| Wednesday, 17th October 2018, 8:58 pm

സന്നിധാനത്ത് യുവതി എത്തിയതായി ദൃശ്യങ്ങള്‍; ആരാണെന്ന് അന്വേഷിച്ച് സോഷ്യല്‍ മീഡിയ-വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: ശബരിമല സന്നിധാനത്ത് യുവതി എത്തിയതായി റിപ്പോര്‍ട്ടുകള്‍. ചാനലുകളാണ് സന്നിധാനത്ത് എത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നാല്‍പ്പതിനോട് അടുത്ത് പ്രായം തോന്നിപ്പിക്കുന്ന യുവതി ആരാണെന്ന് വ്യക്തമല്ല.

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ യുവതി സന്നിധാനത്ത് നില്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയുടെ ചിത്രങ്ങള്‍ സഹിതം യുവതി ശബരിമലയില്‍ പ്രവേശിച്ചു എന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുന്നുണ്ടെങ്കിലും ഏതു പ്രായ പരിധിയിലുള്ള സ്ത്രീയാണെന്ന് പറയുന്നില്ല. അതേസമയം, യുവതിക്ക് 50 വയസ്സില്‍ കൂടുതലുണ്ടെന്ന പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.


അതേസമയം, ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ 45 വയസ്സുള്ള യുവതിയേയും കുടുംബത്തേയും പമ്പയില്‍ വിശ്വാസികള്‍ തടഞ്ഞിരുന്നു. പൊലീസിന്റെ അലംഭാവം മൂലമാണ് ഇവര്‍ക്ക് തിരിച്ചു പോകേണ്ടി വന്നത്. ആന്ധ്രാ സ്വദേശിനിയായ മാധവിക്കും കുടുംബത്തിനുമാണ് പരമ്പരാഗതപാതയില്‍ നിന്നും തിരിച്ചിറങ്ങേണ്ടി വന്നത്.

കൂടാതെ ചേര്‍ത്തല സ്വദേശി ലിബിയോടും പൊലീസ് മടങ്ങിപ്പോകാന്‍ പറഞ്ഞിരുന്നു. പത്തനംതിട്ടയില്‍ വെച്ച് ലിബിക്ക് നേരെ വിശ്വാസികളുടെ പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്ന് ലിബി പൊലീസ് സംരക്ഷണത്തിലായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരും പൊലീസും പരാജയപ്പെട്ടുവെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ലിബി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more