| Friday, 23rd January 2026, 12:06 pm

പരാതിയില്ല മമ്മൂക്ക, എത്ര വലിയൊരു രോഗത്തെ ചെറുത്ത് തോല്‍പ്പിച്ചാണ് താങ്കള്‍ മടങ്ങി വന്നതെന്ന ബോധ്യമുണ്ട്; പിന്തുണച്ച് ആരാധകര്‍

നന്ദന എം.സി

ഹൈപ്പിനൊത്ത വമ്പൻ പ്രകടനവും കിടിലൻ ഇടികൾ കൊണ്ടും തിയേറ്ററുകൾ കുലുക്കിയാണ് ചത്താ പച്ച പ്രേക്ഷകരിലേക്കെത്തിയത്. ആ ആവേശം ഇരട്ടിയാക്കാനായി കാമിയോ വേഷത്തിൽ ബുള്ളറ്റ് വാൾട്ടറായി മമ്മൂട്ടിയും എത്തി. കൊച്ചി സ്റ്റൈലും സ്ലാങ്ങും ഡബ്ല്യൂ. ഡബ്ല്യൂ. ഇയും മുൻനിർത്തി ഒരുക്കിയ ചിത്രത്തിന് ‘ഡൂ ഓർ ഡൈ’ എന്ന അർത്ഥം വരുന്ന കൊച്ചിക്കാരുടെ ഭാഷയിലെ ‘ചത്താ പച്ച’ എന്ന പേരുതന്നെയാണ് ഏറ്റവും ഉചിതം.

സിനിമ റിലീസ് ആയതിന് പിന്നാലെ മമ്മൂട്ടി അവതരിപ്പിച്ച വാൾട്ടർ എന്ന കഥാപാത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രീ-റിലീസ് ഹൈപ്പിന് പ്രധാന കാരണം മമ്മൂട്ടിയുടെ കാമിയോ എൻട്രിയായിരുന്നു. എന്നാൽ റിലീസിന് ശേഷം വാൾട്ടറിന്റെ കോസ്റ്റ്യൂമും കൊച്ചി സ്ലാങ്ങും പാളിപ്പോയെന്ന അഭിപ്രായമാണ് ഒരുവിഭാഗം പ്രേക്ഷകർക്ക്. അതേസമയം, കഥാപാത്രം ആവശ്യപ്പെട്ട രീതിയിൽ തന്നെയാണ് മമ്മൂട്ടി അത് അവതരിപ്പിച്ചതെന്ന നിലപാടിലാണ് ആരാധകർ.

മമ്മൂട്ടി, Photo: Facebook/ Screengrab

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നീണ്ട ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ചത്താ പച്ചയ്ക്കുണ്ട്. അതിനാൽ തന്നെ നെഗറ്റീവ് കമന്റുകളെക്കാൾ ‘അടുത്തത് എന്ത്’ എന്ന ആകാംക്ഷയാണ് ആരാധകർക്ക്. കഥാപാത്രത്തിന് ചില പരിമിതികൾ തോന്നിയെങ്കിലും അത് മനസിലാക്കി കൂടെ നിൽക്കാനാണ് മലയാളി പ്രേക്ഷകർ തയ്യാറായിരിക്കുന്നത്. അതിന് ഉദാഹരണമാണ് വാൾട്ടർ എന്ന കഥാപാത്രത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന ശക്തമായ പിന്തുണയും.

ചത്താ പച്ച, Photo: YouTube/ Screengrab

‘പരാതികളില്ല. എത്ര വലിയൊരു രോഗത്തെ ചെറുത്ത് തോൽപ്പിച്ചാണ് താങ്കൾ മടങ്ങിയെത്തിയത് എന്ന ബോധ്യമുണ്ട്. ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്ന ക്ഷീണം പോലും ചോദ്യം ചെയ്യുന്നത് നീതികേടാണ്’ എന്ന തരത്തിലുള്ള കുറിപ്പുകളാണ് ആരാധകർ പങ്കുവയ്ക്കുന്നത്.

