| Friday, 3rd April 2026, 12:15 pm

സോളാര്‍ പാനലുള്ള പുഷ്പക വിമാനവും കൊടുങ്കാറ്റിലും ഇളകാത്ത രാമന്റെ മുടിയും; രാമായണ ടീസറിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയുടെ റേഞ്ച് വ്യക്തമാക്കുന്ന പ്രൊജക്ടെന്നാണ് പലരും രാമായണയെ വിശേഷിപ്പിക്കുന്നത്. ദംഗല്‍, ചിച്ചോരെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിതേഷ് തിവാരിയാണ് രാമായണ അണിയിച്ചൊരുക്കിയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന രാമായണയില്‍ ക്യാമറയുടെ മുന്നിലും പിന്നിലുമായി വമ്പന്മാരാണ് അണിനിരക്കുന്നത്.

അനൗണ്‍സ്‌മെന്റ് സമയത്തും പിന്നീട് വന്ന ആദ്യ ഗ്ലിംപ്‌സുമെല്ലാം പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയിരുന്നു. കഴിഞ്ഞദിവസം ചിത്രത്തിന്റെ മറ്റൊരു ഗ്ലിംപ്‌സും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രാമന്റെ ഗ്ലിംപ്‌സാണ് പുറത്തുവിട്ടത്. രണ്‍ബീര്‍ കപൂറാണ് രാമനായി വേഷമിടുന്നത്. വന്‍ ഹൈപ്പിലെത്തിയ ഗ്ലിംപ്‌സ് പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ചെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.

ചിത്രത്തിന്റെ ഗ്രാഫിക്‌സാണ് എല്ലാവരെയും ഒരുപോലെ നിരാശപ്പെടുത്തിയത്. 4000 കോടി ബജറ്റിലൊരുങ്ങുന്ന സിനിമയുടെ 80 ശതമാനം തുകയും ഗ്രാഫിക്‌സിന് വേണ്ടി ചെലവാക്കുന്നുണ്ടെന്നാണ് നിര്‍മാതാവ് നമിത് മല്‍ഹോത്ര പറഞ്ഞത്. എന്നാല്‍ ഇത്രയും ബജറ്റിലൊരുങ്ങിയ ഗ്ലിംപ്‌സ് എ.ഐ പോലെയുണ്ടെന്നാണ് പലരുടെയും അഭിപ്രായം.

പുരാണകാലത്തെ രാക്ഷസന്മാരെ കാണിച്ചിരിക്കുന്നത് മഹാ അബദ്ധമായെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ഇത്രയും ബജറ്റ് ചെലവഴിക്കുമ്പോള്‍ അതിന്റേതായ ക്വാളിറ്റി ഇത്തരം കാര്യങ്ങളില്‍ വേണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. രാമായണത്തെ ആസ്പദമാക്കി മുമ്പ് പുറത്തിറങ്ങിയ ആദിപുരുഷും ഇപ്പോള്‍ വന്ന രാമായണയും തമ്മില്‍ വ്യത്യാസമില്ലെന്നും പരിഹാസങ്ങളുണ്ട്.

രാവണന്റെ പുഷ്പകവിമാനമാണ് മറ്റൊരു കോമഡിയായി പലരും ചൂണ്ടിക്കാണിക്കുന്നത്. ആദിപുരുഷില്‍ വവ്വാലിനെപ്പോലെ ഒരു രൂപത്തെയാണ് പുഷ്‌കവിമാനമായി കാണിച്ചതെങ്കില്‍ ഇത്തവണ അതിനൊരു മാറ്റമുണ്ട്. പൂവിന്റെ ഇതളുകള്‍ പോലെ ചിറകുള്ള ഒരു വാഹനമാണ് യഷ് അവതരിപ്പിക്കുന്ന രാവണന്റെ പുഷ്പകവിമാനം. എന്നാല്‍ ഒറ്റനോട്ടത്തില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച ഫ്‌ളോറല്‍ ഫാന്‍ പോലെയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

രാമനായി വേഷമിട്ട രണ്‍ബീറിനെയും ട്രോളന്മാര്‍ വെറുതേവിടുന്നില്ല. ഗ്ലിംപ്‌സില്‍ ദൈവിക എലമെന്റുകള്‍ ലഭിക്കാന്‍ വേണ്ടി കൊടുങ്കാറ്റിനിടയിലൂടെ നടന്നവരുന്ന ഷോട്ടില്‍ രാമന്റെ മുടി ചെറുതായിട്ട് പോലും അനങ്ങുന്നില്ലെന്നും ചിലര്‍ കണ്ടുപിടിച്ചു. രാമായണ സീരിയലിലേക്ക് കുറച്ച് ഗ്രാഫിക്‌സ് കുത്തിക്കയറ്റിയതുപോലെയുണ്ടെന്നാണ് ഗ്ലിംപ്‌സിനെക്കുറിച്ചുള്ള പ്രധാന വിമര്‍ശനം.

രാജമൗലി ഒരുക്കുന്ന വാരണാസിയില്‍ രാമായണത്തെക്കുറിച്ച് ചെറുതായി മെന്‍ഷന്‍ ചെയ്യുന്നുണ്ട്. വാരണാസിയുടെ ടൈറ്റില്‍ വീഡിയോയില്‍ ഒറ്റ ഷോട്ടില്‍ കാണിക്കുന്ന രാമായണം റഫറന്‍സിന്റെ ഏഴയലത്ത് പുതിയ ഗ്ലിംപ്‌സ് എത്തിയിട്ടില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഒരുപാട് ബജറ്റുണ്ടായിട്ട് കാര്യമില്ലെന്നും പണിയറിയാവുന്ന സംവിധായകര്‍ സൗത്തില്‍ മാത്രമേ ഉണ്ടാകുള്ളൂവെന്നും കമന്റുകളുണ്ട്.

എട്ട് തവണ ഓസ്‌കര്‍ ജേതാക്കളായ ഡി.എന്‍.ഇ.ജിയാണ് രാമായണക്ക് വേണ്ടി വി.എഫ്.എക്‌സ് ചെയ്യുന്നത്. എന്നാല്‍ അവരുടെ യാതൊരു ക്വാളിറ്റിയും ഈ വീഡിയോയില്‍ കാണാനില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ സംഗീതം മാത്രമാണ് വീഡിയോയുടെ ഒരേയൊരു പോസിറ്റീവ്. ചിത്രത്തിന്റെ ആദ്യഭാഗം ഈ വര്‍ഷം ദീപാവലിക്കും അടുത്ത ഭാഗം 2027ലും തിയേറ്ററുകളിലെത്തും.

Content Highlight: Social Media trolling Ramayana first glimpse

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more