അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ ചിത്രമാണ് ‘സർവ്വം മായ’. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കുള്ള നിവിൻ പോളിയുടെ തിരിച്ചുവരവായാണ് ചിത്രം പ്രേക്ഷകർ വിലയിരുത്തിയത്. നിവിന്റെ കംബാക്ക് എന്ന വിശേഷണത്തോടെയാണ് ‘സർവ്വം മായ’ തിയേറ്ററുകളിൽ എത്തിയത്. വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിച്ച നിവിൻ–അജു വർഗീസ് കൂട്ടുകെട്ടും ആരാധകർ ആവേശത്തോടെ സ്വീകരിച്ചു.
ചിത്രത്തിലെ മറ്റൊരു ആകർഷണമായിരുന്നു, മനുഷ്യരെ പേടിപ്പിക്കാത്തതും മനുഷ്യരെ കാണുമ്പോൾ പേടിക്കുന്നതുമായ ക്യൂട്ട് യക്ഷിയായ ഡെലൂലു എന്ന കഥാപാത്രം. ഈ കഥാപാത്രം പ്രേക്ഷക ഹൃദയം കീഴടക്കിയെന്നതിൽ സംശയമില്ല.
‘സർവ്വം മായ, Photo: IMDb
എന്നാൽ തിയേറ്റർ റിലീസിന് ശേഷം ഏറെ ചർച്ചകൾക്കും വ്യത്യസ്ത അഭിപ്രായങ്ങൾക്കും വഴിയൊരുക്കിയ ചിത്രം, ഇപ്പോൾ വിമർശനങ്ങൾക്കും ഇരയാകുകയാണ്. തുടക്കത്തിൽ നിവിൻ പോളിയുടെ അഭിനയത്തെ പ്രശംസിച്ചിരുന്ന പ്രേക്ഷകർ, പിന്നീട് സിനിമയിലെ ചില രംഗങ്ങളെയും നിവിന്റെ പ്രകടനത്തിലെ പോരായ്മകളെയും ചൂണ്ടിക്കാണിക്കുകയാണ്.
ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്നത്, നിരീശ്വരവാദിയായും ഒരു മ്യൂസിക് ട്രൂപ്പിൽ ഗിറ്റാറിസ്റ്റായും പ്രവർത്തിക്കുന്ന ഇന്ദൂട്ടി എന്ന പ്രഭേന്ദുവെന്ന കഥാപാത്രത്തെയാണ്. വിശ്വാസമില്ലാത്തവനായിട്ടും പണത്തിനായി പൂജ ചെയ്യാൻ തയ്യാറാകുന്ന വ്യക്തിയായി അവതരിപ്പിക്കപ്പെടുന്ന പ്രഭേന്ദുവിന് , സിനിമയുടെ അവസാനഘട്ടത്തിൽ തന്റെ ആഗ്രഹം പോലെ വലിയൊരു ടീമിനൊപ്പം ഗിറ്റാറിസ്റ്റായി വേദിയിൽ നിൽക്കാനുള്ള അവസരം ലഭിക്കുന്നു.
പല്ലാവൂർ ദേവനാരായണൻ, Photo: YouTube/ Screengrab
എന്നാൽ ചിത്രത്തിന്റെ അവസാനം സ്റ്റേജിൽ നിന്ന് ഗിറ്റാർ വായിക്കുന്ന രംഗത്തിലാണ് നിവിൻ പോളിയുടെ അഭിനയത്തെക്കുറിച്ച് വിമർശനങ്ങൾ ഉയരുന്നത്. ഗിറ്റാർ കൈകാര്യം ചെയ്യുന്നത് ഒരു വാദ്യം ഉപയോഗിക്കാൻ പരിചയമുള്ള ആളെപ്പോലെ തോന്നുന്നില്ല, മറിച്ച് ‘എന്തോ ഒരു മരക്കഷണം പിടിച്ചു നിൽക്കുന്ന ഫീൽ’ ഉണ്ടെന്നുമാണ് ചില പ്രേക്ഷകരുടെ അഭിപ്രായം. ലോങ്ങ് ഷോട്ടുകളിൽ ഈ അസൗകര്യം കൂടുതൽ വ്യക്തമായതായി കാണാമെന്നും സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ വിമർശിച്ചു.
ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയരുമ്പോൾ തന്നെ, ‘പല്ലാവൂർ ദേവനാരായണൻ’ എന്ന ചിത്രത്തിൽ മമ്മൂട്ടി ചെണ്ട കൊട്ടുന്ന രംഗവും ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെണ്ട കൊട്ടാൻ ആവശ്യമായ താളബോധം ഇല്ലാത്തതിനാൽ ആ രംഗം ബോറായിപ്പോയെന്ന വിമർശനവും, അത് മറയ്ക്കാൻ മുഖം ക്ലോസ് ഷോട്ടുകളിൽ മാത്രം കാണിച്ചതായും ചിലർ ആരോപിക്കുന്നു.
മോഹൻലാൽ, Photo: IMDb
ഇതോടൊപ്പം, ‘മോഹൻലാൽ കഥകളിയോ ഭരതനാട്യമോ അറിഞ്ഞില്ലെങ്കിലും സ്ക്രീനിൽ അത് വൃത്തിയായി അവതരിപ്പിക്കും’ എന്ന തരത്തിലുള്ള താരതമ്യ കുറിപ്പുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. എന്നാൽ, മോഹൻലാലിന്റെ ചില ഇൻട്രോ സീനുകളെ കളിയാക്കി പറയുന്നവരും ഒരു കൂട്ടമുണ്ട്.
മോഹൻലാലിന് താള ബോധം ആവോളം ഉള്ളത് കൊണ്ടാവും ചരിത്ര കഥാപാത്രങ്ങൾ ചെയ്യുമ്പോൾ കോമാളി ആയി മാറുന്നത്, സർവ്വം മായയിൽ റെക്കോർഡിങ് സീനിൽ കുഴപ്പം ഇല്ലായിരുന്നു, ഗിറ്റാർ പിടിച്ചു നിൽക്കുന്ന സീനിലെ വൈബുമായി മാച്ച് ഇല്ലാതെ പോയി, രാവണപ്രഭു സിനിമയിൽ ഇൻട്രോ സീനിൽ സവാരി ഗിരി ഗിരി എന്നും പറഞ്ഞു കാറിൽ നിന്ന് ഇറങ്ങി കാൽ കൊണ്ട് ഡോർ അടക്കുന്ന സീനും പിന്നെ വയറു ചാടിയത് എടുത്ത് കാണിക്കുന്ന ഷർട്ടും, മഹാ ബോറല്ലേ ആ സീൻ, നരസിംഹത്തിൽ ഇൻട്രോ സീനിൽ വെള്ളത്തിൽ നിന്ന് പൊങ്ങുമ്പോൾ വായ പൊളിക്കുന്നത് എന്തൊരു ബോറാണ്. തുടങ്ങി നിരവധി കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നു.
ഒരു താരത്തെ ഒരുകാലത്ത് വാനോളം പുകഴ്ത്തുകയും, പിന്നീട് അതേ പ്രേക്ഷകർ തന്നെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് മലയാളി പ്രേക്ഷകരുടെ സ്ഥിരം പ്രവണതയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സർവ്വം മായ ഒ.ടി.ടിയിൽ എത്തുമ്പോൾ, സിനിമയെ വിമർശിക്കാൻ മാത്രമായി ഒരു വിഭാഗം ആളുകൾ സജീവമാകുമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
Content Highlight: Social media trolls Nivin pauly’s acting