| Monday, 31st August 2026, 8:02 pm

സച്ചിന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് വേറൊരു മുഖവുമായി വരട്ടെ, പ്രേമലു 2ന്റെ സാധ്യതകളെക്കുറിച്ച് സിനിമാപേജുകള്‍

അമര്‍നാഥ് എം.

ബെത്‌ലഹേം കുടുംബ യൂണിറ്റ് വന്‍ വിജയം നേടിയതിന് പിന്നാലെ സിനിമാപേജുകളില്‍ ചര്‍ച്ചയാവുന്ന ഒന്നാണ് പ്രേമലു 2. ബെത്‌ലഹേമിന്റെ റിലീസിന് ശേഷം സംവിധായകന്‍ ഗിരീഷ് എ.ഡി നല്‍കിയ അഭിമുഖത്തില്‍ പ്രേമലു 2 ഉപേക്ഷിച്ചതിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പലരും പല രീതിയില്‍ വ്യഖ്യാനിച്ചു. ഗിരീഷ് എ.ഡിക്കൊപ്പവും നസ്‌ലെനൊപ്പവും രണ്ട് ചേരിയായി തിരിഞ്ഞാണ് ചര്‍ച്ചകള്‍.

നസ്‌ലെന് സ്‌ക്രിപ്റ്റ് ഇഷ്ടമാകാത്തതുകൊണ്ടാണ് ചിത്രം ഉപേക്ഷിച്ചതെന്ന് ഒരു കൂട്ടരും ഗിരീഷ് എ.ഡിയുടെ സ്‌ക്രിപ്റ്റ് ആദ്യ ഭാഗത്തിന്റെ അത്ര എത്താത്തതുകൊണ്ടാണ് ചിത്രം ഉപേക്ഷിച്ചതെന്ന് മറ്റൊരു കൂട്ടരും അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ നസ്‌ലെന്‍ ഇല്ലാതെ പ്രേമലു 2 എങ്ങനെ ഒരുക്കാമെന്ന നിര്‍ദേശങ്ങളുമായുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

നസ്‌ലെന് പകരം മറ്റേതെങ്കിലും നടനെ വെച്ച് സിനിമ ചെയ്തുകൂടെയെന്നാണ് പ്രധാന നിര്‍ദേശം. യു.കെയിലേക്ക് പോയ സച്ചിന് ഒരു അപകടം പറ്റുകയും മുഖം മൊത്തം മുറിവായി പ്ലാസ്റ്റിക് സര്‍ജറി നടത്തേണ്ടി വരികയും ചെയ്യുന്നു. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് വേറൊരു മുഖവുമായി സച്ചിന്‍ വരുന്ന രീതിക്ക് കഥ മാറ്റിക്കൂടെയെന്നാണ് ചിലര്‍ സജസ്റ്റ് ചെയ്യുന്നത്. റാം ചരണ്‍ നായകനായ യെവഡു (മലയാളത്തില്‍ ഭയ്യ) എന്ന ചിത്രത്തെ കളിയാക്കുകയാണ് ഇത്തരം പോസ്റ്റുകളില്‍.

ഹോളിവുഡില്‍ കാണുന്നതുപോലെ സോഫ്റ്റ് റീബൂട്ട് ചെയ്തുകൂടെയെന്നും ചിലര്‍ ചോദിക്കുന്നു. ഒരേ കഥയെ മറ്റേതെങ്കിലും താരങ്ങളെ വെച്ച് ഒരുക്കുന്ന ട്രെന്‍ഡിനെയാണ് ഇത്തരം പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. സന്ദീപ് പ്രദീപിനെയും അനശ്വര രാജനെയും പ്രധാന താരങ്ങളാക്കിയാല്‍ നന്നാകുമെന്നും നിര്‍ദേശങ്ങളുണ്ട്. മീനുവിന് പകരം റീനു എന്നും സച്ചിന് പകരം ദ്രാവിഡ് എന്നും കഥാപാത്രങ്ങളുടെ പേരായി നിര്‍ദേശിക്കുന്നു.

പ്രേമലു 3യില്‍ ഹാഷിറിനെയും എയ്ഞ്ചല്‍ മരിയയെയും കാസ്റ്റ് ചെയ്യാനും ഒടുവില്‍ എല്ലാ സിനിമകളും തമ്മില്‍ ഒരു ക്രോസ് ഓവറായി പ്രേമലു 4 ഒരുക്കാനും പറഞ്ഞുകൊണ്ട് ചിലര്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നു. മോളിവുഡില്‍ ഇങ്ങനെയൊരു പരീക്ഷണം ആദ്യമായിട്ടായിരിക്കുമെന്നും അങ്ങനെ വന്നാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

പ്രേമലു 2ന്റെ ലൊക്കേഷന്‍ ഹണ്ടിങ്ങിനിടയിലാണ് ചിത്രം ഡ്രോപ്പായെന്ന വിവരം അറിഞ്ഞതെന്ന് എഡിറ്റര്‍ ആകാശ് ജോസഫ് കഴിഞ്ഞദിവസം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യഭാഗത്തിന് മേലെ നില്‍ക്കുന്ന സ്‌ക്രിപ്റ്റാണ് രണ്ടാം ഭാഗത്തിന്റേതെന്നും നല്ല പ്രതീക്ഷയായിരുന്നെന്നും ആകാശ് പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് ചിത്രം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Social Media suggesting some changes for Premalu 2 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more