| Monday, 22nd June 2026, 1:15 pm

സന്ദീപായിരുന്നെങ്കില്‍ കുറച്ചുകൂടെ ഹിറ്റായേനെ, അതിരടിയില്‍ വര്‍ക്കാകാത്ത ബേസിലിന്റെ സാംകുട്ടി

അമര്‍നാഥ് എം.

ദൃശ്യം 3യുടെ ഓളത്തിനിടയില്‍ രക്ഷപ്പെട്ടുപോയ സിനിമകളിലൊന്നാണ് അതിരടി. നടന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ തിളങ്ങിയ ബേസില്‍ ജോസഫ് ആദ്യമായി നിര്‍മിച്ച ചിത്രത്തില്‍ ടൊവിനോയും പ്രധാനവേഷത്തിലെത്തിയിരുന്നു. അനൗണ്‍സ്‌മെന്റ് മുതല്‍ റിലീസ് വരെ സിനിമയെ ലൈവാക്കി നിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു.

കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. സോണി ലിവിലൂടെയാണ് അതിരടി സ്ട്രീം ചെയ്യുന്നത്. തിയേറ്ററിലേത് പോലെ ഒ.ടി.ടിയിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് പേര്‍ തമ്മിലുള്ള ഈഗോ ക്ലാഷും കോളേജ് ഫെസ്റ്റുമൊക്കെയായി കളര്‍ഫുള്‍ മേക്കിങ്ങാണ് അതിരടിയില്‍. സാംകുട്ടി എന്ന കോളേജ് വിദ്യാര്‍ത്ഥിയായാണ് ബേസില്‍ വേഷമിടുന്നത്. തോട്ട കുട്ടന്‍ എന്ന ഗുണ്ടയായി വേഷമിടുന്നത് ടൊവിനോയാണ്.

ബേസില്‍ ജോസഫ് Photo: Saregama Malayalam

മുടങ്ങികിടക്കുന്ന കോളേജ് ഫെസ്റ്റ് നടത്താന്‍ ശ്രമിക്കുന്ന സാംകുട്ടിയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. തന്റെ ചേട്ടന്റെ മുഖത്ത് പഴയ ചിരി കൊണ്ടുവരാനാണ് സാം കോളേജ് ഫെസ്റ്റ് നടത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ബേസിലിനെ കോളേജ് വിദ്യാര്‍ത്ഥിയായി കാണാന്‍ സാധിക്കുന്നില്ലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഐ.ഐ.ടിയില്‍ ചേരാന്‍ വേണ്ടി രണ്ട് കൊല്ലം കളഞ്ഞതിന് ശേഷം എന്‍ജിനീയറിങ്ങിന് അഡ്മിഷനെടുക്കുന്നയാളാണ് സാംകുട്ടി.

36 വയസുള്ള ബേസില്‍ കോളേജ് വിദ്യാര്‍ത്ഥിയായി വേഷമിടുന്നത് സിനിമയില്‍ കല്ലുകടിയായി തോന്നുന്നെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ബേസിലിന് പകരം സന്ദീപ് പ്രദീപ് വേഷമിട്ടിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നായേനെയെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. പടക്കളത്തിലേത് പോലെ സന്ദീപിന് പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന വേഷമായിരുന്നു അതിരടിയിലെ സാംകുട്ടി.

സന്ദീപ് പ്രദീപ്. Photo: screen grab/ eko trailer

ടൊവിനോയ്‌ക്കൊപ്പം കട്ടക്ക് മുട്ടി നില്‍ക്കാന്‍ സന്ദീപിന് സാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഷെല്‍വിന്‍ ജെയിംസുമായുള്ള കെമിസ്ട്രിയിലും സന്ദീപിന് സ്‌കോര്‍ ചെയ്യാനുള്ള വകുപ്പ് ഉണ്ടാകുമെന്നും കമന്റുകളുണ്ട്. ഫൈനല്‍ ഇയറിന് ശേഷം ഫെസ്റ്റ് നടത്തുന്ന സീനിലെല്ലാം ബേസിലിന്റെ പ്രകടനം മികച്ചതായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

മലയാളത്തില്‍ യുവതാരങ്ങളുടെ വലിയ നിരയുണ്ടായിട്ടും 30ന് മുകളില്‍ പ്രായമുള്ള താരങ്ങളെ ചെറുപ്പക്കാരാക്കി അഭിനയിപ്പിക്കുന്നത് ശരിയല്ലെന്ന് അതിരടിയുടെ തിയേറ്റര്‍ റിലീസ് സമയത്ത് പലരും വിമര്‍ശനമുയര്‍ത്തിയിരുന്നു. പ്രൊമോഷന്‍ പരിപാടികളില്‍ കൃത്യമായി വര്‍ക്കായതുകൊണ്ടാണ് അതിരടി ഹിറ്റായതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlight: Social media saying Sandeep Pradeep was best option for Basil’s role in Athiradi

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more