| Monday, 10th November 2025, 6:21 pm

'അപ്പൊ ഇ.ഡി കേസ് തീരുമാനമായല്ലേ'; ശിഖര്‍ ധവാന്‍ ഹിന്ദു ഏക്താ പദയാത്രയില്‍ പങ്കെടുത്തതിനെതിരെ സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹിന്ദു ഏക്താ പദയാത്രയില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ. നവംബര്‍ ആറിന് ബെറ്റിങ് ആപ്പ് കേസില്‍ ശിഖര്‍ ധവാന്റെയും ക്രിക്കറ്റ് താരമായ സുരേഷ് റെയ്‌നയുടെയും 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.

ഇതിനുപിന്നാലെയാണ് ഹിന്ദു ഏക്താ പദയാത്രയില്‍ ശിഖര്‍ ധവാന്‍ പ്രത്യക്ഷപ്പെട്ടത്. നവംബര്‍ എട്ടിന് നടന്ന പരിപാടിയിലാണ് ധവാന്‍ പങ്കെടുത്തത്. ആത്മീയ നേതാവും വലതു അനുകൂലിയുമായ ബാബ ബാഗേശ്വറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പദയാത്രയിലേക്ക് ശിഖര്‍ ധവാന്‍ കാവിയണിഞ്ഞ് എത്തുകയായിരുന്നു.

ജയ്ശ്രീറാം വിളികളോടെ ശിഖര്‍ ധവാനെ സ്വീകരിക്കുന്ന ഒരു സംഘം ആളുകളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം ചര്‍ച്ചയതോടെ ശിഖര്‍ ധവാനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

പേടികൊണ്ടാണ് ശിഖര്‍ ധവാന്‍ പദയാത്രയില്‍ പങ്കെടുത്തതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഇതിനുപിന്നില്‍ ഇ.ഡി കേസില്‍ നിന്ന് ഏതുവിധേനയും രക്ഷപ്പെടുക എന്ന ലക്ഷ്യമാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

ശിഖര്‍ ധവാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭീഷണികള്‍ക്ക് വഴങ്ങിയെന്നാണ് ചിലരുടെ പ്രതികരണം. ‘ഒരു ഹിന്ദു രാഷ്ട്രത്തിനായി നാമെല്ലാവരും ഒന്നിക്കണമെന്നാണ് ശിഖര്‍ ധവാന്‍ ആവശ്യപ്പെടുന്നത്. മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനുമൊപ്പം മൈതാനത്തിറങ്ങിയ ധവാനാണ് ഹിന്ദു പദയാത്രയില്‍ എത്തിയിരിക്കുന്നത്,’ എന്നാല്‍ ഒരാള്‍ പ്രതികരിച്ചത്.

ഹിന്ദു മതത്തെ മോദി സര്‍ക്കാര്‍ കുറ്റവാളികള്‍ക്കും വേട്ടക്കാര്‍ക്കും തട്ടിപ്പുകാര്‍ക്കും വേണ്ടിയുള്ള ഒരു വാഷിങ് മെഷീനാക്കി മാറ്റിയെന്നാണ് മറ്റൊരാളുടെ പ്രതികരണം.

ഇന്ത്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ക്കെതിരായ നടപടികളുടെ ഭാഗമായാണ് ശിഖര്‍ ധവാന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടിയത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ധവാന് ഇ.ഡി സമന്‍സ് അയച്ചിരുന്നു. ബെറ്റിങ് ആപ്പായ 1xBet-മായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സമന്‍സ്.

Content Highlight: Social media reacts to Shikhar Dhawan’s participation in Hindu Ekta Padayatra

We use cookies to give you the best possible experience. Learn more