| Tuesday, 26th May 2026, 6:25 pm

നന്നായി മക്കള്‍ നേരത്തേ വന്നത്, 'പാണ്ടിലോറിക്കടിയില്‍ തവള പെട്ട പോലെയാകുമായിരുന്നു'; ദൃശ്യം 3യില്‍ നിന്നും വാഴ 2 രക്ഷപ്പെട്ടെന്ന് ആരാധകര്‍

അശ്വിന്‍ രാജേന്ദ്രന്‍

2026ല്‍ മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയ രണ്ട് വിജയ ചിത്രങ്ങളായിരുന്നു വാഴ 2വും ദൃശ്യം 3യും. സ്വീകലുകളായി പുറത്തിറങ്ങിയ ഇരു ചിത്രങ്ങളും ആദ്യം ഏപ്രില്‍ രണ്ടിനായിരുന്നു റിലീസിന് ഒരുങ്ങിയിരുന്നത്. പിന്നീട് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുണ്ടായ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് ദൃശ്യം 3യുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇതോടെ വലിയ മാര്‍ക്കറ്റായിരുന്നു സവിന്‍ സാ സംവിധാനം ചെയ്ത് പുതുമുഖങ്ങള്‍ വേഷമിട്ട വാഴ 2വിന് ലഭിച്ചത്.

റിലീസ് ചെയ്ത ദിവസം മുതല്‍ കത്തിക്കയറിയ ചിത്രം സ്‌ക്രീനുകള്‍ വര്‍ധിപ്പിക്കുകയും ബോക്സ് ഓഫീസില്‍ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. മികച്ച പ്രതികരണം ലഭിച്ച ചിത്രം 234 കോടിയോളമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. വാഴ 2 വലിയ വിജയം നേടിയതോടെ ദൃശ്യം 3 രക്ഷപ്പെട്ടതാണെന്നും ഇല്ലെങ്കില്‍ ഹാഷിറിന്റെയും ടീമിന്റെയും തേരോട്ടത്തില്‍ ചിത്രം മുങ്ങിപ്പോയേനെയെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വിമര്‍ശിച്ചവരുടെയെല്ലാം വായടപ്പിച്ചുകൊണ്ടാണ് മെയ് 21ന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ദൃശ്യം 3 തിയേറ്ററുകളിലേക്കെത്തിയത്.

വാഴ 2. Photo: Sacnilk

ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിച്ചുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് വിദേശരാജ്യങ്ങളിലുമടക്കം വമ്പന്‍ റിലീസായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ ദിനം 43 കോടിയിലധികം നേടി എമ്പുരാന് ശേഷം ഓപ്പണിങ് ഡേയില്‍ മികച്ച കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോര്‍ഡ് ജീത്തു ജോസഫ് ചിത്രം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഏവരെയും ഞെട്ടിച്ചത് റിലീസ് ചെയ്ത് മൂന്നാം ദിനം ചിത്രം നൂറ് കോടി ക്ലബ്ബിലും നാലാം ദിനത്തില്‍ 150 കോടി ക്ലബ്ബിലും ഇടം പിടിച്ചെന്ന വാര്‍ത്തയാണ്.

വീക്കെന്‍ഡ് കഴിഞ്ഞ് വര്‍ക്കിങ് ദിനങ്ങളിലേക്ക് കടന്നിട്ടും തിയേറ്ററുകളെല്ലാം ഹൗസ് ഫുള്ളായാണ് ദൃശ്യം 3 ജൈത്രയാത്ര തുടരുന്നത്. ദൃശ്യം എന്ന ഹിറ്റ് ഫ്രാഞ്ചൈസില്‍ നിന്നും പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയോടൊപ്പം മലയാളത്തിലെ ഏറ്റവും വലിയ താരമായ മോഹന്‍ലാല്‍ കൂടെയെത്തുമ്പോള്‍ ബോക്സ് ഓഫീസില്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ലീപ്പര്‍ സെല്‍ എന്ന് വിശേഷിപ്പിക്കുന്ന മോഹന്‍ലാലിന്റ കടുത്ത ആരാധകരും തിയേറ്ററിലേക്കെത്താന്‍ തുടങ്ങിയതോടെ വാഴ 2വിന്റ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടത്തിന് ആയുസില്ലെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ദൃശ്യം 3. Photo: X.com

ഇപ്പോഴിതാ വാഴ 2 മാറ്റിയത് നന്നായെന്നും ഇല്ലെങ്കില്‍ ദൃശ്യം 3യുടെ തേരോട്ടത്തിനിടയില്‍ ചിത്രത്തിന് അര്‍ഹിച്ച വിജയം നേടാനാകതെ പോയേനെയെന്നും പലരും അഭിപ്രായപ്പെടുന്നു. മോഹന്‍ലാലിന്റെ പോസിറ്റീവ് കിട്ടിയ ചിത്രത്തിനൊപ്പം റിലീസ് ചെയ്തിരുന്നെങ്കില്‍ പാണ്ടിലോറിക്കടിയില്‍ പെട്ട തവളയുടെ അവസ്ഥയായേനെ വാഴയ്ക്കെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Social media says that Vaazha 2 got lucky that it didn’t released with Drishyam 3

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more