| Wednesday, 11th February 2026, 6:02 pm

പുതു പുക യാത്ര; എല്ലാരുടെയും പുക കണ്ടിട്ടേ യാത്ര അവസാനിക്കൂ; പുതുയുഗയാത്രയിലെ തമ്മില്‍ തല്ലിനെ ട്രോളി സോഷ്യല്‍മീഡിയ

അനിത സി

കോഴിക്കോട്: കുറ്റ്യാടിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയ്ക്കിടെ സ്റ്റേജില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലിയ സംഭവത്തെ ട്രോളി സോഷ്യല്‍മീഡിയ.

യാത്രയ്ക്ക് കുറ്റ്യാടിയില്‍ സംഘടിപ്പിച്ച സ്വീകരണത്തിനിടെ ജാഥാ ക്യാപ്റ്റനായ വി.ഡി. സതീശനെ സംസാരിക്കാനായി ക്ഷണിക്കുന്നതിനിടെയാണ് വേദിയില്‍ വെച്ച് ഷാഫി പറമ്പില്‍ എം.പിയും അധ്യക്ഷ പ്രാസംഗികനും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. യോഗത്തില്‍ സമയത്ത് സംസാരിക്കാനായി നേതാക്കളുടെ നീണ്ട നിരതന്നെ വേദിയിലുണ്ടായിരുന്നു.

ഇതിനിടെ, അധ്യക്ഷ പ്രാസംഗികനും ഡി.സി.സി സെക്രട്ടറിയുമായ പ്രമോദ് കക്കട്ടില്‍ ഷാഫി പറമ്പിലിനെ ക്ഷണിക്കാതെ വി.ഡി. സതീശനെ സംസാരിക്കാനായി ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് നീരസം പ്രകടിപ്പിച്ച ഷാഫി പറമ്പില്‍ പ്രമോദ് കക്കട്ടിലിനോട് തട്ടിക്കയറുകയും ‘എന്നെയല്ലേ വിളിക്കേണ്ടത്’ എന്ന് ചോദിക്കുന്നതും വീഡിയോകളില്‍ കാണാം.

കൂടാതെ ഷാഫി മൈക്കിനരികില്‍ നിന്നും പ്രമോദിനെ തള്ളിനീക്കാന്‍ ശ്രമിക്കുകയും ചെയ്തു. തിരക്കിനിടയില്‍ പ്രതിപക്ഷ നേതാവ് മൈക്കിനടുത്തെത്താന്‍ തന്നെ പ്രയാസപ്പെട്ടിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ തല്ല് അവസാനിപ്പിക്കുന്നില്ല.

വി.ഡി. സതീശന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ പിണങ്ങി വേദി വിട്ടിറങ്ങാന്‍ ശ്രമിക്കുന്ന ഷാഫി പറമ്പിലിനെ മറ്റ് നേതാക്കള്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഈ സമയത്താണ് ഷാഫി അധ്യക്ഷ പ്രാസംഗികന്റെ കഴുത്തില്‍ പിടിച്ച് പിന്നോട്ട് വലിച്ച് പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ഒടുവില്‍ ഷാഫി പറമ്പിലിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചെങ്കിലും ഒറ്റ വരിയില്‍ പ്രസംഗം അവസാനിപ്പിച്ച് പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം.

വൈകിയെത്തിയ പ്രതിപക്ഷ നോതാവിന് സംസാരിക്കാനായി അവസരമൊരുക്കുകയും സ്ഥലത്ത് നേരത്തെ മുതല്‍ തന്നെയുണ്ടായിട്ടും സംസാരിക്കാന്‍ അവസരം നല്‍കാത്തതുമാണ് ഷാഫി പറമ്പിലിനെ ചൊടിപ്പിച്ചത്.

വേദിയിലെ ഷാഫിയുടെയും മറ്റ് നേതാക്കളുടെയും തള്ളിനും ബഹളത്തിനുമിടയില്‍ വേദിയിലെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തള്ളേറ്റ് പുറകിലേക്ക് മറിഞ്ഞുവീഴുന്നതും പുറത്തെത്തിയ വീഡിയോകളില്‍ വ്യക്തമാണ്.

സോഷ്യല്‍മീഡിയ ഷാഫിയുടെയും വി.ഡി. സതീശന്റെയും പ്രസംഗത്തേക്കാളും ശ്രദ്ധിച്ചത് വേദിയില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ തല്ലും മുല്ലപ്പള്ളി വീണതുമാണ്. നിരവധി ട്രോളുകളാണ് ഈ വിഷയത്തില്‍ ഉയരുന്നത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പങ്കുവെച്ച ഒരു ട്രോള്‍ മീം ഇതിനിടെ ഏറെ ശ്രദ്ധേയമായി. സംസാരിക്കാനെത്തുന്ന വി.ഡി സതീശന് വേണ്ടി അധ്യക്ഷ പ്രാസംഗികനെ തടഞ്ഞുനിര്‍ത്തുന്ന ഷാഫി പറമ്പിലിന്റെ ചിത്രവും കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയിലെ സുകുമാരനെ തടഞ്ഞുനിര്‍ത്തുന്ന ഇന്നസെന്റിന്റെ പ്രശസ്തമായ മീമും കൂട്ടിച്ചേര്‍ത്താണ് സനോജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ ഏറെ രസകരമായ കമന്റുകളുമുണ്ട്.

എല്ലാരുടെയും പുക കണ്ടിട്ടേ യാത്ര അവസാനിക്കൂ, പുതുപുകയാത്ര എന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റ്.

‘മുല്ലപ്പള്ളി: മേലെ ലൈറ്റ് ഉള്ള വണ്ടി വിളിക്കൂ’,

‘കുറ്റ്യാടിയില്‍ കൂട്ടയടിയെങ്കില്‍ കൊല്ലത്തെത്തുമ്പോള്‍ കൊല്ലാതിരുന്നാല്‍ മതി’

‘കേരളത്തിന് മുന്നേ മുല്ലപ്പള്ളിയെ വീണ്ടെടുക്കൂ’

അടിയുഗ യാത്ര, അടിപിടിയാത്ര, ഐക്യജനാധിപത്യ കൂട്ടയടി, തുടങ്ങിയ കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്.

ഇതോടൊപ്പം തന്നെ ഇതല്ല യാഥാര്‍ത്ഥ്യമെന്ന് വിശദീകരിക്കുന്ന തരത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഷാഫി പറമ്പിലിനെ സംസാരിക്കാനായി ക്ഷണിക്കുമ്പോള്‍ സമയം വൈകിയതിനാല്‍ അദ്ദേഹം സംസാരിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും സ്‌നേഹത്തോടെയുള്ള നിരസിക്കലിനിടെ തള്ളും ബഹളവുമുണ്ടായി എന്നുമാണ് കോണ്‍ഗ്രസ് അനുകൂലികളുടെ വിശദീകരണം.

Content Highlight: Social media trolls the fight between Congress Leaders’ at Puthuyuga Yathra

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more