കേരളത്തിനും കര്‍ണാടകക്കും ഇടയിലുള്ള മലയോര ഗ്രാമത്തില്‍ കുര്യച്ചന്‍ എന്നൊരു ഡോഗ് ട്രെയ്‌നറെ അന്വേഷിച്ചെത്തുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് എക്കോ എന്ന ചിത്രം പറയുന്നത്. ‘ദി ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്‍’ എന്നാണ് എക്കോയുടെ ടാഗ്‌ലൈന്‍. കുര്യനെ കണ്ടുപിടിച്ച് ഇല്ലാതാക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം.
സിനിമയിലുടനീളം കുര്യച്ചനെക്കുറിച്ചാണ് എല്ലാ കഥാപാത്രങ്ങളുടെയും സംസാരം. സിനിമ തുടങ്ങി ഒരുമണിക്കൂറിനടുത്ത് പിന്നിടുമ്പോഴാണ് കുര്യച്ചന്‍ എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ കാണിക്കുന്നത്. ബോളിവുഡ് താരം സൗരഭ് സച്ച്‌ദേവയാണ് കുര്യച്ചനായി വേഷമിട്ടത്. ആദ്യ മലയാളസിനിമയില്‍ തന്നെ ഗംഭീര പ്രകടനമാണ് സൗരഭ് കാഴ്ചവെച്ചത്.
എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം സിനിമയെക്കുറിച്ച് നിരവധി പോസ്റ്റുകളാണ് പുറത്തുവരുന്നത്. അതില്‍ കുര്യച്ചന്‍ എന്ന കഥാപാത്രത്തെക്കുറിച്ചാണ് കൂടുതലും. സൗരഭ് സച്ച്‌ദേവക്ക് പകരം മറ്റേതെങ്കിലും മലയാള നടന്മാരായിരുന്നെങ്കില്‍ ഗംഭീരമായേനെയെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സൗരഭിന് പകരക്കാരെയും ഈ പോസ്റ്റുകളില്‍ പ്രതിപാദിക്കുന്നുണ്ട്.
പലരുടെയും ഫസ്റ്റ് ചോയ്‌സ് വിജയരാഘവനാണ്. 70കളിലെത്തി നില്‍ക്കുന്ന കുര്യച്ചന്റെ വാര്‍ധക്യവും 30കളിലെ ഗെറ്റപ്പും വിജയരാഘവനില്‍ ഭദ്രമാകുമെന്നാണ് ഇക്കൂട്ടരുടെ വാദം. ബിജു മേനോന്‍, സിദ്ദിഖ് എന്നിവരുടെ പേരും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ചില നിര്‍ദേശങ്ങളും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
രാഹുല്‍ രാജഗോപാലിന്റെ പേരാണ് ഈ ലിസ്റ്റില്‍ വ്യത്യസ്തമായത്. കൃഷന്ദ് സംവിധാനം വൃത്താകൃതിയിലുള്ള ചതുരത്തിലൂടെയാണ് രാഹുല്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. കരിക്ക് ചാനലിന്റെ ഉല്‍ക്ക, റോക്ക് പേപ്പര്‍ സിസര്‍ എന്നീ സീരീസുകളിലൂടെ രാഹുല്‍ ശ്രദ്ധേയനായി. കരിക്കിന്റെ കലക്കാച്ചി എന്ന എപ്പിസോഡില്‍ തമ്പാച്ചന്‍ എന്ന കഥാപാത്രമായി ഗംഭീര പെര്‍ഫോമന്‍സാണ് രാഹുല്‍ കാഴ്ചവെച്ചത്. ഈയൊരു ഗെറ്റപ്പ് കുര്യച്ചനും ചേരുമെന്നാണ് മൂവീ സ്ട്രീറ്റ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റില്‍ അജയ് എന്നയാള്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ സൗരഭിന്റെ കാസ്റ്റിങ്ങിനെ അഭിനന്ദിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമയുടെ ആദ്യ സീന്‍ മുതല്‍ നിഗൂഢത ഒളിപ്പിച്ച കുര്യച്ചന്‍ എന്ന കഥാപാത്രമായി സൗരഭിനെ കാസ്റ്റ് ചെയ്തത് ഫ്രഷ് അനുഭവമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബാഹുല്‍ രമേശിന്റെ അതിഗംഭീര തിരക്കഥയിലൊരുങ്ങിയ എക്കോ അവസാനിക്കുമ്പോഴും പ്രേക്ഷകര്‍ക്ക് ഒരുപിടി ചോദ്യങ്ങള്‍ ബാക്കി വെച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് എക്കോയെന്ന് സംശയമില്ലാതെ പറയാം.
Content Highlight: Social Media suggesting Vijayaraghavan or Rahul Rajagopal can play Saurabh Sachdeva’s character in Eko