| Thursday, 2nd April 2026, 10:00 am

കോടികൾ ഇറക്കുന്നില്ലേ... അപ്പോൾ എന്റെ പടത്തിൽ എനിക്കൊരു റോൾ അത് നിർബന്ധം ആണ്; ഗോപാൽജിയെ നിർത്താതെ ട്രോളി സോഷ്യൽ മീഡിയ

നന്ദന എം.സി

കഴിഞ്ഞ ദിവസമാണ് ജയസൂര്യ നായകനായെത്തുന്ന ‘കത്തനാർ’ സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്. മലയാള സിനിമാസ്വാദകർ ഏറെ നാളായി കാത്തിരുന്ന ചിത്രങ്ങളിലൊന്നായതിനാൽ തന്നെ ട്രെയ്ലർ പുറത്തിറങ്ങിയതോടെ വലിയ ആവേശമാണ് പ്രേക്ഷകരിൽ ഉണ്ടായിരിക്കുന്നത്.

വർഷങ്ങളായി നിലനിന്നിരുന്ന പ്രേക്ഷക പ്രതീക്ഷകൾക്ക് നിറവേകാൻ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലാണ് ‘കത്തനാർ’ വിലയിരുത്തപ്പെടുന്നത്.

കത്തനാർ, Photo: X.com

ഐതിഹ്യമാലയിലൂടെ വായിച്ചും പഴയ സീരിയലുകളിലൂടെ പരിചിതമായ കത്തനാർ കഥകളിൽ നിന്ന് പൂർണമായും വ്യത്യസ്തമായ അവതരണമാണ് ഈ സിനിമയിൽ കാണാൻ കഴിയുമെന്ന് ട്രെയ്ലർ തന്നെ സൂചിപ്പിക്കുന്നുണ്ട്.

മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ദൃശ്യ വിസ്മയം സമ്മാനിക്കാനാണ് ചിത്രത്തിന്റെ ശ്രമമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ട്രെയ്ലറിലെ ഓരോ രംഗവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

നിരവധി വൻ താരങ്ങൾ അണിനിരക്കുന്ന ചിത്രമായ കത്തനാരിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രധാന ഘടകമാണ് ചിത്രത്തിന്റെ നിർമാതാവായ ഗോകുലം ഗോപാലനെ ട്രെയ്ലറിൽ കാണിച്ച രംഗങ്ങൾ.

ട്രെയ്ലർ പുറത്തിറങ്ങിയതുമുതൽ ഗോകുലം ഗോപാലനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് ഉയരുന്നത്.

കത്തനാർ, Photo: YouTube/ Screengrab

അദ്ദേഹം മുമ്പ് അഭിനയിച്ച ‘ഭ ഭ ബ’ എന്ന ചിത്രത്തിൽ ആശാൻ എന്ന കഥാപാത്രമായി എത്തിയതും വലിയ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. അതുപോലെ തന്നെയാണ് ഇപ്പോഴും വിവിധ സോഷ്യൽ മീഡിയ പേജുകളിൽ ഗോപാലനെ കുറിച്ചുള്ള പരിഹാസങ്ങളും വിമർശനങ്ങളും നിറയുന്നത്.

‘താൻ നിർമ്മിക്കുന്ന സിനിമ 10 കോടിയുടെയായാലും 100 കോടിയുടെയായാലും ഒരു വേഷം നിർബന്ധമാണെന്ന് കരുതുന്നത് ശരിയാണോ? നിർമാതാവാണെന്ന കാരണത്താൽ ഡയറക്ടറെ സമ്മർദ്ദത്തിലാക്കി വേഷം ചോദിച്ച് നേടുകയോ, ഇല്ലാത്ത ഒരു കഥാപാത്രം കൂട്ടിച്ചേർത്ത് സിനിമയുടെ ഒഴുക്ക് തകർക്കുകയോ ചെയ്യുന്നത് മോളിവുഡിൽ മാത്രമേ ഇപ്പോഴും കാണുന്നുള്ളൂ’ എന്ന രീതിയിലാണ് ചിലരുടെ വിമർശനം.

ഇതോടൊപ്പം തന്നെ ആന്റണി പെരുമ്പാവൂർ, വിജയ് ബാബു എന്നിവരെയും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്.

എന്തായാലും ‘ഭ ഭ ബ’യിലെ പോലെ ഗോകുലം ഗോപാലന്റെ സാന്നിധ്യം സിനിമയുടെ ഗുണമേന്മയെ ബാധിക്കാതിരിക്കട്ടെയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

മികച്ച ക്വാളിറ്റിയും മെയ്‌ക്കിങ്ങും കൊണ്ട് ‘കത്തനാർ’ മലയാള സിനിമയിലെ അടുത്ത 100 കോടി ചിത്രമായി മാറുമെന്ന പ്രതീക്ഷയാണ് പലരും പങ്കുവെക്കുന്നത്.

Content Highlight: Social media trolls Gokulam Gopalan

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more