മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന കോമഡി ചിത്രം ആട് 3യുടെ റിലീസിന് മുന്നോടിയായി പുറത്തുവിട്ട ഒരു പ്രത്യേക ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.
കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്തുവിട്ട ഈ വീഡിയോ പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങൾക്കാണ് വഴിവെച്ചത്. ആട് 3 സീൻ ഒന്ന് ഇന്നലെ സംഭിവിച്ചത് എന്ന കാപ്ഷ്യനോടെയാണ് വീഡിയോ പുറത്തുവിട്ടത്
വീഡിയോയുടെ തുടക്കത്തിൽ തന്നെ നടൻ സൈജു കുറുപ്പ് അറക്കൽ അബുവായി വീണ്ടും എത്തുന്നതാണ് ശ്രദ്ധേയമായത്. ആത്മവിശ്വാസത്തോടെ രംഗപ്രവേശം ചെയ്യുന്ന അബു, ആദ്യഭാഗത്തിലെ കുഞ്ഞപ്പനുമായി പഴയ പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്നതും കാണാം.
സൈജു കുറുപ്പ് , Photo: YouTube/Screengrab
എന്നാൽ പ്രതികാര ശ്രമം പരാജയപ്പെടുകയും അബു പരിക്കേറ്റ് ഷാജി പാപ്പന്റെ തകർന്ന വാനിന് മുകളിൽ കിടക്കുന്ന നിലയിലേക്കാണ് ദൃശ്യം നീങ്ങുന്നത്.
പിന്നാലെ സംഘത്തിലെ മറ്റു കഥാപാത്രങ്ങൾ എത്തി വലിയ പ്രശ്നത്തിലാണെന്ന് സൂചന നൽകുകയും, ബാക്കി കഥ മാർച്ച് 19ന് തിയേറ്ററുകളിൽ കാണാമെന്ന് അറിയിച്ചുകൊണ്ട് വീഡിയോ അവസാനിക്കുകയും ചെയ്യുന്നു. എന്നാൽ ജയസൂര്യയുടെ ഷാജി പാപ്പൻ ഈ ദൃശ്യത്തിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നതും ശ്രദ്ധേയമായി.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയാണ്. ‘അബുവിന്റെ അഭിനയം ഒന്ന് ഓവർ ആയില്ലേ?, ബുക്ക് ചെയ്തത് വെറുതെയാകുമോ, സിനിമ കാണാനുള്ള മൂഡ് പോയി തുടങ്ങിയ പ്രതികരണങ്ങളാണ് ചിലർ പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ച് സൈജു കുറുപ്പിന്റെ പ്രകടനം ‘ആർട്ടിഫിഷ്യൽ’ ആയി തോന്നുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
എന്നാൽ ഇതോടൊപ്പം ശക്തമായ ആരാധക പിന്തുണയും ചിത്രത്തിന് കാണാം. ‘ആട്’ എന്ന ചിത്രം ആരംഭം മുതൽ തന്നെ ക്യാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത് എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
ആട് 3, Photo: YouTube/ Screengrab
അബു, ഷാജി പാപ്പൻ, ക്ലീറ്റസ്, ഷമീർ, ശശി ആശാൻ, ഡ്യൂഡ്, സാത്താൻ സേവ്യർ തുടങ്ങി എല്ലാ കഥാപാത്രങ്ങളും ഹാസ്യശൈലിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിനാൽ ഈ രീതിയെ സിനിമയുടെ ഭാഗമായിട്ട് കാണണമെന്നും അവർ പറയുന്നു.
വലിയ ബിൽഡപ്പോടെ എത്തി പിന്നീട് ചമ്മുന്ന കഥാപാത്രങ്ങളാണ് ‘ആട്’ സിനിമയുടെ പ്രത്യേകത. തുടക്കത്തിലെ ഒരു സീനിനെ മാത്രം ആശ്രയിച്ച് സിനിമയെ വിലയിരുത്തേണ്ടതില്ല, എന്ന നിലപാടും ആരാധകർ മുന്നോട്ടുവെക്കുന്നു.
ക്ലൈമാക്സ് ഭാഗങ്ങളിൽ മാത്രമാണ് ‘പാപ്പനും പിള്ളേരും’ തിളങ്ങാറുള്ളതെന്നും, അതുവരെ സംഭവിക്കുന്ന ഗതിവിഗതികളാണ് സിനിമയുടെ രസം എന്നും അവർ കൂട്ടിച്ചേർക്കുന്നു.
അതേസമയം, ‘ഇത് ഡിലീറ്റഡ് സീനായിരുന്നെങ്കിൽ നന്നായേനേ’ എന്ന തരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.
വിമർശനങ്ങളും പിന്തുണയും ഒരുപോലെ ഉയരുന്ന സാഹചര്യത്തിൽ, ആട് 3 തിയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ചിത്രം മാർച്ച് 19 (നാളെ) ന് തിയേറ്ററുകളിലെത്തും. ജയസൂര്യ നായകനായെത്തുന്ന ചിത്രത്തിൽ വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രത്തിലെത്തുന്നത്.
Content Highlight: Social media trolls Saiju Kurup’s acting