| Tuesday, 21st July 2026, 4:36 pm

പൃഥ്വിയും ദുല്‍ഖറും എന്തേ മിണ്ടാത്തത്? ടൊവിനോയും വിസ്മയയും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചോദ്യം

അമര്‍നാഥ് എം.

ദല്‍ഹിയില്‍ സി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ മാര്‍ച്ചിനെ കേന്ദ്ര സേനയും ദല്‍ഹി പൊലീസും ചേര്‍ന്ന് അടിച്ചമര്‍ത്തി. സമരക്കാര്‍ക്കെതിരെ കണ്ണീര്‍വാതക പ്രയോഗവും ലാത്തി ചാര്‍ജും നടത്തിയ കേന്ദ്ര സേനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം പുകയുകയാണ്.

രാജ്യത്തുടനീളമുള്ള യുവാക്കള്‍ സമരത്തെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്തും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ- സാംസ്‌കാരിക രംഗത്തെ പലരും ഇതിനോടകം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്. രാജ്യം മുഴുവന്‍ ഈ സമരം ചര്‍ച്ചയാകുമ്പോഴും മലയാളികള്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയാകാതെ പോവുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

മലയാളസിനിമയിലെ പല താരങ്ങളും സമരത്തിന് നേരെ മുഖം തിരിക്കുകയാണെന്ന് പലരും ആരോപിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ, നടന്‍ ടൊവിനോ തോമസ്, രഞ്ജിനി ഹരിദാസ് എന്നിവര്‍ മാത്രമാണ് ഇതുവരെ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഇങ്ങനെയൊരു സമരം നടക്കുന്നുണ്ടെന്ന് പോലും അറിയാത്ത ചില നടന്മാരെ വിമര്‍ശിക്കുകയാണ് മലയാളത്തിലെ ചില സിനിമാപേജുകള്‍.

പൃഥ്വിരാജ്, ദുല്‍ഖര്‍ എന്നിവരെയാണ് പലരും പ്രധാനമായി വിമര്‍ശിക്കുന്നത്. രാജ്യത്തെ യുവാക്കളുടെ ഭാവി അവതാളത്തിലാക്കുന്ന ഇത്രയും വലിയ പ്രശ്‌നം നടക്കുമ്പോള്‍ ഇവര്‍ അതിനെപ്പറ്റി ഒരുവാക്ക് പോലും മിണ്ടുന്നില്ലെന്നാണ് വിമര്‍ശനം. സീനിയര്‍ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ചിലര്‍ ഇതിനിടയില്‍ പരിഹസിക്കുന്നുമുണ്ട്.

വേള്‍ഡ് കപ്പ് കാണാനും അതിന്റെ വീഡിയോ എടുത്തിടാനും മാത്രമേ ചിലര്‍ക്ക് സമയമുള്ളൂ എന്ന് മോഹന്‍ലാലിനെ ഉദ്ദേശിച്ച് പറഞ്ഞപ്പോള്‍ അങ്ങും ഇങ്ങും തൊടാതെ പോസ്റ്റ് ഇടുന്ന പതിവ് പോലും ഇത്തവണ ഇല്ലേ എന്ന് മമ്മൂട്ടിയെയും പരിഹസിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പേടിയാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

‘ഒരു ജനാധിപത്യ രാജ്യത്ത് സ്വന്തം പൗരന്മാരോട് ഇങ്ങനെയാണോ പെരുമാറുന്നത്’ എന്നാണ് വിസ്മയ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചത്. ‘രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോള്‍ അവരുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ അവിടെ അടിച്ചമര്‍ത്തപ്പെടുന്നത് രാജ്യത്തിന്റെ ഭാവിയാണ്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് അവിടെ നഷ്ടപ്പെടുന്നത്’ എന്നാണ് ടൊവിനോ പങ്കുവെച്ച പോസ്റ്റിലുള്ളത്.

Content Highlight: Social Media questioning Mollywood actors for not responding in CJP protest

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more