| Thursday, 12th February 2026, 1:15 pm

പ്രീതിയുമായുള്ള ലവ് ട്രാക്ക് കല്ലുകടിയായി; ഇടക്ക് വേറെ ഏതോ സിനിമ വന്ന പോലെ: അവസാനിക്കാത്ത ചര്‍ച്ചകളുമായി സര്‍വ്വം മായ

ഐറിന്‍ മരിയ ആന്റണി

തിയേറ്റര്‍ റിലീസിനപ്പുറവും ഒ.ടി.ടിയില്‍ ചര്‍ച്ചാവിഷയമാണ് സര്‍വ്വം മായ. അഖില്‍ സത്യന്റെ സംവിധാനത്തിന്‍ നിവിന്‍ പോളി, റിയ ഷിബു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഹൊറര്‍ കോമഡി ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

ചിത്രത്തില്‍ റിയ ഷിബു അവതരിപ്പിച്ച ഡെലൂലുവെന്ന കഥാപാത്രത്തെ ചുറ്റിപറ്റിയും മറ്റു സിനിമകളുമായി സര്‍വ്വം മായക്കുള്ള സാമാനതകള്‍ ചൂണ്ടി കാണിച്ചും ചര്‍ച്ചകള്‍ കൊഴുത്തിരുന്നു.

ഇപ്പോഴിതാ സര്‍വ്വം മായയിലെ പ്രീതി മുകുന്ദന്‍ അവതരിപ്പിച്ച സാദിയ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചില പോസ്റ്റുകളും കുറിപ്പുകളുമാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാകുന്നത്. ഈ സിനിമയില്‍ പ്രീതി മുകുന്ദന്റെ റോള്‍ എന്തിനായിരുന്നുവെന്ന് മനസിലാകുന്നില്ലെന്നാണ്
ഒരു വിഭാഗം പറയുന്നത്.

സിനിമയുടെ പ്രധാന കഥയുമായി ഒരു ബന്ധവുമില്ലാതെ എന്തിനോ വേണ്ടി കൂട്ടിയിണക്കിയ ഒരു കഥാപാത്രത്തെ പോലെ തോന്നിയെന്നും നിവിനും പ്രീതിയും തമ്മിലുള്ള ലവ് ട്രാക്ക് ശരിക്കും സിനിമയുടെ ഒഴുക്കില്‍ ഒരു വലിയ കല്ലുകടിയായി തോന്നിയെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഇത്ര മോഡേണായ ഒരു കഥാപാത്രത്തിന് നിവിനോട് എങ്ങനെ പ്രണയം തോന്നിയെന്നും അവരുടെ കെമിസ്ട്രി ഒട്ടും മാച്ചായിരുന്നില്ലെന്നും കമന്റുകളുണ്ട്.

പ്രീതിയുടെ അഭിനയം അത്ര നിലവാരമുള്ളതായിരുന്നില്ലെന്നും നിവിന്‍ പോളി ഇപ്പുറത്ത് ഇത്രയും നന്നായി പെര്‍ഫോം ചെയ്യുമ്പോള്‍ പ്രീതിയുടെ അഭിനയം ഒട്ടും നാച്ചുറല്‍ അല്ലാത്തതുപോലെ തോന്നിയെന്നും അഭിപ്രായങ്ങളുണ്ട്. സാദിയ എന്ന കഥാപാത്രത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കിയാലും കഥയ്ക്ക് ഒരു മാറ്റവും വരില്ലായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട്.

രണ്ടാം പകുതിയില്‍ നായകനും നായികയും വിളിക്കാത്ത കല്യാണത്തിന് പോയി ഡാന്‍സ് കളിക്കുന്നത് സത്യന്‍ അന്തിക്കാട് പടങ്ങളില്‍ ആവര്‍ത്തന വിരസത ഉണ്ടാക്കുന്ന പതിവ് മകനും തെറ്റിച്ചില്ലെന്നും ഒരു കമന്റുണ്ട്. സാദിയയുടെ പോര്‍ഷന്‍സ് മറ്റൊരു സിനിമയിലെ സീന്‍ കൂട്ടി ചേര്‍ത്ത പോലെ തോന്നിയെന്നും കമന്റുകള്‍ കാണാം.

എന്നാല്‍ ഡെലൂലു പോയി കഴിഞ്ഞാല്‍ പ്രഭേന്ദു ഡിപ്രഷനായി പോകാതിരിക്കിനാണ് ആ കഥാപാത്രത്തിനെ കൊണ്ട് വന്നതെന്നും

പ്രഭേന്ദു സാദിയയെ സ്‌നേഹിക്കുമ്പോഴാണ് ഡെലൂലുവിന് താന്‍ ഒരാളെ പ്രണയിച്ചുവെന്ന തിരിച്ചറിവുണ്ടാകുന്നതെന്നും അപ്പോഴാണ് പ്രഭേന്ദുവിനോട് ഡെലൂലിന് ഇഷ്ടം തോന്നുന്നതെന്നും അഭിപ്രായമുണ്ട്.

നായകന് ഒരു കൂട്ടുവേണമെന്നും അതിന് സാദിയ എന്ന കഥാപാത്രം
അനിവാര്യമാണെന്നും സാദിയ വന്നപ്പോഴാണ് പ്രേതത്തിന് പ്രഭേന്ദുവിനോടുള്ള പ്രണയം പ്രെജുഡിസ് കാരണം പ്രൊസീഡ് ആയി തുടങ്ങിയതെന്നും അഭിപ്രായങ്ങളുണ്ട്.

ചിത്രത്തില്‍ പ്രീതിയുടെ ഡാന്‍സും ‘ചിരിതൊട്ട്’ എന്ന ഗാനവും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിരന്നു. പാട്ടിന്റെ തിയേറ്ററര്‍ എക്‌സ്പീരിയന്‍ ഗംഭീരമായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു.

ബോക്‌സ് ഓഫീസില്‍ 150 കോടിയോളം കളക്ഷന്‍ നേടിയ സര്‍വ്വം മായ ഒരു ട്രെയ്‌ലര്‍ പോലും പുറത്തിറക്കാതെയാണ് തിയറ്ററുകളിലെത്തിയത്. സമീപ കാലത്ത് ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോയ നിവിന്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയായിരുന്നു സര്‍വ്വം മായ.

Content Highlight:  Social media says Preity Mukhundhan‘s character was not needed in Sarvam Maya

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more