വാൾട്ടർ എന്ന കഥാപാത്രത്തെ വിമർശിക്കുന്നവർക്കെതിരെ അതിലേറെ ആവേശത്തോടെ ആ കഥാപാത്രത്തെ സ്വീകരിക്കുകയാണ് ആരാധകർ ചെയ്യുന്നത്. ഒരു കഥാപാത്രത്തേക്കാൾ അപ്പുറം, വർഷങ്ങളായി മലയാളികൾ നെഞ്ചോട് ചേർത്തുവച്ച സ്നേഹമാണ് മമ്മൂട്ടിയെന്ന നടനോട് ഉള്ളതെന്നും അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ആരാധകർ കുറിച്ചു. അതിനുദാഹരണമാണ് മമ്മൂട്ടിയെ കുറിച്ച പലരും പറഞ്ഞ വാക്കുകൾ

‘പഴയ മമ്മൂക്കയെ തിരിച്ചു വേണം എന്ന ഡയലോഗ് ഒരിക്കലും കേട്ടിട്ടില്ല. ഏറ്റവും ബെസ്റ്റ് മമ്മൂക്ക ഏതാണ് എന്ന് ചോദിച്ചാൽ അത് കറന്റ് മമ്മൂക്ക തന്നെയാണ്. ഓരോ കാലഘട്ടത്തിനും അനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്നതാണ് മമ്മൂക്കയുടെ ഏറ്റവും വലിയ പ്ലസ്,’

മമ്മൂട്ടി, Photo: X.com/ Screengrab

സിനിമയിൽ വാൾട്ടറിന് ശക്തമായ ബിൽഡ്-അപ്പ് നൽകിയിരുന്നു. മമ്മൂട്ടിയുടെ ഇൻട്രോ മികച്ചതായി തോന്നിയെങ്കിലും, പിന്നീട് കാമിയോയുടെ പരിമിതികൾ ചിലർക്ക് ശ്രദ്ധയിൽപ്പെട്ടു. എന്നാൽ വാൾട്ടർ ഇവരുടെ ആശാനാണ്. ഇവർ പരിചയപ്പെടുമ്പോൾ അദ്ദേഹം 40 വയസ്സ് മുകളിൽ പ്രായം ഉണ്ടായിരിക്കും. ചിത്രത്തിന്റെ കഥയ്ക്ക് പറ്റിയ, കൊച്ചിയിൽ ജീവിച്ച ഒരു ലോക്കൽ ആശാൻ കഥാപാത്രത്തിന് അനുയോജ്യമായ വേഷവും സംഭാഷണ ശൈലിയും തന്നെയായിരുന്നു വാൾട്ടറിനെന്നും ആരാധകർ പറയുന്നു. ആരോഗ്യപ്രശ്നങ്ങൾക്കുശേഷം ആദ്യമായി ചെയ്ത സിനിമയായതുകൊണ്ടുതന്നെ ഫൈറ്റ് സീനുകൾ ഒഴിവാക്കിയതാകാമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

എന്നാൽ വാൾട്ടറിനെ ഭ ഭ ബയിലെ മോഹൻലാലിന്റെ കഥാപാത്രവുമായി താരതമ്യം ചെയ്ത ചില ശ്രമങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എന്നാൽ രണ്ട് കഥാപാത്രങ്ങളും രണ്ട് തലത്തിലുള്ളവരാണെന്നും, ഗില്ലി ബാലയുടെ അത്ര മോശം പ്രകടനത്തിലേക്ക് മമ്മൂട്ടിയുടെ വാൾട്ടർ പോയിട്ടില്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടി.

ചത്താ പച്ചയിലെ വാൾട്ടർ ഒരു പൂർണതയുള്ള കാമിയോ അല്ലെങ്കിലും, തിരിച്ചുവരവിന്റെ ബോധ്യത്തോടെയും സ്നേഹത്തോടെയും ആ കഥാപാത്രത്തിന് യോജിച്ച രീതിയിൽ തന്നെയാണ് മമ്മൂട്ടിയുടെ പ്രകടനമെന്നും ആരാധകർ പറയുന്നു.

Content Highlight: Social media supports Mammootty after the movie Chatha Pacha

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more