| Sunday, 7th October 2018, 5:14 pm

ശബരിമല; പ്രതിഷേധങ്ങള്‍ക്കിടെ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നെന്ന് മനോരമ; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നെന്ന മലയാളമനോരമ വാര്‍ത്തയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ഇന്ന് ഒന്നാം പേജില്‍ “നാടുണര്‍ത്തി നാമജപഘോഷം; പ്രതിഷേധത്തില്‍ മൂന്ന് തന്ത്രിമാരും” എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയെ പരിഹസിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറയുന്നത്.

“ശബരിമലയുടെ ആചാരസംരക്ഷണത്തിനായി ശരണം വിളികളാല്‍ മുഖരിതമായ സായാഹ്നം മന്നത്താചാര്യന്റെ മണ്ണിനെ പ്രകമ്പനം കൊള്ളിച്ചു… ആള്‍ക്കൂട്ടത്തിന് മുകളില്‍ കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു.”- ഇങ്ങനെയായിരുന്നു ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധത്തെ മനോരമ റിപ്പോര്‍ട്ട് ചെയ്തത്.

ALSO READ: ശബരിമലയില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍

എന്നാല്‍ കാടിന് സമീപമുള്ള ഒരു പ്രദേശത്ത് പരുന്ത് പറക്കുന്നതില്‍ ഇത്ര അത്ഭുതപ്പെടാനുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. നേരത്തെ പെരിയാര്‍ വന്യജീവി സങ്കേതത്തിനടുത്ത് പുലിയിറങ്ങിയ വാര്‍ത്തയേയും ഇത്തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

“പമ്പയാറ്റില്‍ മത്സ്യമിറങ്ങി

പമ്പ: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ പമ്പാ നദിയില്‍ മത്സ്യമിറങ്ങി . ഇന്നലെ പമ്പാനദിയില്‍ കാല്‍ കഴുകാനിറങ്ങിയ ദേവസ്വം ജീവനക്കാരുടെ കാലില്‍ എന്തോ സ്പര്‍ശിച്ചത് പോലെ തോന്നി നോക്കിയപ്പോളാണ് മത്സ്യത്തെ കണ്ടത്.

വിധിക്ക് പിന്നാലെ സന്നിധാനത്ത് പുലിയിറങ്ങിയതിന്റെയും ആകാശത്ത് പരുന്ത് വട്ടമിട്ട് പറന്നതിന്റെയും പിന്നാലെ ഭഗവാന്റെ ആദ്യത്തെ അവതാരമായ മത്സ്യം വെള്ളത്തില്‍ കണ്ടതും വിശ്വാസികളുടെയിടയില്‍ ചര്‍ച്ചയാകുകയാണ്”– ഇത്തരത്തിലുള്ള പരിഹാസത്തോടെയാണ് മനോരമ നല്‍കിയ വാര്‍ത്തയെ സോഷ്യല്‍ മീഡിയ ട്രോളുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more