ് മുന്‍ഗണനയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ടി.വി.കെയെ ട്രോളന്മാര്‍ ഏറ്റെടുത്തു.

പാര്‍ട്ടി ചിഹ്നത്തിന് എങ്ങനെയെല്ലാം ഫ്രീ പ്രൊമോഷന്‍ ചെയ്യാമെന്ന ചിന്തയില്‍ നിന്നാണ് പല ട്രോളുകളും. തമിഴ്‌നാടിന്റെ ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടി.വി.കെക്ക് വേണ്ടി പ്രചരണം നടത്തുമെന്നാണ് പ്രധാന ട്രോള്‍. സി.എസ്.കെയുടെ ‘വിസില്‍ പോട്’ എന്ന ടാഗ്‌ലൈന്‍ ഇനി ടി.വി.കെ ഏറ്റെടുക്കുമെന്നും ട്രോളുകളുണ്ടായിരുന്നു.

ചെന്നൈയുടെ താരങ്ങളെല്ലാം വിസിലടിക്കുന്നതിന്റെ ചിത്രങ്ങളിലെല്ലാം ടി.വി.കെയുടെ ഷാള്‍ അണിയിച്ചുകൊണ്ടുള്ള എഡിറ്റഡ് ചിത്രങ്ങളും വൈറലായി. ചെന്നൈയുടെ മാച്ചിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും മകന്‍ ഉദയനിധിയും വിസിലടിക്കുന്ന ചിത്രത്തെയും ട്രോളന്മാര്‍ വെറുതേ വിട്ടിട്ടില്ല. എന്നാല്‍ ഇതിനെല്ലാം പുറമെ ട്രോളന്മാര്‍ കണ്ടുപിടിച്ച മറ്റൊരു കാര്യമാണ് ചര്‍ച്ചയായത്.

വിജയ്‌യുടെ മുന്‍ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലെ ഇന്‍ട്രോ സോങ്ങ് ‘വിസില്‍ പോട്’ എന്നായിരുന്നു. റിലീസ് സമയത്ത് ഒരുപാട് വിമര്‍ശനം കേട്ട പാട്ടായിരുന്നു ‘വിസില്‍ പോട്’. യുവന്‍ ശങ്കര്‍ രാജ കമ്പോസ് ചെയ്ത ഈ ഗാനം ഇനി ടി.വി.കെയുടെ ഇലക്ഷന്‍ പ്രചരണഗാനമായേക്കുമെന്നും ട്രോളുണ്ട്. യുവന്റെ ദീര്‍ഘവീക്ഷണത്തെയും ചിലര്‍ ഇപ്പോള്‍ അഭിനന്ദിക്കുന്നുണ്ട്.

മെര്‍സലിലെ ‘ആളപ്പോരാന്‍ തമിഴന്‍’ എന്ന ഗാനരംഗത്തില്‍ ഹോളി ആഘോഷത്തില്‍ മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങള്‍ മാത്രം ഉപയോഗിച്ചത് പാര്‍ട്ടി പ്രഖ്യാപന സമയത്ത് ചര്‍ച്ചയായിരുന്നു. ടി.വി.കെയുടെ കൊടിയിലെ നിറങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമയില്‍ ഉപയോഗിച്ചത് യാദൃശ്ചികതയല്ലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ രാഷ്ട്രീയത്തിലേക്ക് കടക്കാമെന്ന് വിജയ് ചിന്തിച്ചതല്ലെന്നും വര്‍ഷങ്ങളായുള്ള ഹോംവര്‍ക്കിന്റെ റിസല്‍ട്ടാണ് ടി.വി.കെ എന്ന പാര്‍ട്ടിയെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

Content Highlight: Social Media trolls viral after the rumors Spread that TVK’s symbol will be whistle

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more