| Thursday, 26th February 2026, 11:23 am

ഇതിലിപ്പോ ഏതാ ഒറിജിനൽ... എന്തൊക്കെയായാലും ഓട്ടേരി നരിയാണ് ഞങ്ങളുടെ ഹീറോയെന്ന് സോഷ്യൽ മീഡിയ

നന്ദന എം.സി

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദി പാരഡൈസ് എന്ന ചിത്രത്തിലെ ‘ആയാ ഷേർ’ എന്ന പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായി കൊണ്ടിരിക്കുന്നത്. നാനി നായകനായെത്തുന്ന ചിത്രത്തിലെ ഗാനം 24 മണിക്കൂറിനകം 15 മില്യണിലധികം കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയത്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ഈ ഗാനം. നാനിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗാനം പുറത്തിറക്കിയത്.

ഇത്രയൊക്കെ ഹൈപ്പ് ലഭിച്ചിട്ടും ഈ പാട്ടിന് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും ഒട്ടും കുറവില്ല. നാനിയുടെ കോസ്റ്റ്യൂം, ഹെയർസ്റ്റൈൽ, ഡാൻസ് സ്റ്റെപ്പുകൾ എന്നിവയാണ് ട്രോളന്മാർ ആഘോഷമാക്കുന്നത്.

ദി പാരഡൈസ്, Photo: YouTube/ Screengrab

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായ ഒരു ട്രോളാണ് ചിരിയുണർത്തുന്നത്. നാനിയുടെയും മമിത ബൈജുവിന്റേയും ഓട്ടേരി നരിയുടെയും ചിത്രങ്ങളിലെ സാമ്യമാണ് ആരാധകർ ചർച്ചയാക്കുന്നത്. മമിത ബൈജു അഭിനയിച്ച ‘ഡ്യൂഡ്’ എന്ന ചിത്രത്തിലെ താരത്തിന്റെ വേഷവും ഹെയർസ്റ്റൈലും, ‘ആയാ ഷേർ’ ഗാനത്തിലെ നാനിയുടെ ഹെയർസ്റ്റൈലുമായി താരതമ്യം ചെയ്താണ് ട്രോളുകൾ പ്രചരിക്കുന്നത്.

മമിതയുടേത് ഒറിജിനൽ, മറ്റേത് കോപ്പിയടിച്ചത്, ഇത്രയും വലിയ നടനായിട്ടും കോപ്പിയടിക്കാൻ ഒരു മടിയുമില്ലേ?, ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മോശം ഡാൻസ് സ്റ്റെപ്പുകൾ, നാനിയും മമിതയുമെല്ലാം നമ്മുടെ ഓട്ടേരി നരിയുടേത് കണ്ട് കോപ്പിയടിക്കുകയാണ്, എന്തൊക്കെയായാലും ഓട്ടേരി നരിയാണ് ഞങ്ങളുടെ ഹീറോ തുടങ്ങി നിരവധി കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നത്.

അതേസമയം, ‘ഓട്ടേരി നരിയെ മറന്നോ?’ എന്ന ചോദ്യവുമായി ചിലർ രംഗത്തെത്തുന്നുണ്ട്. വിജയ് നായകനായെത്തിയ ഗില്ലി എന്ന ചിത്രത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മറ്റൊരു കഥാപാത്രമായിരുന്നു ഓട്ടേരി നരി. വിജയിയുടെ കൂട്ടുകാരനായെത്തിയ ആ കഥാപാത്രം വലിയ കൈയടിയായിരുന്നു നേടിയെടുത്തത്. തമിഴ് സിനിമ താരം ധാമുവാണ് ഓട്ടേരി നരിയായി വേഷമിട്ടത്. ഇപ്പോൾ മൂവരുടെയും ചിത്രങ്ങൾ ചേർത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന താരതമ്യങ്ങളാണ് വൈറലാകുന്നത്.

ഡ്യൂഡ്, Photo: YouTube/ screengrab

എന്തൊക്കെയായാലും ഒരു ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഹൈപ്പ് ആണ് അനിരുദ്ധ് സംഗീതം നൽകിയ ഈ ഒരു ഗാനത്തിലൂടെ ലഭിച്ചതെന്നും ആരാധകർ പങ്കുവെക്കുന്നു.

‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദി പാരഡൈസ്. സുധാകർ ചെറുകുറി നിർമ്മിക്കുന്ന ചിത്രം ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ് ബാനറിൽ ഒരുങ്ങുന്നു. ചിത്രം 2026 ഓഗസ്റ്റ് 21ന് ആഗോള റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Social media trolls actor Nani’s new song

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more