ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സോഷ്യല്‍മീഡിയയിലൂടെ പിറന്നാളാശംസ നേര്‍ന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്.
മോദിയുടെ 75ാം പിറന്നാള്‍ ദിനത്തില്‍ എക്‌സ് പോസ്റ്റിലൂടെ ആശംസ അറിയിച്ചാണ് വിശ്വനാഥന്‍ ആനന്ദ് ട്രോളുകള്‍ക്ക് ഇരയായത്.
കഴിഞ്ഞ ദിവസം ‘മൈ മോദി സ്‌റ്റോറി’ എന്ന ഹാഷ് ടാഗിലാണ് മുന്‍ചെസ് ലോകചാമ്പ്യന്‍ മോദിക്ക് ആശംസ പോസ്റ്റ് ചെയ്തത്. സ്വന്തം അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്ത കുറിപ്പിന് മുകളിലായി ‘വിശ്വനാഥന്‍ ആനന്ദ് ജി’ എന്ന് ഉള്‍പ്പെട്ടിരുന്നു. ഒപ്പം നീണ്ട കുറിപ്പോടെയുമായിരുന്നു പോസ്റ്റ്.
എക്‌സില്‍ കുറിപ്പ് പോസ്റ്റ് ചെയ്യുമ്പോള്‍ സംഭവിച്ച ഈ അശ്രദ്ധകാരണമാണ് താരം സോഷ്യല്‍മീഡിയയില്‍ പരിഹാസപാത്രമായത്.
ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച് നിമിഷങ്ങള്‍ക്കകം തന്നെ വിശ്വനാഥന്‍ ആനന്ദിന് പറ്റിയ അബദ്ധം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു.
പിന്നാലെ, മോദിക്ക് വേണ്ടിയുള്ള പ്രമോഷണല്‍ പോസ്റ്റാണ് വിശ്വനാഥന്‍ ആനന്ദ് പങ്കുവെച്ചതെന്ന് സോഷ്യല്‍മീഡിയ കുറ്റപ്പെടുത്തുകയും ചെയ്തു.
ബി.ജെ.പി ഐ.ടി സെല്ലാണോ വിശ്വനാഥന്‍ ആനന്ദിന് കുറിപ്പ് എഴുതി തന്നതെന്നും സോഷ്യല്‍മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, വിമര്‍ശനങ്ങള്‍ വന്നതോടെ വിവാദകുറിപ്പ് പിന്‍വലിച്ച് ‘വിശ്വനാഥന്‍ ആനന്ദ് ജി’ എന്ന ഭാഗം ഒഴിവാക്കി കുറിപ്പ് റീപോസ്റ്റ് ചെയ്ത് തടിയൂരാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ഇതിനോടകം തന്നെ ആദ്യത്തെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
നിങ്ങള്‍ ബി.ജെ.പി ഐ.ടി സെല്ലിന്റെ അടിമയാണ് എന്നാണ് ഒരാള്‍ വിശ്വനാഥന്‍ ആനന്ദിനെ കുറ്റപ്പെടുത്തിയത്. ഐ.ടി സെല്ലില്‍ നിന്നും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും കോപി, പേസ്റ്റ് ചെയ്യുമ്പോള്‍ സൂക്ഷിക്കണ്ടേ എന്നും ഇവര്‍ ചോദിക്കുന്നു.
ഇത്തരത്തില്‍ ചിലര്‍ മുന്‍കൂട്ടി തയ്യാറാക്കിയ രാഷ്ട്രീയ സന്ദേശങ്ങളാണ് പ്രശസ്തരായ വ്യക്തികള്‍ പങ്കുവെയ്ക്കുന്നതെന്നും ഇവരുടെ വാക്കുകളെ എങ്ങനെ വിശ്വസിക്കുമെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.
പ്രമുഖ വ്യക്തികള്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ കൈമാറുന്ന മുഖപത്രങ്ങളായി പ്രവര്‍ത്തിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും പല എക്‌സ് ഉപയോക്താക്കളും വിമര്‍ശിച്ചു.
Content Highlight: Social media trolls against grand master Viswanathan Anand over his ‘Vishwanathan Anand Ji’ Greetings