| Friday, 19th June 2026, 8:38 am

അഭിനയിക്കാൻ ഞാൻ ഇല്ല, വേണേൽ വണ്ടി ഓടിക്കാം: ഐ നോബഡി യിലെ ഖാലിദ് റഹ്മാനെ ട്രോളി സോഷ്യൽ മീഡിയ

കെ.എസ് ഷാബിന

റോഷാക് എന്ന ഗംഭീര ഹിറ്റിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐ നോബഡി’. ഒരു മാസം മുമ്പ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ തന്നെ വലിയ പ്രതീക്ഷയാണ് ചിത്രം നൽകിയത്. ഇന്നലെ സിനിമയുടെ ട്രെയ്ലറും ഇറങ്ങിയതോടെ ചിത്രത്തിന്റെ ഹൈപ്പ് വർധിച്ചിരിക്കുകയാണ്.

ഒരു ബാങ്ക് ഹെയ്‌സ്റ്റ് ആണ് സിനിമയുടെ പ്രമേയം എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. എന്നാൽ പക്കാ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെയും ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് ആണ് പൃഥ്വിയുടെ നായികയായി എത്തുന്നത്. ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രേത്യേകതയും നോബഡിക്ക് ഉണ്ട്.

ഐ നോബഡി.Photo:Youtube

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തല്ലുമാല തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് ഖാലിദ് റഹ്മാൻ. സംവിധായകൻ എന്നതിലുപരി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അവസാനമായി മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിലും അദ്ദേഹം വേഷമിട്ടിരുന്നു. മഞ്ഞുമ്മൽ ബോയ്സിൽ ‘പ്രസാദ്’ എന്ന ഡ്രൈവർ കഥാപാത്രമായിട്ടാണ് ഖാലിദ് എത്തിയത്. ഇപ്പോൾ പൃഥ്വി നായകനാകുന്ന ‘ഐ നോബഡി’ യുടെ ട്രെയ്‌ലർ പുറത്തു വന്നപ്പോൾ ചിത്രത്തിലും ഒരു ടാക്സി ഡ്രൈവറായിട്ടാണ് ഖാലിദ് എത്തുന്നത് എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.

ഇതോടെ ഖാലിദ് റഹ്മാനെ ട്രോളുകയാണ് സോഷ്യൽ മീഡിയ. സിനിമയിൽ ഒന്ന് അഭിനയിക്കണം എന്ന് ഖാലിദിനോട് സംവിധായകൻ പറയുമ്പോൾ ആദ്യം നോ പറയുന്ന ഖാലിദ്, പിന്നീട് വണ്ടി ഓടിക്കാൻ തരാം എന്ന് പറയുമ്പോൾ സമ്മതം പറയുന്നതായിയിട്ടാണ് സോഷ്യൽ മീഡിയ ട്രോളുകൾ. ഡ്രൈവർ സ്റ്റാർ എന്ന വിളിപ്പേരും കമന്റുകളിൽ കാണാം.

ഐ നോബഡി.Photo:Screengrab/Youtube

അദ്ദേഹം അഭിനയിച്ച എല്ലാം ഡ്രൈവർ കഥാപാത്രങ്ങൾ അല്ല. എന്നിരുന്നാലും ഇപ്പോൾ തുടർച്ചയായി ചെയ്യുന്ന കഥാപത്രങ്ങൾ അത്തരത്തിൽ ഉള്ളതായതുകൊണ്ടാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയ അദ്ദേഹത്തെ ട്രോളുന്നത്.

നോർത്ത് 24 കാതം, സപ്തമ.ശ്രീ. തസ്കരാഃ , പറവ , മയനാദി, സുലൈഖ മൻസിൽ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഇവയിൽ അദ്ദേഹം അസിസ്റ്റൻഡ് ഡയറക്ടർ ആയ നോർത്ത് 24 കാതം എന്ന സിനിമയിൽ ഒരു ഓട്ടോ ഡ്രൈവറായും ഖാലിദ് എത്തിയിരുന്നു. അതിനു ശേഷം മഞ്ഞുമ്മൽ ബോയ്സ് , ഇപ്പോഴിതാ ഏറ്റവും പുതിയ ‘ഐ നോബഡി’ എന്ന ചിത്രത്തിലും ഡ്രൈവറായി എത്തുമ്പോൾ മലയാള സിനിമയുടെ ഡ്രൈവർ ചേട്ടൻ എന്ന വിളിപ്പേരും അദ്ദേഹത്തെ തേടിയെത്തുകയാണ്.

മെഗാസ്റ്റാർ മമ്മൂട്ടി, ആസിഫ് അലി, നസ്‌ലെന്‍ തുടങ്ങി വൻതാരനിരയിൽ ഒരുങ്ങുന്ന മട്ടാഞ്ചേരി മാഫിയ ആണ് ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന പുതിയ ചിത്രം.

Content Highlight: Social media trolls Khalid Rahman over his recurring driver roles

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more