ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വലിയ നടനായ കമല്‍ ഹാസന്‍, മാസ്റ്റര്‍ സംവിധായകന്‍ മണിരത്‌നം, സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്‌മാന്‍. ഈ മൂന്ന് ഇതിഹാസങ്ങളും ഒരു സിനിമക്ക് വേണ്ടി ഒന്നിക്കുമ്പോള്‍ ഏതൊരു സിനിമാപ്രേമിക്കും ആകാംക്ഷ വാനോളമായിരിക്കും. എന്നാല്‍ മൂന്ന് പേരും ചേര്‍ന്ന് പ്രേക്ഷരുടെ ക്ഷമയെ അങ്ങേയറ്റം പരീക്ഷിച്ച ചിത്രമായിരുന്നു തഗ് ലൈഫ്.
അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. ടീസറില്‍ കമല്‍ ഹാസന്റെ ഡീ ഏജ് ലുക്ക് കൂടിയായപ്പോള്‍ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റെന്ന് പലരും വിധിയെഴുതി. എന്നാല്‍ ആദ്യദിനം തിയേറ്ററില്‍ നിന്ന് സിനിമ കണ്ടവര്‍ക്ക് ലൈഫ്‌ലോങ് ട്രോമയാണ് ഉലകനായകനും സംഘവും സമ്മാനിച്ചത്. തഗ് ലൈഫ് തിയേറ്ററുകളിലെത്തിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തെ എടുത്തിട്ടലക്കുകയാണ് ട്രോളന്മാര്‍
ഗ്യാങ്‌സ്റ്റര്‍ ഡ്രാമ എന്ന് പറഞ്ഞ് ഒരുങ്ങിയ ചിത്രത്തില്‍ ഗ്യാങ് വാര്‍ ഒഴികെ ബാക്കിയെല്ലാം കാണിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യന്‍ താത്തയുടെ ബാധ വിട്ടുമാറാത്ത കമല്‍ ഹാസന്റെ കാട്ടിക്കൂട്ടലുകള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പോലും തലപെരുക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒട്ടും ചേരാത്ത വിഗ്ഗുമായി വന്ന് സെക്കന്‍ഡ് ഹാഫ് കോമഡി പീസാക്കിയെന്നും കമന്റുകളുണ്ട്.
‘വായില്‍ പന്നിപടക്കം വെച്ച് പൊട്ടിച്ചാലും മരിക്കാത്ത കഥാപാത്രമായി കമല്‍ ഹാസന്‍, ചോദിച്ചാല്‍ യമനും ഉസ്‌ബെക്കിസ്ഥാനും എന്റെ ഫ്രണ്ട്‌സ്. ഏറ്റവും ലാസ്റ്റ് കൂളിങ് ഗ്ലാസ് വെച്ച് പാടത്തുകൂടി നടക്കുന്ന സീന്‍ കൂടിയായപ്പോള്‍ എല്ലാം ശുഭം. സക്കരവ്യാധി താത്തയുടെ ഒരു വര്‍ഷം’ ഫേസ്ബുക്കില്‍ ഹംപ് ഡി ബൊഗാര്‍ട്ട് എന്ന ഐ.ഡി തന്റെ പോസ്റ്റില്‍ ചിത്രത്തെ ട്രോളിയത് ഇങ്ങനെയാണ്.
ഇമോഷണല്‍ സീനെന്ന് പറഞ്ഞ് കാട്ടിക്കൂട്ടിയ സീനുകളെ തമിഴ് ട്രോള്‍ പേജുകള്‍ എടുത്ത് അലക്കുന്നുണ്ട്. തൃഷ ബോംബ് ബ്ലാസ്റ്റില്‍ മരിച്ചപ്പോള്‍ സങ്കടപ്പെട്ട പ്രേക്ഷകന്‍ തൊട്ടടുത്ത ഷോട്ടില്‍ സ്ലാബിനടയില്‍ കമല്‍ ഹാസനെ കണ്ട് ചിരിക്കുന്ന രീതിയില്‍ ഒരുക്കിയ എഡിറ്റ് വീഡിയോ ഇപ്പോഴും വൈറലാണ്. അവിഹിതത്തെ നോര്‍മലൈസ് ചെയ്തുകൊണ്ടുള്ള കമല്‍ ഹാസന്റെ ഡയലോഗ് ഇപ്പോഴും ട്രോള്‍ മെറ്റീരിയലാണ്.
തഗ് ലൈഫ് കൊണ്ട് ആകെ ഗുണമുണ്ടായത് ചിന്മയിക്കാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മുത്ത മഴൈ എന്ന പാട്ട് തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ അവതരിപ്പിച്ചതോടെ ചിന്മയി എന്ന പേര് വീണ്ടും സംഗീതപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി. വൈരമുത്തുവിനെതിരെ പരാതിപ്പെട്ടതിന് വിലക്ക് നേരിട്ട ചിന്മയിയുടെ തിരിച്ചുവരവായിരുന്നു കഴിഞ്ഞവര്‍ഷം. ഈയൊരു കാര്യം മാറ്റിനിര്‍ത്തിയാല്‍ തഗ് ലൈഫ് കൊണ്ട് ആര്‍ക്കും ഒരു ഗുണവുമുണ്ടായിട്ടില്ല.
2022 ജൂണ്‍ മൂന്നിന് വിക്രം എന്ന ചിത്രത്തിലൂടെയായിരുന്നു കമല്‍ ഹാസന്റെ അത്യുജ്വലമായ തിരിച്ചുവരവ്. എന്നാല്‍ അതിനെപ്പോലും ഒന്നുമല്ലാതാക്കിയ തരത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് പരാജയ ചിത്രങ്ങളാണ് താരം സമ്മാനിച്ചത്. അടുത്ത ചിത്രത്തില്‍ ഉലക നായകന്‍ തിരിച്ചുവരുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.
Content Highlight: Social media trolling Thug Life movie one its anniversary
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