| Sunday, 9th August 2026, 10:45 pm

നന്നായി, മോന്‍ ഒന്നും ചെയ്യാതിരുന്നത്... ഡി.സിയുടെ കഥ ഇഷ്ടമാകാതെ ഒഴിവാക്കിയ ദേവരകൊണ്ടക്ക് ട്രോള്‍

അമര്‍നാഥ് എം.

തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് തമിഴ് ചിത്രം ഡി.സി. സംവിധായകനായി കഴിവ് തെളിയിച്ച ലോകേഷ് ആദ്യമായി നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലും കൂടുതല്‍ സ്‌ക്രീനുകളിലേക്ക് ഡി.സി പ്രദര്‍ശനം വ്യാപിപ്പിച്ചത് സിനിമാപ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്.

പുതുമയുള്ള കഥയല്ലെങ്കിലും മേക്കിങ്ങിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഡി.സിക്ക് സാധിച്ചു. വിഖ്യാത നോവലായ ദേവ്ദാസിലെ പ്രധാന കഥാപാത്രങ്ങളുടെ പേരാണ് ഈ ചിത്രത്തിലെ നായകനും നായികക്കും സംവിധായകന്‍ നല്‍കിയത്. നായകനായുള്ള അരങ്ങേറ്റം ലോകേഷ് ഒട്ടും മോശമാക്കിയിട്ടില്ല. ഭാവങ്ങള്‍ വാരിവിതറാനുള്ള സ്‌കോപ്പില്ലെങ്കിലും തന്നെ ഏല്പിച്ച ജോലി ലോകേഷ് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഡി.സിയെക്കുറിച്ചുള്ള മറ്റൊരു കൗതുകമാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ലോകേഷിന് മുമ്പ് ഈ സിനിമയില്‍ നായകനാകേണ്ടിയിരുന്നത് തെലുങ്ക് താരം വിജയ് ദേവരകൊണ്ടയായിരുന്നു. ഒരു സിനിമയുടെ പ്രൊമോഷനിടെ അരുണ്‍ മാതേശ്വരന്‍ തന്നോട് ഒരു കഥ പറഞ്ഞെന്നും അതിന്റെ ഡിസ്‌കഷനിലാണെന്നും താരം പറഞ്ഞ വാക്കുകള്‍ വൈറലായി.

പിന്നീട് ഈ കഥയില്‍ പുതുമയൊന്നുമില്ലാത്തതിനാല്‍ പിന്മാറുകയാണെന്ന് വിജയ് ദേവരകൊണ്ട അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണ്‍ മാതേശ്വരന്‍ ലോകേഷിനെ സമീപിച്ചതും ഡി.സി ഇപ്പോള്‍ കാണുന്ന രീതിയില്‍ പ്രേക്ഷകരിലേക്കെത്തിയതും. ഈ സിനിമ ഒഴിവാക്കിയതിന്റെ പേരില്‍ ദേവരകൊണ്ടയെ പലരും ട്രോളുകയാണ്.

ഫൈവ് സ്റ്റാര്‍ ചോക്ലേറ്റിന്റെ പരസ്യത്തിലെ ‘നന്നായി, മോന്‍ ഒന്നും ചെയ്യാതിരുന്നത്’, ‘ചിലപ്പോള്‍ ഒന്നും ചെയ്യാതെയും ഇരിക്കൂ’ എന്നീ ഡയലോഗുകളാണ് പലരും പ്രധാനമായി ഉപയോഗിക്കുന്നത്. ഡി.സി ഒഴിവാക്കി വിജയ് ദേവരകൊണ്ട ചെയ്ത കിങ്ഡം സാമ്പത്തികമായി വിജയിക്കാതെ പോയി. എന്നാല്‍ താരത്തിന്റെ തീരുമാനം നന്നായെന്ന് പറയുന്നവരുമുണ്ട്.

വിജയ് ദേവരകൊണ്ട നായകനായിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന റീച്ച് കിട്ടില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ലോകേഷ് കനകരാജ് എന്ന സംവിധായകന്‍ നായകനായതാണ് ഡി.സിയുടെ യു.എസ്.പി എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരാള്‍ ഒഴിവാക്കിയ കഥ മറ്റൊരാള്‍ ചെയ്ത് ഹിറ്റാകുന്നത് സിനിമാലോകത്ത് പുതിയ കാഴ്ചയല്ലെന്നും കമന്റുകളുണ്ട്.

Content Highlight: Social media trolling Vijay Devarakonda for rejecting DC movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more